ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ ജൂലൈ 3-നാണ് റോബിന്റെ അമ്മ ബീന രാധാകൃഷ്ണന്റെ അന്ത്യം. കാന്‍സറായിരുന്നു.
ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ റോബിന്‍ പങ്കുവെച്ച വൈകാരിക കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ' വിവാഹവാര്‍ഷിക ആശംസകള്‍ അച്ഛാ, അമ്മ. നിങ്ങളുടെ പുഞ്ചിരിയും ചിരികളും കൂട്ടുകെട്ടും കൊണ്ട് നിറയേണ്ട ദിവസമായിരുന്നു ഇന്ന്. എന്നാല്‍ ഈ വര്‍ഷം അമ്മ നമ്മളോടൊപ്പമില്ല, അമ്മയുടെ ഈ അഭാവം ഇന്നത്തെ ദിവസത്തെ ഏറെ വേദനാജനകമാക്കുന്നു.
അമ്മ നമ്മളെ വിട്ടുപിരിഞ്ഞിരിക്കാം, പക്ഷേ നിങ്ങള്‍ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ആ സ്നേഹം ഒരിക്കലും ഞങ്ങളില്‍ നിന്ന് മാഞ്ഞുപോകില്ല. അമ്മയുടെ ഓര്‍മ്മകളും പുഞ്ചിരിയും ശബ്ദവും നമ്മള്‍ ഒന്നിച്ച് പങ്കുവെച്ച കൊച്ചുകൊച്ചു നിമിഷങ്ങളും എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും.
അച്ഛാ, ഇന്ന് അച്ഛന് എത്രമാത്രം വിഷമമുള്ള ദിവസമായിരിക്കുമെന്ന് എനിക്കറിയാം. അമ്മ അച്ഛന്റെ ഭാര്യ മാത്രമായിരുന്നില്ല; ഇത്രയും വര്‍ഷങ്ങള്‍ അച്ഛന്റെ കൂട്ടുകാരിയും കരുത്തും ജീവിതത്തിലെ മനോഹരമായ ഭാഗവുമായിരുന്നു.
നിങ്ങള്‍ രണ്ടുപേര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍. അമ്മ ഇപ്പോള്‍ എവിടെയാണെങ്കിലും, ഞങ്ങള്‍ അമ്മയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ഓരോ ദിവസവും എത്രമാത്രം ഓര്‍ക്കുന്നുണ്ടെന്നും അമ്മ അറിയുന്നുണ്ടാകും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അമ്മയെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. വീണ്ടും കണ്ടുമുട്ടുന്നത് വരെ... അമ്മ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. നിങ്ങളെ രണ്ടുപേരെയും ഒരുപാട് സ്നേഹിക്കുന്നു', എന്നാണ് റോബിന്‍ കുറിച്ചത്. അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോയും റോബിന്‍ പങ്കുവെച്ചിട്ടുണ്ട്.