സോഷ്യല്‍ മീഡിയയില്‍ തമിഴ് സമൂഹത്തിനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. തനിക്ക് ലഭിച്ച ഒരു ഇമെയില്‍ മുന്‍നിര്‍ത്തി പങ്കുവെച്ച വീഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തിനെതിരെ അവര്‍ രംഗത്തെത്തിയത്. വിഷയം പരസ്യമായി ചൂണ്ടിക്കാണിച്ച ഭാഗ്യലക്ഷ്മി, തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.
ഓഗസ്റ്റ് 27-ന് അബിനേഷ് എന്നയാള്‍ നടന്‍ ലാലു അലക്‌സ്, 'അമ്മ' സംഘടന, ഭാഗ്യലക്ഷ്മി എന്നിവര്‍ക്ക് അയച്ച ഇമെയിലിനെക്കുറിച്ചാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. 'ഫാന്റം' സിനിമയിലെ ലാലു അലക്‌സിന്റെ കഥാപാത്രം പറയുന്ന 'പാണ്ടി കരിമ്പാറ' എന്ന ഡയലോഗ് തമിഴ് വംശജരെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് മെയിലില്‍ ചൂണ്ടിക്കാണിക്കുന്നത്. നടന്‍ ജയറാമിന്റെ ഒരു അഭിമുഖത്തിന് താഴെ വന്ന അങ്ങേയറ്റം മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കാരന്‍ ഇതിനോടൊപ്പം അയച്ചിട്ടുണ്ടെന്നും, അത്തരം ഭാഷ പുറത്തുകാണിക്കാന്‍ പോലും കൊള്ളില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഉയര്‍ന്ന സാംസ്‌കാരിക ബോധമുളളവരാണ് നമ്മള്‍ മലയാളികള്‍ എന്ന് നാം എപ്പോഴും അഹങ്കരിക്കാറുണ്ടെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നമ്മുടെ ആ സംസ്‌കാരം വലിയ തോതില്‍ താഴേക്ക് പതിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
' ആരോടോ ഉളള ദേഷ്യം കൊണ്ട്... തമിഴ് സമൂഹത്തെ അപമാനിക്കാതിരിക്കു. അഭിപ്രായം പറയുക എന്നാല്‍ തെറി വിളിക്കുക എന്ന് കരുതുന്ന ചില മനുഷ്യരുണ്ട് സോഷ്യല്‍ മീഡിയയില്‍.. അവര്‍ കാരണം ചീത്തപ്പേര് മലയാളി സമൂഹത്തിനും.. തമിഴ് ജനതയോട് മാപ്പ്..,' എന്ന കുറിപ്പോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:
എനിക്കൊരു ഇമെയില്‍ ലഭിക്കുകയുണ്ടായി. ഓഗസ്റ്റ് 27-നാണ് ആ മെയില്‍ വന്നതെങ്കിലും ഇന്നലെയാണ് ഞാന്‍ അത് ശ്രദ്ധിക്കുന്നത്.അത് നമ്മുടെ നടന്‍ ലാലു അലക്‌സിനുള്ള ഒരു മെയിലാണ്. അബിനേഷ് എന്നയാളാണ് അത് അയച്ചിരിക്കുന്നത്. അബിനേഷ് ആ മെയില്‍ ലാലു അലക്‌സിനും 'അമ്മ' സംഘടനയ്ക്കും എനിക്കുമാണ് ഫോര്‍വേഡ് ചെയ്തിരിക്കുന്നത്.
സിനിമയിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട് തനിക്കുള്ള ശക്തമായ ആശങ്കയും പ്രതിഷേധവും അറിയിക്കാനാണ് അദ്ദേഹം മെയില്‍ അയച്ചിരിക്കുന്നത്. 'പാണ്ടി കരിമ്പാറ' എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ചില മലയാളി പ്രേക്ഷകര്‍ തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കാനും ലക്ഷ്യമിടാനും ഉപയോഗിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ കുറച്ചുകൂടി കാര്യങ്ങളുണ്ട്.
തമിഴ് എന്ന വാക്കോ തമിഴുമായ ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളോ കേള്‍ക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ അവരെ വളരെ മോശമായ രീതിയിലാണ് അഭിസംബോധന ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ സങ്കടം. ഇതിനോടൊപ്പം ചില സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം അയച്ചിട്ടുണ്ട്. പലരും ഇട്ടിരിക്കുന്ന കമന്റുകള്‍ വായിക്കാന്‍ പോലും കഴിയാത്തത്ര മോശമാണ്. നടന്‍ ജയറാമിന്റെ ഒരു അഭിമുഖത്തിന് താഴെ വന്ന കമന്റുകളാണ് ഇവയെന്നാണ് അദ്ദേഹം പറയുന്നത്. ആ സ്‌ക്രീന്‍ഷോട്ടുകള്‍ എനിക്ക് ഇവിടെ കാണിക്കാന്‍ പോലും കഴിയില്ല, അത്രയധികം മോശം ഭാഷയാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. അയച്ചയാള്‍ തന്നെ ചില വാക്കുകള്‍ ഡാഷുകള്‍ ഇട്ടാണ് സെന്‍സര്‍ ചെയ്തിരിക്കുന്നത്.
യഥാര്‍ഥത്തില്‍ ഇത് വളരെ മോശമായ ഒരു കാര്യമല്ലേ? ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ളവരാണ് നമ്മള്‍ മലയാളികള്‍ എന്ന് നമ്മള്‍ എപ്പോഴും അഹങ്കരിക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നമ്മുടെ ആ സംസ്‌കാരം വലിയ തോതില്‍ താഴേക്ക് പതിക്കുകയാണെന്നാണ് ഏവരും നിരീക്ഷിക്കുന്നത്. അവര്‍ നമ്മുടെ അയല്‍സംസ്ഥാനമല്ലേ? മലയാളി സമൂഹത്തോട് അവര്‍ക്ക് എപ്പോഴും വലിയ ബഹുമാനമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കുറച്ചുപേര്‍ കാരണം ആ ബഹുമാനമാണ് നമുക്ക് നഷ്ടപ്പെടുന്നത്. അദ്ദേഹം എന്തിനാണ് ഈ മെയില്‍ എനിക്ക് അയച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ 'അമ്മ' സംഘടനയിലെ ഒരു അംഗമാണെന്ന് അദ്ദേഹം കരുതിയതാണോ എന്നും അറിയില്ല. എനിക്ക് അദ്ദേഹത്തിന് മറുപടി അയക്കാനും കഴിയില്ല, കാരണം അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു മറുപടി നല്‍കാന്‍ എനിക്ക് സാധിച്ചില്ല.
അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി ഞാന്‍ ഇത് നമ്മുടെ സമൂഹത്തോട്, മലയാളി സമൂഹത്തോട് സംസാരിക്കാം എന്ന് കരുതി. നമ്മള്‍ എന്തിനാണ് ഇങ്ങനെയുള്ള ഭാഷ ഉപയോഗിക്കുന്നത്? അവര്‍ എന്ത് തെറ്റാണ് ചെയ്തത്? ലാലു അലക്‌സിന്റെ കാര്യം എടുത്താല്‍, സിനിമയില്‍ തനിക്ക് നല്‍കിയ ഡയലോഗുകള്‍ പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ട് സിനിമാ എഴുത്തുകാരും അഭിനേതാക്കളും ഉള്‍പ്പെടെ എല്ലാവരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. അതോടൊപ്പം തന്നെ, സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ഇടുന്ന നമ്മളും ഈ വിഷയത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്ന് കരുതിയായിരിക്കും അദ്ദേഹം എനിക്ക് മെയില്‍ അയച്ചത്, അതുകൊണ്ടാണ് ഞാന്‍ ഇത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.