ഒടുവില്‍ പുറത്തിറങ്ങിയ തന്റെ ചിത്രം 'ഐ ആം ഗെയിം' ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്ത ചര്‍ച്ചകളില്‍ പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ പ്രകടനത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍ അത് തന്നെ മാത്രമാണെന്ന് ദുല്‍ഖര്‍ എക്സില്‍ മറുപടി നല്‍കി.വിശകലനം തെറ്റാണെന്ന് പറയുന്നില്ലെന്നും കൃത്യമായി എല്ലാം അറിയാമെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.
പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന്റെ ആശംസയ്ക്കായി നാലുവര്‍ഷമായി പരിശ്രമിക്കുന്ന ആരാധകന് താരം മറുപടി നല്‍കിയിരുന്നു. ഇതിന് താഴെയാണ് മറ്റൊരു ആരാധകന്‍ ഐ ആം ഗെയി'മിന്റെ പ്രകടനത്തില്‍ ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ ഫിലിംസിനെ കുറ്റപ്പെടുത്തിയത്. 'നിങ്ങളുടെ കരിയര്‍ തന്നെ വേഫെറര്‍ നശിപ്പിച്ചു',
എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തതിലെ പോരായ്മകളെക്കുറിച്ച് ആരാധകന്‍ ഓര്‍മിപ്പിച്ചത്. ഇതിനാണ് ദുല്‍ഖര്‍ ദീര്‍ഘമായ മറുപടി നല്‍കിയത്.
'നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അത് ഭൂരിഭാഗം ശരിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും വിശ്വസിക്കുക. എന്നാല്‍, ഞങ്ങളുടെ ഭാഗത്തുനിന്ന് എല്ലാം ശരിയായി ചെയ്താലും, പുറത്തുനിന്നുള്ള ഘടകങ്ങളോ മറ്റ് സാഹചര്യങ്ങളോ കാരണം പ്രതീക്ഷിച്ചതിന് വിപരീതമായി നടക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഒരു സിനിമയുടെ അന്തിമഫലത്തെക്കുറിച്ച് വിശകലനം ചെയ്യുന്നത് എളുപ്പമാണ്. എന്നാല്‍ ഒരു സിനിമ നിര്‍മിക്കാന്‍ ഇരുന്നൂറോ മുന്നൂറോ ആളുകള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതൊരിക്കലും എളുപ്പമുള്ള കാര്യമല്ല'.
'എന്തെങ്കിലും ഫോര്‍മുലയോ അക്കാദമിക് രീതികളോ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്ന കാര്യവുമല്ല. ലോക സിനിമയില്‍ ഒരു നിര്‍മാണ കമ്പനിയോ നടനോ മനപൂര്‍വം തെറ്റുകള്‍ വരുത്താനോ മോശം സിനിമയുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ ആഗ്രഹിച്ചതുപോലെയാണോ സംഭവിച്ചിട്ടുള്ളത്? അപ്പോള്‍, നമ്മുടെ ടീമും ഒപ്പം ഒട്ടനവധി പുറത്ത് നിന്നുള്ള ടീമുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. ഞാന്‍ എപ്പോഴും എന്റെ ടീമിനൊപ്പം നിലകൊള്ളും. ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താം', ദുല്‍ഖര്‍ കുറിച്ചു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഐ ആം ഗെയിം. ആന്റണി വര്‍ഗീസ്, കയാദു ലോഹര്‍, സംയുക്ത വിശ്വനാഥന്‍, മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.