ഹോളിവുഡിലെ വമ്പന് വിവാഹമോചനങ്ങള്ക്ക് പിന്നാലെ പുതിയ പ്രണയവാര്ത്തകളില് നിറഞ്ഞ് പ്രമുഖ അമേരിക്കന് പോപ്പ് ഗായിക ജെന്നിഫര് ലോപ്പസും ഓസ്ട്രേലിയന്-അമേരിക്കന് കണ്ട്രി ഗായകന് കീത്ത് അര്ബനും. വേര്പിരിയലുകള്ക്ക് ശേഷം ഇരുവരും നിരന്തരം സമ്പര്ക്കം പുലര്ത്തുന്നുണ്ടെന്നും രഹസ്യമായി കൂടിക്കാഴ്ചകള് നടത്തുന്നുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
2014-ല് പ്രശസ്തമായ 'അമേരിക്കന് ഐഡല്' റിയാലിറ്റി ഷോയുടെ 13-ാം സീസണില് ഒന്നിച്ച് വിധികര്ത്താക്കളായി പ്രവര്ത്തിച്ച പരിചയം ഇരുവര്ക്കുമുണ്ട്. ഹാരി കോണിക്ക് ജൂനിയറിനൊപ്പമാണ് അന്ന് ഇരുവരും വിധികര്ത്താക്കളുടെ പാനലില് എത്തിയത്. അന്നുതുടങ്ങിയ സൗഹൃദമാണ് ഇപ്പോള് പ്രണയത്തിലേക്ക് വഴിമാറുന്നതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. എന്നാല് പ്രണയവാര്ത്തകളോട് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
താരങ്ങളുടെ മുന്കാല ബന്ധങ്ങളും വലിയ രീതിയില് മാധ്യമശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് താരം ബെന് അഫ്ലെക്കുമായുള്ള വേര്പിരിയലായിരുന്നു ജെന്നിഫര് ലോപ്പസിന്റെ സമീപകാലത്തെ പ്രധാന വാര്ത്ത. 2002-ല് വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും 2004-ല് വേര്പിരിഞ്ഞെങ്കിലും രണ്ടു പതിറ്റാണ്ടുകള്ക്ക് ശേഷം 2022-ല് വിവാഹിതരാവുകയായിരുന്നു. എന്നാല് 2024 ഓഗസ്റ്റില് ജെന്നിഫര് ലോപ്പസ് ബെന് അഫ്ലെക്കില് നിന്നും വിവാഹമോചനം നേടി. നേരത്തെ ഓജാനി നോവ, ക്രിസ് ജഡ്, മാര്ക്ക് ആന്റണി എന്നിവരുമായും ജെന്നിഫറിന്റെ വിവാഹം നടന്നിരുന്നു.
ഹോളിവുഡ് സൂപ്പര് നടി നിക്കോള് കിഡ്മാനുമായി 19 വര്ഷം നീണ്ട ദാമ്പത്യബന്ധത്തിന് ഒടുവിലാണ് കീത്ത് അര്ബന് വേര്പിരിയുന്നത്. 2006-ല് വിവാഹിതരായ ഇരുവരും 2025 സെപ്റ്റംബറിലാണ് വേര്പിരിയല് പ്രഖ്യാപിച്ചത്. 2026 ജനുവരിയില് ഇവരുടെ വിവാഹമോചന നടപടികള് പൂര്ത്തിയായി. സണ്ഡേ റോസ്, ഫെയ്ത്ത് മാര്ഗരറ്റ് എന്നീ രണ്ടു പെണ്മക്കളാണ് ഈ ബന്ധത്തിലുള്ളത്