ഒരാള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് സാധാരണയായി അവരുടെ മനസ്സില്‍ വലിയൊരു ഭാരമായി തോന്നുന്ന സമയത്താണ്. ജീവിതത്തില്‍ കിട്ടേണ്ടിയിരുന്ന സന്തോഷം, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ എല്ലാം നഷ്ടമായതായി തോന്നുമ്പോള്‍ അവരുടെ മനസ്സ് ഇരുട്ടിലാകുന്നു. ഇനി മുന്നോട്ട് പോകാന്‍ വഴിയില്ല, പിടിച്ച് നില്‍ക്കാന്‍ ശക്തിയില്ല, ആരും സഹായിക്കാനോ രക്ഷിക്കാനോ വരില്ല എന്ന് കരുതുന്ന അവസ്ഥയിലായിരിക്കും. ജീവിതത്തിലെ കഷ്ടപ്പാടുകള്‍, നിരാശകള്‍, പരാജയങ്ങള്‍ എല്ലാം ഒരുമിച്ച് മനസ്സില്‍ അടിഞ്ഞുകൂടുമ്പോള്‍, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം മരണമാണ് എന്ന് തെറ്റായി വിശ്വസിക്കാന്‍ തുടങ്ങും. ആ സമയത്ത് അവന്റെ ചിന്തകള്‍ എല്ലാം മങ്ങിയതായി തോന്നും, നനല്ലത് ഏതാ ശരി ഏതാ എന്ന് തിരിച്ചറിയാനാവാതെ പോകും. അങ്ങനെ സഹിക്കാനാകാത്ത വേദനയില്‍ നിന്നാണ് ആത്മഹത്യകള്‍ ഉണ്ടാകുന്നത്. ഈ ചിന്തകളിലൂടെയാകാം ശ്രീജയും അപ്പോള്‍ ചിന്തിച്ചിരുന്നത്. അതുകൊണ്ടാകാം എല്ലാത്തില്‍ നിന്നും രക്ഷക്കായി ആത്മഹത്യ ചെയ്തത്.
കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമായിരുന്ന കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാല്‍ വീട്ടിലെ എസ്. ശ്രീജ, ജീവിതത്തില്‍ വളരെ വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധങ്ങളും യോഗങ്ങളും നടത്തി. അതിനു പുറമെ ശ്രീജയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകളും നാട്ടിലുടനീളം പതിച്ചു. ഇതൊക്കെ കണ്ടും കേട്ടും ശ്രീജ വളരെ വേദനിക്കുകയും മാനസികമായി തളര്‍ന്നുപോകുകയും ചെയ്തു. ശ്രീജയ്ക്ക് ഏകദേശം 20 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ആ പണം പാവപ്പെട്ടവരുടെ കൈയില്‍ നിന്ന് തട്ടിയെടുത്തതാണ് എന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി പറഞ്ഞുതുടങ്ങി. ഇതുമൂലം ശ്രീജക്ക് നാട്ടില്‍ ഇറങ്ങാനും ആളുകള്‍ക്ക് മുന്നില്‍ പോകാനും പോലും കഴിയാത്ത അവസ്ഥയായി. ജനങ്ങള്‍ തന്നെ വിശ്വസിക്കുന്നില്ല, എല്ലാവരും വിരോധത്തോടെ കാണുന്നു എന്ന തോന്നലില്‍ അവള്‍ ഒറ്റപ്പെടുകയായിരുന്നു.
എന്തായാലും ''ഒന്നും സംഭവിക്കില്ല, കാര്യങ്ങള്‍ എല്ലാം ശരിയാകും'' എന്ന് പറഞ്ഞ് കുടുംബവും അടുത്തവരും ഭര്‍ത്താവും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, മനസ്സില്‍ ഉണ്ടായ വേദനയും ഭയവും ശ്രീജയെ വിട്ടുമാറിയില്ല. തിങ്കളാഴ്ച രാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെ ശ്രീജ ഉറങ്ങാതെ കരഞ്ഞുകൊണ്ടിരുന്നു. മനസ്സിന്റെ ഭാരവും അപമാനത്തിന്റെ വേദനയും സഹിക്കാനാവാതെ പോയ ശ്രീജ, ഒടുവില്‍ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് ജീവന്‍ അവസാനിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പക്കല്‍ നിന്നാണ് ശ്രീജ പണം കടം വാങ്ങിയത്. സിപിഎമ്മുകാര്‍ക്ക് പണം കൊടുക്കാനില്ല. പഞ്ചായത്തില്‍ നിന്നു പൈസ എടുത്തിട്ടില്ല. എന്നിട്ടും മോശമായ രീതിയിലാണ് സിപിഎം സംസാരിച്ചത്. നാടു മുഴുവന്‍ പോസ്റ്ററൊട്ടിച്ചു.'' ഭര്‍ത്താവ് ജയകുമാര്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു. 2 മാസം മുന്‍പ് അമിതമായി ഗുളിക കഴിച്ചതിന് ശ്രീജ ഒരാഴ്ച മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം ഭര്‍ത്താവിന്റെ കൊക്കോട്ടേല കാര്യോട്ടുള്ള കുടുംബ വീട്ടിലായിരുന്നു താമസം.
ഏതാനും നാളുകളായി സിപിഎം അവരെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയുടെ പേരില്‍ സിപിഎം അവരെ വേട്ടയാടി. പണം കടം നല്‍കിയവര്‍ക്ക് ഈ മാസം 30 ന് അകം തിരികെക്കൊടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. പണം വാങ്ങി പ്രശ്‌നം അവസാനിപ്പിക്കാന്‍ അവര്‍ തയാറുമായിരുന്നു. അതിനിടെയാണ് പ്രശ്‌നം വഷളാക്കാന്‍ സിപിഎം ലക്ഷ്യമിട്ടത്. ആര്യനാട് പഞ്ചായത്തിലുള്‍പ്പെട്ട പൊട്ടന്‍ചിറ വാര്‍ഡിലെ കുടുംബശ്രീയില്‍ അംഗങ്ങള്‍ അറിയാതെ മുന്‍ സെക്രട്ടറി ലിങ്കേജ് വായ്പയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍പ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ശ്രീജയുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് സിപിഎം അവരെ ഉന്നമിട്ടതെന്നാണു കോണ്‍ഗ്രസ് പറയുന്നത്.