മലയാളത്തില്‍ നിന്ന് മറ്റൊരു വെബ് സീരീസ് കൂടി ഒരുങ്ങുകയാണ്. 'കസബ', 'കാവല്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കറിന്റെ 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' എന്ന വെബ് സീരീസ് ആണ് ഒരുങ്ങുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യാന്‍ തയാറെടുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ റോളിലെത്തുന്ന സീരീസില്‍ ശ്വേത മേനോന്‍, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ബഹുഭാര്യത്വ ബന്ധം പുലര്‍ത്തുന്നയാളുടെ വേഷമാണ് സുരാജ് കൈകാര്യം ചെയ്യുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. '1 ജീവിതം 5 ഭാര്യമാര്‍' (1 life, 5 wives) എന്നാണ് വെബ് സീരീസിന്റെ ടാഗ് ലൈന്‍.
ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കാം 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'. സീരീസിന്റെ റിലീസ് തീയതി ഡിസ്‌നിയുടെ ഔദ്യോഗിക പേജിലൂടെ ഉടന്‍ അറിയിക്കുന്നതാണ്. വലിയ സ്വപ്നങ്ങള്‍, നിറയെ ചിരി. 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്'വരുന്നു എന്നാണ് ഡിസ്‌നി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.