മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയാണ് യമുന റാണി. ഇപ്പോള്‍ തന്റെ കുടുംബത്തിനുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളെയും വ്യക്തിപരമായ അതിജീവനങ്ങളെയും കുറിച്ച് തുറന്നു സംസാരിച്ചതാണ് ശ്രദ്ധേയമാകുന്നത്. സിനിമകളില്‍ സജീവമായിരുന്ന കാലത്തും അതിനുശേഷവും താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തന്നെ ചതിക്കാന്‍ കാത്തിരുന്നവരെക്കുറിച്ചും അവര്‍ വേദനയോടെ ഓര്‍ക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതിനെക്കുറിച്ചാണ് യമുന റാണി വിവരിക്കുന്നത്.
ഞങ്ങള്‍ രണ്ടുപെണ്‍കുട്ടികള്‍ ആണ്. ഞങ്ങളെ ഡാഡി നല്ല രീതിയില്‍ നോക്കിയിരുന്നതാണ്. അതിനിടെയാണ് വലിയൊരു പ്രതിസന്ധി ഡാഡിക്ക് ഉണ്ടാകുന്നത്. നിങ്ങളെ റോഡില്‍ കൊണ്ട് നിര്‍ത്താന്‍ ആകില്ല എന്ന് ഡാഡി പറഞ്ഞു, കാരണം സെന്‍ട്രല്‍ ഗവണ്മെന്റ് ജോലിക്കാരന്‍ ആയിരുന്നു അദ്ദേഹം. പെട്ടെന്ന് ആണ് ഒരു തകര്‍ച്ച ഉണ്ടാകുന്നത്. ഇത്രയും നല്ല രീതിയില്‍ ജീവിച്ചിട്ട് അതിനപ്പുറം ഒരു ജീവിതം ഡാഡിക്ക് സങ്കല്‍പ്പിക്കാന്‍ പോലും വയ്യ. അങ്ങനെയാണ് മരിക്കാം എന്ന് തീരുമാനിക്കുന്നത്. നമ്മള്‍ക്ക് ആത്മഹത്യ ചെയ്യാം എന്ന് ഡാഡി തന്നെ ഞങ്ങളോട് പറഞ്ഞു. ഡാഡിക്ക് ഒരു സാമ്പത്തിക ബാധ്യത ഉണ്ടായപ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതാണ്. ഞാനന്ന് പത്താം ക്ലാസിലായിരുന്നു. അന്നു മുതല്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു തുടങ്ങിയിരുന്നു. അന്‍പതു രൂപ എഴുപത് രൂപ അല്ലെങ്കില്‍ നൂറു രൂപ ഒക്കെയാണ് അന്ന് കിട്ടുന്നത്. അതിന്റെ ഒപ്പംടൈപ്പിങ്ങും പഠിച്ചു. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആയി. ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ എത്തുമെന്ന് സ്വപ്നം കണ്ടതല്ല.
ഇപ്പോള്‍ എന്റെ മക്കളും എന്റെ ഉത്തരവാദിത്വം ആണ്. പക്ഷേ എല്ലാം ചെയ്തിട്ടും ചുറ്റുമുള്ളവരില്‍ നിന്നും ഞാന്‍ കേട്ട ഒരു വാക്കുണ്ട്, ഇതൊക്കെ നിന്റെ കടമ അല്ലേ എന്ന്. എന്റെ മരണം ആഘോഷിക്കാനിരുന്ന ആളുകള്‍ വരെയുണ്ട്. നമുക്കെന്നു പറഞ്ഞ് ഒരു തുക എപ്പോഴും മാറ്റിവെക്കണം. എനിക്കതിന് പറ്റിയിട്ടില്ല. എന്റെ മക്കളോടും ഞാന്‍ പറയുന്ന കാര്യമാണത്. ഇന്ന് കൂടെ നില്‍ക്കുന്നവരെല്ലാം എന്നും ഉണ്ടാകണം എന്നില്ല. സ്വന്തം പേരില്‍ ഒരു വീടു വേണം എന്നാണ് ഇപ്പോളത്തെ ഏറ്റവും വലിയ ആഗ്രഹം'', എന്നാണ് അഭിമുഖത്തില്‍ യമുനാ റാണി പറഞ്ഞത്.
അഭിനേത്രി എന്ന നിലയില്‍ തിളങ്ങിയിരുന്നപ്പോഴും വ്യക്തിജീവിതത്തില്‍ പലവിധ പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി അവര്‍ സൂചിപ്പിച്ചു. 'എന്റെ മരണം ആഘോഷിക്കാന്‍ കാത്തിരുന്നവര്‍ വരെ എന്റെ ചുറ്റുമുണ്ടായിരുന്നു,' യമുന റാണി പറയുന്നു.