പച്ചപ്പിനു നടുവിലെ തൂവെള്ള കൊട്ടാരം;ഏകമകള്‍ക്ക് വേണ്ടി ചാലക്കുടിയില്‍ പണിതത് അത്യാഢംബര ഗൃഹം; ആറ് മാസം മുമ്പ് നടന്‍ ദേവന്‍ താമസമാക്കിയ വീടിന്റെ വിശേഷങ്ങളുമായി തമിഴ് ചാനല്‍

Malayalilife
പച്ചപ്പിനു നടുവിലെ തൂവെള്ള കൊട്ടാരം;ഏകമകള്‍ക്ക് വേണ്ടി ചാലക്കുടിയില്‍ പണിതത് അത്യാഢംബര ഗൃഹം; ആറ് മാസം മുമ്പ് നടന്‍ ദേവന്‍ താമസമാക്കിയ വീടിന്റെ വിശേഷങ്ങളുമായി തമിഴ് ചാനല്‍

തൃശൂരുകാരനായ നടന്‍ ദേവന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം സുന്ദര വില്ലനായി തിളങ്ങുന്ന താരമാണ്. കൂടാതെ, മലയാളം സീരിയലുകളിലും അദ്ദേഹം സജീവമാണ്. ഇപ്പോഴിതാ, അദ്ദേഹം പണികഴിപ്പിച്ച പുത്തന്‍ വീടിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആറു മാസം മുമ്പാണ് അദ്ദേഹം തൃശൂര്‍ ചാലക്കുടിയില്‍ പുതിയ വീട് വച്ച് താമസമാക്കിയത്. നേരത്തെ ഇവിടെ സ്ഥലമുണ്ടായിരുന്നു. തുടര്‍ന്ന് വീട് വെക്കുകയായിരുന്നു. പ്രകൃതി മനോഹരമായ നിരപ്പായ സ്ഥലത്ത് മനോഹരമായ പൂന്തോട്ടമൊരുക്കിയാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തൂവെള്ള കൊട്ടാരം പോലെ പച്ചപ്പിനു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ വീട് ആരാധകരുടെ എല്ലാം മനസു കീഴടക്കുന്ന വലിയ വീട് കൂടിയാണ്. ദേവനും ഏകമകള്‍ ലക്ഷ്മി ചൈതന്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. തമിഴ് ചാനലായ ബിഹൈന്‍വുഡ്‌സ് ആണ് നടന്റെ വീടിന്റെ വിശേഷങ്ങള്‍ പുറത്ത വിട്ടത്.

2019ലാണ് ദേവന്റെ ഭാര്യ സുമ മരിക്കുന്നത്. അതിനു ശേഷമാണ് വീടിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതും ആറു മാസം മുമ്പ് ഇവിടെ താമസമാക്കുന്നതും. ദേവനും സുമയ്ക്കും വൈകി ജനിച്ച മകളായിരുന്നു ലക്ഷ്മി ചൈതന്യ. പ്രശസ്ത സിനിമാ സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളായിരുന്നു ദേവന്റെ ഭാര്യ സുമ. ആരോഗ്യവതിയായിരുന്ന സുമ കോവിഡിനു മുമ്പ് 2019 ജൂലായിലാണ് മരണപ്പെടുന്നത്. കഴിക്കാന്‍ പാടില്ലെന്നു പറഞ്ഞ ഐസ്‌ക്രീം കഴിച്ച് അലര്‍ജിയായി ശ്വാസം തടസപ്പെട്ട് ക്രിട്ടിക്കല്‍ സ്റ്റേജിലായിരുന്നു സുമ. പതിയെ മൂന്നാം ദിവസം സ്ഥിതി മെച്ചപ്പെട്ടു. നാളെ ഡിസ്ചാര്‍ജ്ജ് എന്നു ഡോക്ടര്‍ പോയതിനു പിന്നാലെ പിറ്റേ ദിവസം വീണ്ടും ശ്വാസതടസം. അങ്ങനെ സിസിയുവിലേക്ക് മാറ്റി. പുറത്തൊന്നും പോകാതിരുന്ന സുമയക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ഇന്‍ഫെക്ഷന്‍ ബാധിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്ന സമയത്ത് ആ സിസിയുവില്‍ വച്ചു തന്നെയാണ് വൈറസ് സുമയെ ബാധിച്ചത്. പിന്നീട് 30 ദിവസം ഒരു യുദ്ധമായിരുന്നു.

ഒടുവില്‍ വെന്റിലേറ്ററില്‍ നിന്നും എക്മോ എന്നാ ഭീകരയന്ത്രത്തിലേക്കു മാറ്റി. അഞ്ച് ശതമാനം മാത്രമായിരുന്നു പ്രതീക്ഷ. വിളി കേള്‍ക്കുന്നുണ്ടോ എന്നറിയാന്‍ ദേവനും മകളും ചുറ്റും നിന്ന് തുടരെ തുടരെ വിളിക്കുന്നുണ്ടായിരുന്നു. പാതി അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ സുമ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും അവള്‍ക്കതിനു കഴിയുന്നുണ്ടായിരുന്നില്ല. പതിയേ എക്മോ ഉപയോഗിച്ചു തുടങ്ങി പതിനാലാമത്തെ ദിവസം മരണത്തെ സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു എല്ലാവരും. ചേറ്റുവായിലെ തറവാട് അമ്പലത്തില്‍ പോയി എല്ലാ വിളക്കുകളും തെളിയിച്ചു. സര്‍വലങ്കാരത്തോടെ ദേവിയുടെ നടയില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. തിരിച്ചു വന്ന് ഭാര്യയുടെ മരണ വിധിയില്‍ ഒപ്പിടുകയായിരുന്നു ദേവന്‍. വൈകിട്ടോടെ മരണവാര്‍ത്തയും എത്തി. അതിനു ശേഷം മകളായിരുന്നു ദേവന് എല്ലാം.

അവള്‍ക്കുവേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്നേ വാങ്ങിയ പ്രകൃതിമനോഹരമായ ഈ സ്ഥലത്ത് ദേവന്‍ വീട് പണി തുടങ്ങിയതും വിചാരിച്ചതു പോലെ തന്നെ അതിന്റെ പണി പൂര്‍ത്തീകരിച്ചതും. അമ്മയില്ലാത്തതിന്റെ കുറവുണ്ടെങ്കിലും തൂവെള്ള കൊട്ടാരം പോലെ മനോഹരമായ വീട് പരിപാലിക്കുന്നതെല്ലാം മകള്‍ തന്നെയാണ്. വീട്ടില്‍ ജോലിക്കാരുണ്ടെങ്കിലും ചെടികളും പൂന്തോട്ടങ്ങളും വീട് വൃത്തിയായി സൂക്ഷിക്കുന്നതുമെല്ലാം മകള്‍ തന്നെയാണ്. മുകളിലും താഴെയുമായി നാല് ബെഡ്റൂമുകളിലായി പണി കഴിപ്പിച്ചിരിക്കുന്ന വീട്ടില്‍ നിലവില്‍ അച്ഛനും മകളും മാത്രമാണ് താമസിക്കുന്നത്.

 

Read more topics: # ദേവന്‍
Actor Devan Home Tour

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES