നടന്‍ സൂര്യയുടെ സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെ നിരവധി പേര്‍ 42 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ മുന്‍ വീട്ടുജോലിക്കാരി സുലോചനയും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ആകര്‍ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. പോലീസ് പറയുന്നത് അനുസരിച്ച്, തുടക്കത്തില്‍ വിശ്വാസ്യത നേടുന്നതിനായി സെക്യൂരിറ്റി ഓഫീസര്‍ ആന്റണി ജോര്‍ജ് പ്രഭുവില്‍ നിന്ന് ഒരു ലക്ഷം രൂപ സ്വീകരിക്കുകയും അതിന് പ്രതിഫലമായി 30 ഗ്രാം സ്വര്‍ണം ലാഭവിഹിതമായി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന്, വിശ്വസ്തത നേടിയതോടെ ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഇവര്‍ക്ക് ഏകദേശം 45 ലക്ഷം രൂപയോളം കൈമാറി. മാര്‍ച്ച് മാസത്തോടെ ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, മാര്‍ച്ച് മാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ആന്റണി ജോര്‍ജ്ജ് പ്രഭുവിന് ബോധ്യപ്പെട്ടത്. പണം തിരികെ ചോദിച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറുകയും പിന്നീട് ഒളിവില്‍ പോകുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്, ജൂലൈ മാസത്തില്‍ സെക്യൂരിറ്റി ഓഫീസര്‍ പോലീസില്‍ പരാതി നല്‍കി.
ഇവര്‍ ഏകദേശം രണ്ട് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സുലോചന, അവരുടെ കുടുംബാംഗങ്ങളായ ബാലാജി, ഭാസ്‌കര്‍, വിജയലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് വിവരം അറിഞ്ഞതോടെ സൂര്യ സുലോചനയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.