സിനിമയ്ക്കപ്പുറത്ത് താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്നവരാണ് ശിവകുമാറും കുടുംബവും. അഭിനേതാവായി തുടങ്ങി പിന്നീട് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ശിവകുമാറിന് പിന്നാലെയായാണ് മൂത്ത മകനായ സൂര്യയും സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ അത്ര നല്ല സ്വീകരമായിരുന്നില്ലെങ്കിലും തന്നിലെ അഭിനേതാവിനെ പുറത്തെടുത്ത് കഴിവ് തെളിയിക്കുകയായിരുന്നു അദ്ദേഹം. സ്‌ക്രീനിലെ മികച്ച ജോഡിയായ ജ്യോതികയെയായിരുന്നു താരം വിവാഹം ചെയ്തത്.
ഇതിനെല്ലാം അപ്പുറം ചേര്‍ത്തുവയ്ക്കണം നാളെത്തെ നാടിനായി അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ ചെയ്യുന്ന നന്‍മകളും. 'കൊണ്ടുപോകില്ല ചോരന്മാര്‍. കൊടുക്കും തോറുമേറിടും. മേന്മ നല്‍കും മരിച്ചാലും. വിദ്യ തന്നെ മഹാധനം.' പിള്ളേര് പഠിക്കട്ടെയെന്ന് പറയുക മാത്രമല്ല. അതിനായി തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം മാറ്റിവയ്ക്കുന്നു സൂര്യ. അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ചിറങ്ങിയ ആയിരങ്ങള്‍ ഇന്ന് സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ സൂര്യശോഭയോടെ തിളങ്ങുന്ന കാഴ്ച. ലോകത്തെ മാറ്റാന്‍ ശക്തിയുള്ള ഏറ്റവും വലിയ ആയുധം വിദ്യാഭ്യാസമാണെന്ന വാക്കുകളാണ് അഗരം ഫൗണ്ടേഷന്റെ വേദവാക്യം.
2006 സെപ്തംബര്‍ 25നാണ് അഗരം ഫൗണ്ടേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ ഈ സംഘടന മുന്നിട്ടിറങ്ങുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത പഠനത്തിന് സാമ്പത്തികം തടസ്സമാകുന്നവര്‍ക്ക് മുന്നില്‍ അറിവിന്റെ ഈ സൂര്യന്‍ ഉദിക്കും. അഗരം ഫൗണ്ടേഷന് തുടക്കം കുറിച്ചത് സൂര്യയുടെ 35-ാം വയസ്സിലാണ്. അന്ന് തൊട്ട് ഈ ഫൗണ്ടേഷന്റെ താങ്ങും തണലുമായി സൂര്യ ഉണ്ട്. പിന്നീട് അദ്ദേഹത്തിന്റെ അനിയനും ഒപ്പം കൂടി.
ഇന്ന് ഈ ഫൗണ്ടേഷന്‍ വഴി 51 ഡോക്ടര്‍മാര്‍ കൂടിയാണ് പഠിച്ച് ഇറങ്ങിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍. സാമ്പത്തികമായി പിന്നോക്കം നിന്ന് കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്. ഇത്തരത്തില്‍ 12 വര്‍ഷത്തിനിടെ
4158 വിദ്യാര്‍ഥികളാണ് ഇങ്ങനെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. മെഡിസിന്‍ രംഗത്ത് 57 പേര്‍, എന്‍ജിനിയറിങ് രംഗത്ത് 1394 പേര്‍, പാരാ മെഡിക്കല്‍ 295 പേര്‍, നഴ്‌സിങ് മേഖലയില്‍ 85 പേര്‍. ഇതിനൊപ്പം ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ രണ്ടായിരത്തിലേറെ പേര്‍. അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലയില്‍ അഗരം ഫൗണ്ടേഷന്‍ കൈ പിടിച്ച ആയിരങ്ങള്‍ നാടിനെ സേവിക്കുന്നു.
സര്‍ക്കാര്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത പഠനത്തിന് സാമ്പത്തികം തടസ്സമാകുന്നവര്‍ക്ക് മുന്നില്‍ അറിവിന്റെ ഈ സൂര്യന്‍ ഉദിക്കും. അപേക്ഷ ലഭിച്ചാല്‍ നേരിട്ടെത്തി കുട്ടിയുടെയും കുടുംബത്തിന്റേയും അവസ്ഥ മനസ്സിലാക്കി സഹായം എത്തിക്കും. ഇവരുടെ കോളജ് പഠനം, താമസം ഭക്ഷണം, പരിശീലനം, തൊഴില്‍ സഹായം അങ്ങനെ എല്ലാവിധ സഹായവും അഗരം ഉറപ്പാക്കും. 300 പേരുടെ കോര്‍ ഗ്രൂപ്പാണ് അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വൊളന്റിയര്‍മാര്‍ പഠനസഹായം എത്തിക്കും. നല്ല പഠിപ്പിലേക്ക് വഴികാട്ടും. നിര്‍ധന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സ്പോണ്‍സര്‍ ചെയ്യുന്ന വിതൈ എന്ന പദ്ധതി ജനഹൃദയങ്ങളിലാണ് നിലകൊള്ളുന്നത്, പിന്നാക്ക കേന്ദ്രങ്ങളിലെ അഗരം ലേണിങ് സെന്ററുകളും പള്ളിക്കൂടങ്ങളാകുന്നു. 8000 പേരോളമാണ് വൊളന്റിയര്‍മാരായി ഫൗണ്ടേഷനില്‍ ഉള്ളത്. വിദ്യാഭ്യാസം നല്‍കിയാല്‍ ബാക്കിയൊക്കെ തനിയെ വന്നുചേരുമെന്ന ഉറപ്പാണ് ഈ ആശയത്തെ മുന്നോട്ടുനയിക്കുന്നത്.
ജീവകാരുണ്യ സംഘടനായ അഗരം ഫൗണ്ടേഷന്‍ തുടങ്ങാന്‍ തനിക്ക് പ്രചോദനമായത് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയാണെന്ന് ഒരിക്കല്‍ സൂര്യ പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ബ്ലഡ് ബാങ്കും നേത്ര ബാങ്കും ആന്ധ്രയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 98ലാണ് ചിരഞ്ജീവി ഈ ട്രസ്റ്റിന് തുടക്കമിടുന്നത്. ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമേകിയതെന്ന് സൂര്യ പറയുന്നു.
പഠനത്തിലും സ്പോര്‍ട്സിലും പിന്നോക്കമായിരുന്ന, മര്യാദയ്ക്ക് സംസാരിക്കാന്‍ പോലും കഴിയാതിരുന്ന സൂര്യ, സിനിമയുടെ സിംഹമായ കഥ ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. നടന്‍ ശിവകുമാറിന്റേയും ലക്ഷ്മിയുടേയും മൂന്ന് മക്കളില്‍ ഒരുവനായി 1975 ജൂലൈ 23നാണ് സൂര്യയുടെ ജനനം. സിനിമാനടന്റെ മകനായി ജനിച്ച് അച്ഛനെക്കാള്‍ വളര്‍ന്ന രണ്ട് മക്കള്‍. രാമ-ലക്ഷ്മണന്മാര്‍ എന്ന പോലെ ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സൂര്യയുടെ നിഴലായി കാര്‍ത്തിയുമുണ്ട്. ഒപ്പം അന്നും ഇന്നും പ്രണയത്തോടെ സൂര്യ ജോ എന്ന് വിളിക്കുന്ന ജ്യോതികയും.