യുവാവിനെ കാറില്‍ തട്ടിക്കൊണ്ട പോയത് നടിയും അടങ്ങുന്ന സംഘം; നടി ഇറങ്ങിയത് ആലുവയില്‍; യുവാവിനെ ഉപേക്ഷിച്ചത് വടക്കന്‍ പറവൂരില്‍; ഗുണ്ടാ സംഘങ്ങളും ലക്ഷ്മി മേനോനും തമ്മിലെ ബന്ധം ദുരൂഹം; നടിയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ പോലീസ് എതിര്‍ക്കും

Malayalilife
യുവാവിനെ കാറില്‍ തട്ടിക്കൊണ്ട പോയത് നടിയും അടങ്ങുന്ന സംഘം; നടി ഇറങ്ങിയത് ആലുവയില്‍; യുവാവിനെ ഉപേക്ഷിച്ചത് വടക്കന്‍ പറവൂരില്‍; ഗുണ്ടാ സംഘങ്ങളും ലക്ഷ്മി മേനോനും തമ്മിലെ ബന്ധം ദുരൂഹം; നടിയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ പോലീസ് എതിര്‍ക്കും

ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും. അറസ്റ്റിലായ മറ്റു പ്രതികള്‍ക്കൊപ്പം തുല്യപങ്കാളിത്തം നടിക്കുമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. പറവൂര്‍ സ്വദേശികളായ മിഥുന്‍, അനീഷ്, കുട്ടനാട് സ്വദേശി സോന എന്നിവരാണ് അറസ്റ്റിലായത്. പറവൂരിലെ ക്വട്ടേഷന്‍ ഗുണ്ടയാണ് മിഥുന്‍ എന്ന മിഥുന്‍ മോഹന്‍. ഇതും കോടതിയെ പോലീസ് അറിയിക്കും. ഈ സംഘവുമായി നടിയുടെ ബന്ധം എന്താണെന്നതിലാണ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

നടിയോട് മോശമായി സംസാരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഭവത്തില്‍ കലാശിച്ചത്. നടിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ അറിയിക്കും. സെപ്തംബര്‍ 17 വരെ ഹൈക്കോടതി അറസ്റ്റ് വിലക്കിയ സാഹചര്യത്തില്‍ മൂന്നാംപ്രതിയായ ലക്ഷ്മി മേനോന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് നിറുത്തിവച്ചു.എറണാകുളം നഗരത്തിലെ വലോസിറ്റി ബാറിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഐ.ടി ജീവനക്കാരനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കി ആലുവയ്ക്കു സമീപം പറവൂര്‍ കവലയില്‍ തള്ളിയത്. സംഘത്തില്‍ നടി ഉള്‍പ്പെട്ടതിനുള്ള തെളിവുകള്‍ പരാതിക്കാരനായ അലിയാര്‍ ഷാ സലിം നോര്‍ത്ത് പൊലീസിന് കൈമാറിയിരുന്നു. 

നടിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളില്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവും ഉണ്ടായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന്‍ മോഹന്‍ (35) ആണ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍. ഇയാള്‍ക്ക് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഉള്‍പ്പെടെ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.മിഥുന് പുറമേ അനീഷ്, കോട്ടയം ചങ്ങനാശേരി സ്വദേശി സോന മോള്‍ (25) എന്നിവരേയും പൊലീസ് പിടികൂടിയിരുന്നു. അനീഷും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. 

 കേസെടുത്ത് 3 പേരെ പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നത് നടി ലക്ഷ്മി മേനോനാണെന്ന് പൊലീസ് അറിയുന്നത്.യുവാവിന്റെ പരാതിക്ക് പിന്നാലെ ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. മിഥുന്‍ മോഹന്‍ ക്വട്ടേഷന്‍ ടീമംഗവും ക്രിമിനല്‍ കേസ് പ്രതിയുമാണെന്ന് പൊലീസിനു മനസിലായത് അറസ്റ്റിന് ശേഷം ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ്. 2023 നവംബറില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഘത്തില്‍ മിഥുനും ഉള്‍പ്പെട്ടിരുന്നു. രണ്ടാം പ്രതി ഗോതുരത്ത് സ്വദേശി അനീഷിനെതിരെ നാശനഷ്ടമുണ്ടാക്കിയതിനു കേസുണ്ട്. ചങ്ങനാശേരി സ്വദേശി സോന മോള്‍ ആണ് കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ പ്രതി. ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു.

സ്വര്‍ണ്ണ വ്യാപാരിയെ തട്ടികൊണ്ടു പോയ കേസില്‍ ആലുവ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ അടുത്ത സുഹൃത്തു കൂടിയായ വിനീഷ് കുമാര്‍ നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവര്‍ത്തനം. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്താനുള്ള സ്വര്‍ണവുമായി റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞു. തുടര്‍ന്ന് വ്യാപാരിയെ ബലമായി പിടിച്ചു കാറില്‍ കയറ്റി മര്‍ദിച്ചവശനാക്കുകയും സ്വര്‍ണം കവരുകയുമായിരുന്നു. മിഥുനെതിരെയുള്ള കേസുകള്‍ പരിശോധിച്ചു വരികയാണെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

നാശനഷ്ടമുണ്ടാക്കലുമായി ബന്ധപ്പെട്ട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് അനീഷ്. മദ്യപിച്ചു വാഹനമോടിച്ചതിനു മുളവുകാട് സ്റ്റേഷനിലും കേസുണ്ട്. ലക്ഷ്മി മേനോനും സോന മോളിനും പുറമെ മിഥുനും അനീഷുമാണ് ബാനര്‍ജി റോഡിലെ വെലോസിറ്റി ബാറിലുണ്ടായിരുന്നത്. പരാതിക്കാരനായ ഐടി കമ്പനി ഉദ്യോഗസ്ഥനൊപ്പം തായ്ലന്‍ഡ് സ്വദേശിനിയായ സുഹൃത്തും മറ്റു രണ്ടു പേരുമുണ്ടായിരുന്നു. ഇതിനിടെ ബാറില്‍ വച്ച് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനും പിന്നീടുണ്ടായ കയ്യാങ്കളിക്കും ഇരുകൂട്ടരും അന്യേന്യം കുറ്റപ്പെടുത്തുന്നുണ്ട്. നോര്‍ത്ത് മേല്‍പ്പാലത്തില്‍ വച്ച് ലക്ഷ്മി മേനോനും സംഘവും കാര്‍ തടഞ്ഞു തന്നെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 

ലക്ഷ്മി ആലുവയില്‍ ഇറങ്ങിയതായാണ് സൂചന. വടക്കന്‍ പറവൂര്‍ വരെ എത്തിയ സംഘം പിന്നീട് യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ തങ്ങളെ ബീയര്‍ കുപ്പി കൊണ്ട് എറിഞ്ഞെന്നും പരുക്കേറ്റെന്നും സോന മോള്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് ഇതുമായി ബന്ധമില്ലെന്നും പരാതിക്കാരനാണ് ബാറില്‍ വച്ച് തന്നെ അസഭ്യം പറഞ്ഞതും ലൈംഗികാധിക്ഷേപം നടത്തിയതെന്നുമാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ലക്ഷ്മി മേനോന്‍ പറയുന്നത്. ഇതെല്ലാം രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് പോലീസ് പറയുന്നു.

Actress Lakshmi Menon Case POLICE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES