കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം '45 ' ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്. ഗാനാ കാദര്‍ വരികള്‍ രചിച്ച് ആലപിച്ച ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് അര്‍ജുന്‍ ജന്യ തന്നെയാണ്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ തന്നെയാണ്.
ശിവരാജ് കുമാര്‍, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ഗാനം ആഫ്രിക്കന്‍ താളവും ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ ഫ്ളേവറില്‍ ഉള്ള നൃത്തവും ഈ ഗാനത്തിന്റെ സവിശേഷതയാണ്. യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. താരങ്ങളുടെ സ്‌റ്റൈലിഷ് വേഷങ്ങളും ത്രസിപ്പിക്കുന്ന ചുവടുകളും ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നല്‍കുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും '45' എന്ന സൂചനയാണ് ഇതിന്റെ ടീസര്‍ നല്‍കിയത്.
ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടല്‍ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയനായ താരമാണ് രാജ് ബി ഷെട്ടി. ജയിലര്‍ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ശിവരാജ് കുമാറും കേരളത്തില്‍ കയ്യടി നേടിയിരുന്നു. ഇനി വരാനുള്ള ജയിലര്‍ 2 ലും ശിവരാജ് കുമാര്‍ ഭാഗമാണ്. കൂലി, സണ്‍ ഓഫ് സത്യമൂര്‍ത്തി എന്നീ ചിത്രങ്ങളിലൂടെ ഉപേന്ദ്രയും മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് '45' റിലീസിനൊരുങ്ങുന്നത്. 2025 ഡിസംബര്‍ 25 നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനം ആരംഭിക്കും.
ഛായാഗ്രഹണം- സത്യ ഹെഗ്ഡെ, സംഗീതം- അര്‍ജുന്‍ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങള്‍- അനില്‍ കുമാര്‍, സ്റ്റണ്ട്‌സ്- ഡോ. കെ. രവിവര്‍മ്മ, ജോളി ബാസ്റ്റിയന്‍, ഡിഫറന്റ് ഡാനി, ചേതന്‍ ഡിസൂസ, കലാസംവിധാനം- മോഹന്‍ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വര്‍, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്‌സ്- യാഷ് ഗൌഡ, പ്രൊഡക്ഷന്‍ മാനേജര്‍- രവിശങ്കര്‍, ഡിജിറ്റല്‍ സപ്പോര്‍ട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആര്‍ഒ- ശബരി