പ്രേമം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുപമ പരമേശ്വരന്‍. എങ്കിലും തെലുങ്ക് ഇന്‍ഡസ്ട്രിയാണ് അനുപമയെ ഒരു സൂപ്പര്‍സ്റ്റാറാക്കി മാറ്റിയത്. നടിയുടെ ഏറ്റവും പുതിയ ചിത്രം പര്‍ദ്ദ റിലീസിന് തയ്യാറെടുക്കുമ്പോള്‍ നല്കിയ അഭിമുഖങ്ങളില്‍ നടി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'പ്രേമ'ത്തിന് ശേഷം കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ കാത്തിരുന്ന ശക്തമായ കഥാപാത്രമാണ് 'പര്‍ദ്ദ' എന്ന പുതിയ ചിത്രത്തിലേതെന്ന് നടി പറഞ്ഞു. ചിത്രത്തില്‍ ഒപ്പം അഭിനയിക്കുന്ന ദര്‍ശന രാജേന്ദ്രന്റെ വിപുലമായ പെണ്‍ സൗഹൃദ വലയം കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും അനുപമ വെളിപ്പെടുത്തി. പ്രവീണ്‍ കാണ്ട്രെഗുല സംവിധാനം ചെയ്യുന്ന തെലുങ്ക്-മലയാളം ദ്വിഭാഷാ ചിത്രമായ 'പര്‍ദ്ദ'യുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
തനിക്ക് വളരെ കുറച്ച് പെണ്‍സുഹൃത്തുക്കള്‍ മാത്രമേയുള്ളൂവെന്ന് അനുപമ പറഞ്ഞു. 'പതിനെട്ടാം വയസ്സിലാണ് ഞാന്‍ സിനിമയിലെത്തിയത്. ആദ്യ സിനിമയ്ക്ക് ശേഷം മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോയതോടെ ഉണ്ടായിരുന്ന പല സൗഹൃദങ്ങളും നഷ്ടപ്പെട്ടു. ഞാന്‍ നടിയായതുകൊണ്ടും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതുകൊണ്ടും പലരും അകന്നുപോയി,' അനുപമ വിശദീകരിച്ചു. തന്റെ അമ്മയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമാണ് ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'പര്‍ദ്ദ'യിലെ സൗഹൃദം തനിക്ക് പുതിയൊരനുഭവമായിരുന്നുവെന്നും ചിത്രീകരണത്തിനിടെ താനും ദര്‍ശനയും സംഗീതയും തമ്മില്‍ നല്ലൊരു ബന്ധം രൂപപ്പെട്ടുവെന്നും അനുപമ വ്യക്തമാക്കി. 'ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ മറ്റാര്‍ക്കും സാധിക്കില്ല. ദര്‍ശനയ്ക്ക് ധാരാളം പെണ്‍സുഹൃത്തുക്കളുണ്ട്. അത്തരം സൗഹൃദങ്ങള്‍ എനിക്കും വേണമെന്ന് ആഗ്രഹിക്കാറുണ്ട്,' അനുപമയുടെ വാക്കുകള്‍.
തെലുങ്കിലേക്കുള്ള ചുവടുമാറ്റം തന്റെ ഗതികേടായിരുന്നുവെന്നാണ് അനുപമ പറയുന്നത്. പ്രേമത്തിന് പിന്നാലെ തനിക്ക് സോഷ്യല്‍ മീഡിയിയല്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മുമ്പും അനുപമ സംസാരിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും താന്‍ ഒളിച്ചോടുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്.
അത് ബോധപൂര്‍വ്വമുള്ളൊരു ചിന്തയായിരുന്നില്ല. എന്റെ നിവൃത്തികേടായിരുന്നു. മലയാളത്തില്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞ് മലയാളത്തില്‍ വീണ്ടും നല്ല സിനിമകള്‍ ലഭിക്കണം, അംഗീകാരം ലഭിക്കണം, അങ്ങനെ തന്നെ തുടര്‍ന്നു പോകണമെന്ന സ്വപ്നം എനിക്കുമുണ്ടായിരുന്നു. എനിക്ക് വേണ്ട എന്നോ മലയാളം സിനിമ എനിക്ക് ഇഷ്ടമല്ല എന്നോ പറഞ്ഞതല്ല. മലയാളത്തില്‍ അടുത്തൊരു സിനിമ ചെയ്യാന്‍ പേടിയായതു കൊണ്ട് ഞാന്‍ ഒളിച്ചോടിയതാണ്'' എന്നാണ് അനുപമ പറയുന്നത്.
ഇവിടെ എനിക്ക് മാനസികമായി സന്തോഷമല്ല കിട്ടിയത്. ഇത്രയും വലിയൊരു ഹിറ്റായ സിനിമയുടെ ഭാഗമായിട്ടും എന്റെ ഉള്ളിലെ കൊച്ചുപെണ്‍കുട്ടി വേദനിപ്പിക്കപ്പെട്ടു. അങ്ങനെ ഞാന്‍ ഇവിടെ നിന്നും ഒളിച്ചോടിയതാണ്. എനിക്ക് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ പറ്റില്ല, ഒരു മാറ്റം വേണമെന്നാണ് കരുതിയത്. ഞാന്‍ കരുതിയത് എനിക്ക് അതിന് ശേഷം സിനിമ വരില്ലെന്നാണ്. എന്റെ കരിയറിന്റെ അവസാനമാണ് പ്രേമം എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത്രയും വിഷമിച്ചു. ഇപ്പോള്‍ എനിക്കാ ചിന്താഗതിയില്ലെങ്കിലും അന്നതായിരുന്നു ചിന്തിച്ചത്. ആ സമയത്ത് എനിക്ക് കിട്ടിയ വരം ആയിരുന്നു തെലുങ്കിലെ അവസരങ്ങള്‍.'' എന്നും താരം പറയന്നു.
ആ മൂന്ന് സിനിമകള്‍ വന്നപ്പോള്‍ ഭയങ്കര സ്നേഹം കിട്ടിയത് പോലെയായിരുന്നു. വല്ലാതെ തകര്‍ന്നിരിക്കുമ്പോള്‍ എവിടെ നിന്നെങ്കിലും സ്നേഹം കിട്ടുമ്പോള്‍ എന്തിന് തള്ളിക്കളയണം. പക്ഷെ ഇവിടെ ഞാന്‍ നേരിട്ടതൊക്കെയാണ് അവിടെ ചെന്നപ്പോള്‍ ഭാഷ പഠിക്കാനും അവിടെ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാനുമുള്ള മോട്ടിവേഷന്‍ നല്‍കിയത്. ഭാഗ്യവശാല്‍ അത് നടന്നു. എല്ലാവര്‍ക്കും എല്ലായിപ്പോഴും അതൊന്നും നടക്കണമെന്നില്ലെന്നും അനുപമ പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ജെഎസ്‌കെയെക്കുറിച്ചും നടി പങ്ക് വച്ചു.
'മികച്ചൊരു സിനിമയായിരുന്നു ജെഎസ്‌കെ എന്നിട്ടും അത് പരാജയപ്പെടണമെങ്കില്‍ അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ഞാന്‍ അതിനോട് യോജിക്കാത്ത പല കാര്യങ്ങളുമുണ്ട്. ഞാന്‍ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് വായിച്ച സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും അതിലുണ്ട്. പൊളിറ്റിക്കലി എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്.
സിനിമയിലുള്ളതും പൊളിറ്റിക്കല്‍ ആണല്ലോ. അപ്പോള്‍ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല'.- അനുപമ പറയുന്നു. 'ഞാന്‍ കമ്മിറ്റ് ചെയ്തത് ജാനകിയുടെ കഥയാണെന്നും നാല് കൊല്ലം മുമ്പ് കമ്മിറ്റ് ചെയ്യുമ്പോള്‍ ജാനകിയുടെ ഫൈറ്റ് ആയിരുന്നുന്നു ചിത്രത്തിലുടനീളം ഉണ്ടായിരുന്നതെന്നും' അനുപമ കൂട്ടിച്ചേര്‍ത്തു.
തില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിലെ വേഷം തന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്ന് വളരെ ദൂരെ ആയിരുന്നുവെന്നും ഇത്തര.ത്തിലൊരു ഒരു കഥാപാത്രം ഇനി ഒരിക്കലും ചെയ്യില്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പറഞ്ഞു.സിനിമയില്‍ ധരിച്ച വസ്ത്രങ്ങള്‍ ഞാന്‍ റിയല്‍ ലൈഫില്‍ ധരിക്കാറില്ല. ആ വേഷം എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നു.ഒഒരുപാട് ആരാധകര്‍ വിമര്‍ശനം അറിയിച്ചിട്ടുണ്ട്. അങ്ങനെ ഒരു റോള്‍ ചെയ്താല്‍ ജനം എങ്ങനെ അത് സ്വീകരിക്കും എന്ന കാര്യത്തിലും എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്ന് നടി പറഞ്ഞു.
വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മൂന്ന് സ്ത്രീകളുടെ സൗഹൃദത്തിന്റെ കഥയാണ് 'പര്‍ദ്ദ' പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെയും യാഥാസ്ഥിതിക സാമൂഹിക രീതികളെയും ചിത്രം വിമര്‍ശിക്കുന്നു. 'സിനിമാ ബണ്ടി', 'ശുഭം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുലയാണ് സംവിധായകന്‍. അനുപമയ്ക്കും ദര്‍ശനയ്ക്കും പുറമെ സംഗീതയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.