തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് വലിയ താരമൂല്യമുള്ള നായിക നടിയായിരുന്നു സ്‌നേഹ. നിരവധി സിനിമകളില്‍ സ്‌നേഹ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇന്നും സിനിമാ രംഗത്ത് നടി സജീവമാണ്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സ്നേഹയോടുള്ള ആരാധകരുടെ സ്നേഹത്തിന് ഇന്നുമൊരു കുറവുമില്ല. അതേസമയം, തന്നെ തേടി അവാര്‍ഡുകളൊന്നും എത്താതിരുന്നതില്‍ ഒരുകാലത്ത് വിഷമിച്ചിരുന്നുവെന്നാണ് സ്നേഹ പറുന്നത്. ഒരു തമിഴ് സിനിമാ അവാര്‍ഡ് വേദിയില്‍ സ്‌നേഹ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയെക്കുറിച്ച് പറയുകയാണ് നടി. ഈ സിനിമയുടെ കഥ കേട്ടത് തനിക്ക് വലിയ അപകടം പറ്റി ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ആയിരുന്നുവെന്ന് നടി ഓര്‍ത്തു. അവള്‍ വികടന്‍ ചാനലിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയാണ് സ്‌നേഹ ഇക്കാര്യം തുറന്ന് പറയുന്നത്.
പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയെക്കുറിച്ച് സംസാരിച്ചേ മതിയാകൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. 2003 ലാണ്. അന്ന് എനിക്ക് വലിയൊരു അപകടമുണ്ടായി. എല്‍ ത്രി, എല്‍ ഫോര്‍ ഫ്രാക്ചര്‍, ബാക്ക് ബോണ്‍, വലത് കാലില്‍ ഒന്നിലധികം ഒടിവ്, ഇടത് കാലില്‍ കണ്ണാടി ചില്ല് തറച്ച് വലിയൊരു മുറിവ്, അതിന് സ്റ്റിച്ചിട്ട് ഇട്ടിട്ടുണ്ടായിരുന്നു. എട്ട് മാസം കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല എന്നാണ് എല്ലാവരും പറഞ്ഞത്.
മൂന്നാം ദിവസം ഇവര്‍ കാണാനായി ആശുപത്രിയിലേക്ക് വന്നു. കഥ പറയാന്‍. എനിക്ക് ഇരിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ കിടന്നു കൊണ്ടാണ് കഥ കേട്ടത്. ഒന്നരമാസമായി എഴുന്നേറ്റ് നില്‍ക്കാന്‍. കഥ എനിക്ക് ഇഷ്ടപ്പെട്ടു, അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് ഇരട്ട വേഷം ലഭിക്കുന്നുവെന്നാല്‍ വലിയ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ ഞാന്‍ ഇന്‍ഡസട്രിയില്‍ വന്നിട്ട് മൂന്ന് വര്‍ഷമേ ആയിരുന്നുള്ളൂ.
പോകാന്‍ നേരം, എന്ത് വിശ്വസിച്ചാണ് സാര്‍ എന്നോട് കഥ പറയാന്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു. എട്ട് മാസം കഴിഞ്ഞേ എനിക്ക് എഴുന്നേല്‍ക്കാനാകൂ എന്നാണ് പറയുന്നത്. അത് പറഞ്ഞപ്പോള്‍ അതൊക്കെ നടന്നോളും, നമ്മള്‍ സൂപ്പറായി സിനിമ ചെയ്യും എന്ന് ആത്മവിശ്വസത്തോടെ പറഞ്ഞിട്ട് നടന്നു പോയി. എട്ട് മാസം എന്ന് പറഞ്ഞ ഡോക്ടറുടെ മുന്നിലൂടെ ഒന്നര മാസത്തില്‍ ഞാന്‍ ഷൂട്ടിന് പോയി. ഇതുപോലുള്ള സംവിധായകരുള്ളപ്പോള്‍ നമുക്ക് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. അവര്‍ നല്‍കുന്ന ആത്മവിശ്വാസമാണ് നമുക്ക് എല്ലാം.
ഒരുപാട് പോരട്ടങ്ങള്‍ക്ക് ശേഷമാണ് ഈ വേദിയില്‍ ഞാന്‍ നില്‍ക്കുന്നത്. പാര്‍ത്ഥിപന്‍ കനവിന് എനിക്ക് അവാര്‍ഡ് കിട്ടിയില്ല. ഓട്ടോഗ്രാഫിന് കിട്ടിയില്ല. പട്ടാസിനും പള്ളിക്കുടത്തിനും കിട്ടിയില്ല. എനിക്ക് അംഗീകാരമൊന്നും ലഭിച്ചില്ലെന്ന് ഓര്‍ത്ത് ഞാന്‍ വിഷമിച്ചു. എന്നാല്‍ പിന്നീടത് ശീലമായി. അവാര്‍ഡിനേക്കാളും ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് വലുത്. നമ്മളുടെ കഥാപാത്രങ്ങള്‍ ഇന്നും സംസാരിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഓട്ടോഗ്രാഫ് റീ-റിലീസായി. അത് കണ്ട ശേഷം ഒരുപാട് പേര്‍ വിളിച്ചു. എന്റെ കഥാപാത്രങ്ങള്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നുവെന്ന് അവര്‍ പറയുമ്പോള്‍ അതാണ് എന്റെ വിജയം.
കല്യാണം രണ്ട് കുട്ടികളായ ശേഷവും വിജയ് എനിക്കൊപ്പം അഭിനയിക്കാം എന്ന് പറഞ്ഞു. അതില്‍ സംവിധായകനോടും പ്രൊഡ്യൂസറോടും കൂടി നന്ദി പറയുന്നു. ആരാധകരോട് വലിയ നന്ദിയുണ്ടെന്നും സ്‌നേഹ പറഞ്ഞു. ഗോട്ട് ആണ് വിജയും സ്‌നേഹവും അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമ. പൊതുവെ വിജയുടെ നായികമാരായി യുവനടിമാരെയാണ് തെരഞ്ഞെടുക്കാറ്. എന്നാല്‍ ഗോട്ടില്‍ സ്‌നേഹയ്ക്ക് ശ്രദ്ധേയ റോള്‍ ലഭിച്ചു.