തമിഴ് ചലച്ചിത്ര ലോകത്തും മോഡലിംഗ് രംഗത്തും ശ്രദ്ധേയയായ നടി സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകനും, മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ് ശ്രീകാന്ത് ആണ് സംയുക്തയെ ജീവിതസഖിയാക്കിയത്. വ്യാഴാഴ്ച ചെന്നൈയില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം സംയുക്ത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതോടെയാണ് താരവിവാഹവാര്‍ത്ത പുറംലോകം അറിഞ്ഞത്.
സുവര്‍ണ്ണ നിറത്തിലുള്ള ലളിതമായ സാരി ധരിച്ച് വളരെ സിംപിള്‍ ലുക്കിലാണ് താരം വിവാഹ വേദിയില്‍ എത്തിയത്. ചടങ്ങില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നടിമാരായ മഞ്ജിമ മോഹന്‍, ഐശ്വര്യ രാജേഷ്, രമ്യ പാണ്ഡ്യന്‍, സ്‌നേഹ ഉള്‍പ്പെടെ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ നവദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു.
ബിഗ് ബോസ് തമിഴ് സീസണ്‍ 4-ലെ മത്സരാര്‍ഥിയായി എത്തിയതോടെയാണ് സംയുക്ത പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസിലെ ശക്തമായ പ്രകടനത്തിലൂടെയാണ് സംയുക്ത ശ്രദ്ധേയയായത്. താരത്തിന്റെ സിനിമാ കരിയറിലെ സുപ്രധാന ചിത്രമായിരുന്നു വിജയ് നായകനായ 'വാരിസ്'. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപുറമെ, 'തുഗ്ലക്ക് ദര്‍ബാര്‍', 'മൈ ഡിയര്‍ ഭൂതം', 'കോഫി വിത്ത് കാതല്‍' തുടങ്ങി നിരവധി തമിഴ് സിനിമകളിലും സംയുക്ത പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധ് ശ്രീകാന്ത് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ വിഖ്യാത താരമായിരുന്ന കെ. ശ്രീകാന്തിന്റെ മകന്‍ എന്ന നിലയില്‍ ഏറെ പരിചിതനാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്ന അനിരുദ്ധ്, ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായും സജീവമാണ്.
സംയുക്തയുടെയും അനിരുദ്ധിന്റെയും ഇത് രണ്ടാം വിവാഹമാണ്. സംയുക്ത നേരത്തെ സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ത്തിക് ശങ്കറുമായി വിവാഹിതയായിരുന്നു. റയാന്‍ എന്ന് പേരുള്ള ഒരു മകന്‍ സംയുക്തയ്ക്ക് ഉണ്ട്. മോഡലായ ആരതി വെങ്കിടേഷ് ആയിരുന്നു അനിരുദ്ധിന്റെ മുന്‍ ഭാര്യ.