Latest News

ഇഡി ആവശ്യപ്പെട്ടതു പ്രകാരം ചെന്നൈയില്‍ നിന്നും ദുല്‍ഖര്‍ കൊച്ചിയിലെത്തി; ഹൈദരാബാദിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടി ചെന്നൈയിലും; ഭൂട്ടാനില്‍ നിന്നു മാത്രമല്ല നേപ്പാളില്‍ നിന്നും കടത്തു വാഹനമെത്തിയെന്ന് ഇഡിയുടെ കണ്ടെത്തല്‍

Malayalilife
 ഇഡി ആവശ്യപ്പെട്ടതു പ്രകാരം ചെന്നൈയില്‍ നിന്നും ദുല്‍ഖര്‍ കൊച്ചിയിലെത്തി; ഹൈദരാബാദിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടി ചെന്നൈയിലും; ഭൂട്ടാനില്‍ നിന്നു മാത്രമല്ല നേപ്പാളില്‍ നിന്നും കടത്തു വാഹനമെത്തിയെന്ന് ഇഡിയുടെ കണ്ടെത്തല്‍

വിദേശ കാര്‍ മോഷണ അന്വേഷണം ഭൂട്ടാനിലേക്കും. ഇന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി 17 ഇടത്ത് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. രാവിലെ ഏഴു മണിക്ക് തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ കഴിഞ്ഞും നീളുകയാണ്. പൃഥ്വിരാജിന്റെ തോപ്പുംപടിയിലെ ഫ്ലാറ്റ്, ദുല്‍ഖര്‍ സല്‍മാന്റെ കടവന്ത്ര ഇളംകുളത്തെയും ചെന്നൈയിലേയും ഫ്ലാറ്റുകള്‍, പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയും കുടുംബവും വര്‍ഷങ്ങളോളം താമസിച്ചിരുന്ന വീട്, അമിത് ചക്കാലയ്ക്കലിന്റെ എറണാകുളം നോര്‍ത്തിലുള്ള വീട് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെയാണ് റെയ്ഡ്. 

പ്രമുഖരടക്കം വാഹനങ്ങള്‍ വാങ്ങിച്ച പലര്‍ക്കും ഇതിന്റെ പണം എങ്ങനെ നല്‍കി എന്നതില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് കസ്റ്റംസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇഡി എത്തിയത്. വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചു എന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ടെന്നാണ് റെയ്ഡിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്തു നിന്നെത്തിക്കുന്ന വാഹനത്തിനു ഹവാല മാര്‍ഗത്തിലൂടെ പണം നല്‍കല്‍, വാഹനക്കടത്തിനായി വിദേശ രാജ്യവുമായി അനധികൃത പണമിടപാട് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ആരോപിക്കുന്നത്. 

കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി ലാന്‍ഡ് ക്രൂസര്‍, ഡിഫന്‍ഡര്‍, മസരാറ്റി തുടങ്ങിയ വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്ത് വ്യാജരേഖകള്‍ ചമച്ച് ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നും ഇ.ഡി പറയുന്നു. ഭൂട്ടാന്റെ പേരു മാത്രമാണ് കസ്റ്റംസ് പറഞ്ഞതെങ്കില്‍ ഇ.ഡി അന്വേഷണത്തില്‍ നേപ്പാളിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ, റെയ്ഡിനു ശേഷം മാത്രമാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാറുള്ളതെങ്കില്‍ അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാന്‍ നേരത്തെ തന്നെ ഇഡി വിശദീകരണം ഇറക്കി. 

പരിശോധനയ്ക്കിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചി എളംകുളത്തെ വീട്ടിലെത്തി. ഇ ഡി ആവശ്യപ്പെട്ടപ്രകാരമാണ് ചെന്നൈയില്‍നിന്നും താരം എത്തിയത്. ചെന്നൈയിലുള്ള ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. ഹൈദരാബാദില്‍ നിന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കി മമ്മൂട്ടി ചെന്നൈയിലെ വീട്ടിലെത്തി. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ രണ്ട് വീടുകള്‍, നടന്‍ പൃഥ്വിരാജിന്റെ തേവരയിലെയും തോപ്പുംപടിയിലെ ഫ്ലാറ്റുകള്‍, വാഹന ഡീലര്‍ അമിത് ചക്കാലക്കലിന്റെ കലൂരിലെ വീട് എന്നിവയുള്‍പ്പെടെ 17 സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് വിശദീകരണം. ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം ദുല്‍ഖറിന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇ ഡിയുടെ പരിശോധന. 

നേരത്തെ ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചെന്ന് ആരോപിച്ചാണ്, ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. വാഹനം കിട്ടാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ക്ക് ദുല്‍ഖര്‍ അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷ തള്ളിയാല്‍ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കോടതി സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ ഇഡി എത്തുന്നത് താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.ഡിയും ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് പ്രാഥമിക പരിശോധന നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ പിടികൂടിയ കോയമ്പത്തൂര്‍ സംഘത്തില്‍ നിന്നാണ് കാര്‍ കടത്തലിന്റെ വിശദാംശങ്ങള്‍ കസ്റ്റംസിനും റവന്യൂ ഇന്റലിജന്‍സിനും ഐബിക്കും ലഭിച്ചത്. പൊളിച്ച ആഡംബര വാഹനങ്ങള്‍ അടങ്ങിയ ട്രക്കാണ് അന്നു പിടികൂടിയത്. കോയമ്പത്തൂര്‍ സംഘം വാഹനം നല്‍കിയവരുടെ വിവരങ്ങള്‍ കസ്റ്റംസ് എടുക്കുകയും ഇവിടങ്ങളില്‍ റെയ്ഡ് നടത്തുകയുമായിരുന്നു. ആദ്യ ദിവസം 36 കാറുകള്‍ക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റേത് അടക്കം 3 വാഹനങ്ങള്‍ കൂടി പിടികൂടിയിരുന്നു.

Read more topics: # ദുല്‍ഖര്‍
DQ IN KOCHI for ed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES