മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാല്‍ എങ്ങനെ പ്രതികരിക്കണം എന്ന ചോദ്യത്തിന് ധ്യാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ പലരും നടന്‍ അജ്മല്‍ അമീറുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്നത്. ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ 'തന്ത്രം' എന്ന നിലയിലാണ് ധ്യാന്‍ ഇങ്ങനെ പറഞ്ഞത്.
ഒരു മാധ്യമപ്രവര്‍ത്തകന്‍ ധ്യാനിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു: 'നമ്മളെക്കുറിച്ച് അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം ഉന്നയിച്ചാല്‍ എങ്ങനെ പ്രതികരിക്കണം?' ഇതിന് ധ്യാന്‍ നല്‍കിയ മറുപടി വളരെ ലളിതമായിരുന്നു: 'നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാല്‍ അത് എഐ ആണെന്ന് പറഞ്ഞാല്‍ മതി.' ഈ മറുപടി ഒരു തമാശ രൂപേണയുള്ളതാണെങ്കിലും, സമീപകാലത്ത് അജ്മല്‍ അമീറിനെതിരെ ഉയര്‍ന്നുവന്ന ഒരു വിവാദത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അടുത്തിടെ നടന്‍ അജ്മല്‍ അമീറിന്റേതെന്ന പേരില്‍ ചില വീഡിയോ കോളുകളും ശബ്ദ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വാട്ട്സ്ആപ്പ് വഴി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ സംഭാഷണങ്ങളുടെ ഭാഗങ്ങള്‍ ലൈംഗിക ചുവയോടെയുള്ളതായിരുന്നെന്നും, അതില്‍ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രസ്തുത വീഡിയോയില്‍, പെണ്‍കുട്ടി 'തന്റെ കല്യാണം കഴിഞ്ഞതല്ലേ' എന്ന് ചോദിക്കുമ്പോള്‍, 'അതൊന്നും താന്‍ അറിയേണ്ടെന്നും താമസ സൗകര്യം ഒരുക്കി തരാമെന്നും' അജ്മല്‍ പറയുന്നതായാണ് കേള്‍ക്കുന്നത്.
ഈ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ സന്ദേശങ്ങള്‍ എഐ നിര്‍മ്മിതമാണെന്ന് വിശദീകരിച്ച് അജ്മല്‍ അമീര്‍ രംഗത്തെത്തിയിരുന്നു. താനല്ല അത്തരം സന്ദേശങ്ങള്‍ അയച്ചതെന്നും, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വാദിച്ചു. അക്കൗണ്ട് ഇനി താന്‍ മാത്രം കൈകാര്യം ചെയ്യുമെന്നും താരം അറിയിച്ചു