Latest News

മകന്‍ മരിച്ച സമയത്ത് 27,500 രൂപ കടം; കൈയ്യില്‍ ഉള്ള സമ്പാദ്യം ചേര്‍ത്ത് വച്ച് കാര്യങ്ങള്‍ നടത്തി; മുന്നോട്ട് എങ്ങനെ എന്ന് ആലോചന വന്നപ്പോള്‍ ബേസിലിനെ വിളിച്ചു; വര്‍ക്കിന് വേണ്ടി വിളിച്ചതാണെങ്കിലും അപ്പോഴെ പണം അയച്ച് തന്നു; വെള്ളിത്തിരയിലെ മകന്‍ ജീവിതത്തിലും തണലായി; നടി കുടശ്ശനാട് കനകം മനസ്സ് തുറക്കുന്നു

Malayalilife
മകന്‍ മരിച്ച സമയത്ത് 27,500 രൂപ കടം; കൈയ്യില്‍ ഉള്ള സമ്പാദ്യം ചേര്‍ത്ത് വച്ച് കാര്യങ്ങള്‍ നടത്തി; മുന്നോട്ട് എങ്ങനെ എന്ന് ആലോചന വന്നപ്പോള്‍ ബേസിലിനെ വിളിച്ചു; വര്‍ക്കിന് വേണ്ടി വിളിച്ചതാണെങ്കിലും അപ്പോഴെ പണം അയച്ച് തന്നു; വെള്ളിത്തിരയിലെ മകന്‍ ജീവിതത്തിലും തണലായി; നടി കുടശ്ശനാട് കനകം മനസ്സ് തുറക്കുന്നു

സാമ്പത്തികമായി കഷ്ടപ്പെടുന്ന അവസരത്തില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തനിക്ക് താങ്ങായ സംഭവത്തെ കുറിച്ച് മനസ്സുതുറന്ന് കുടശ്ശനാട് കനകം. മകന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെയാണ് ബേസിലിന്റെ ഈ സ്‌നേഹസഹായം ലഭിച്ചതെന്ന് കുടശ്ശനാട് കനകം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'ജയ ജയ ജയ ഹേ' എന്ന ചിത്രത്തില്‍ ബേസിലിന്റെ അമ്മ വേഷത്തില്‍ കുടശ്ശനാട് കനകം അഭിനയിച്ചിരുന്നു. 

'മകന്‍ മരിച്ച സമയത്ത് എനിക്ക് 27,500 രൂപ കടമുണ്ടായിരുന്നു. കൈവശമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റും മാസത്തില്‍ ലഭിക്കുന്ന 4000 രൂപ നാടക പെന്‍ഷനും ചേര്‍ത്താല്‍ ഈ തുക അടയ്ക്കാമെങ്കിലും, അടിയന്തര ആവശ്യങ്ങള്‍ക്ക് പണമില്ലാതെ വരുമോ എന്ന് ഞാന്‍ ഭയന്നു,' കനകം പറയുന്നു. ഉടന്‍തന്നെ ബേസിലിനെ വിളിച്ച കനകം, തന്റെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ഫെബ്രുവരിയില്‍ നാലോ അഞ്ചോ ദിവസത്തെ അവസരം ലഭിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.

ബേസിലിന്റെ സിനിമയിലല്ലെങ്കില്‍ പോലും പരിചയമുള്ള സംവിധായകരുമായി ബന്ധപ്പെട്ട് ജോലി വാങ്ങിക്കൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 'അതിനെന്താ അമ്മേ... നമുക്ക് ചെയ്യാമല്ലോ. ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം,' എന്ന് മറുപടി നല്‍കിയ ബേസില്‍ അഞ്ച് മിനിറ്റിനകം തന്റെ മാനേജരെ വിളിച്ച് കനകത്തിന്റെ ഗൂഗിള്‍ പേ നമ്പര്‍ വാങ്ങി. പണത്തിനുവേണ്ടിയല്ല താന്‍ വിളിച്ചതെന്നും പണം അയക്കരുതെന്നും കനകം പറഞ്ഞെങ്കിലും, ബേസില്‍ 30,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. 'ഇതൊക്കെ ചാനലില്‍ പറഞ്ഞു എന്നറിഞ്ഞാല്‍ ചിലപ്പോള്‍ അവന്‍ വഴക്ക് പറയും,' കനകം കൂട്ടിച്ചേര്‍ത്തു. 

ജയ ജയ ജയ ഹേ' എന്ന ചിത്രത്തില്‍ ബേസിലിന്റെ അമ്മയുടെ വേഷം ചെയ്തതോടെയാണ് കുടശ്ശനാട് കനകം ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. പതിറ്റാണ്ടുകളോളം മലയാള നാടകവേദിയില്‍ സജീവമായിരുന്ന അവര്‍ക്ക് ഈ ചിത്രം വഴിത്തിരിവായി. തുടര്‍ന്ന് 'ഗുരുവായൂര്‍ അമ്പലനടയില്‍', 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍', 'മരണമാസ്' തുടങ്ങിയ ചിത്രങ്ങളിലും കനകം ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി. ഇന്ദ്രന്‍സും ജോമോന്‍ ജ്യോതിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം 'ആശാന്‍' ആണ് കനകത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. മാത്യൂ തോമസ് നായകനാകുന്ന 'സുഖമാണോ സുഖമാണ്' എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.

kudassanad kanakam about basil joseph

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES