ഉയരെ സിനിമയെ കുറിച്ചുള്ള ഒരു അസ്സോസിയേറ്റ് ഡയറക്ടറുടെ വികാര ഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ പ്രണയിനിയുടെ ഒപ്പം ഉയരെ സിനിമ കാണാനായി പോയ ആസിഫാണ് തനിക്കുണ്ടായ അനുഭവം ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചത്. സിനിമ കണ്ടുകൊണ്ടിരിക്കെ കണ്ണീരാൽ തന്നെ നനയിച്ച പ്രണയിനി പഴയ ബന്ധം ഉപേക്ഷിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയായിരുന്നു. തന്റെ കാമുകി മാത്രമല്ല പെൺ സുഹൃത്തുക്കളിൽ പലരും തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന പരുഷമായ പുരുഷ മേൽക്കോയ്മയുടെ ഓർമ്മപ്പെടുത്തലായി സിനിമയെന്ന് വെളിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. അഡ്വഞ്ചർ ഓമനക്കുട്ടൻ , ഇബിലീസ് , കൊഹിബുർ എന്നീ ചിത്രങ്ങളിൽ അസ്സോസിയേറ്റ് ഡയറക്ടറായി ആസിഫ് പ്രവർത്തിത്തിച്ചിട്ടുണ്ട്
പോസ്റ്റിന്റെ പൂർണരൂപം..
ഉയരെ സിനിമ, സമീപകാലത്ത് ഞാൻ കണ്ടുമുട്ടിയ ഏറ്റവും ധൈര്യശാലിയും സുന്ദരിയുമായ സ്ത്രീക്കൊപ്പം രണ്ടു ദിവസം മുമ്പാണ് ഞാൻ കണ്ടത്. തീർച്ചയായും ഞങ്ങൾ വളരെ വേഗം പ്രണയത്തിലാകുകയും ചെയ്തിരുന്നു. ഞങ്ങൾ ഒരുമിച്ചൊരു സിനിമ കാണുന്നത് ആദ്യമായിട്ടായിരുന്നു. ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരിക്കെ വളരെ പെട്ടന്ന് അവൾ കരയാൻ തുടങ്ങി. അവളെന്റെ കരതലം അമർത്തിപ്പിടിച്ചു. എന്നിലേക്ക് അവൾ കണ്ണീരായി പെയ്തിറങ്ങി.
എന്റെ തോൾ അവളുടെ കണ്ണുനീരാൽ നനഞ്ഞിരുന്നു. അവളെ ശാന്തമാക്കൻ ശ്രമിച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു. എന്തിനാണ്, എന്തിനാണ് നീ സങ്കടപ്പെടുന്നത്. അവൾ പറഞ്ഞു,'' എനിക്ക് സങ്കടമല്ല, ഞാൻ സന്തോഷവതിയാണ്. അതിനാലാണ് ഞാൻ കരയുന്നത്. എനിക്ക് സന്തോഷമുണ്ട് അവനെ ഉപേക്ഷിച്ച് വന്നതിൽ. അതുകൊണ്ടാണല്ലോ എനിക്കിപ്പോൾ നിന്നോടൊത്ത് ഇരിക്കാൻ സാധിക്കുന്നത്.''
അവൾ പറഞ്ഞത് അവളുടെ പഴയകാല സ്‌നേഹബന്ധത്തെ കുറിച്ചായിരുന്നു. അയാൾക്ക് സിനിമയിൽ ആസിഫലി അവതരിപ്പിക്കുന്ന കഥാപാത്രവുമായിട്ടായിരുന്നു സാമ്യം. ഭാഗ്യവശാൽ അയാൾ തീയറ്ററിൽ ഉണ്ടായിരുന്നില്ല. മറിച്ചായിരുന്നെങ്കിൽ ദൈവം സത്യം അവൾ അവനെ അടിക്കുമായിരുന്നു.(അത്രത്തോളം അവൾ അസ്വസ്ഥയായിരുന്നു).
എന്തുമാത്രം അഭിനയിക്കുന്ന മനുഷ്യനാണ്. ഇത് അവളുടെ മാത്രം കാര്യമല്ല. എന്റെ പെൺ സൗഹൃദങ്ങളിൽ പലരും ഈ സിനിമയെക്കുറിച്ച് ഇതേ അഭിപ്രായമാണ് പറഞ്ഞത്.
പരുഷമായ പുരുഷാധിപത്യത്തിന് അടിപ്പെട്ടുപോകുന്ന പെൺ ജീവിതങ്ങളുടെ കഥകൾ വെള്ളിത്തിരയിൽ നാം അധികം കണ്ടിട്ടില്ല. 'ഉയരെ' മഹത്തായ കയ്യടി അർഹിക്കുന്നുണ്ട്.
ഹാറ്റ്‌സ് ഓഫ് മനു അശോകൻ, പാർവതി, ആസിഫലി, ടോവിനോ