Latest News

എന്റെ മനസ്സ് അങ്ങേയറ്റം വേദനയിലാണ്..; ഇങ്ങനെയൊക്കെ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..; ഫാന്‍സിന് മുന്നില്‍ എന്‍ട്രി നടത്തിയ യുവ ഗായകന്‍; പാട്ട് പാടി തുടങ്ങിയതും കണ്ടത് ആരാധകരുടെ തള്ളിക്കയറ്റം; കൈയ്യില്‍ കിട്ടിയവരെയെല്ലാം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് പോലീസ്; എന്നെ കൊന്നേ..കൊന്നേ എന്ന വിളിയും; ആകെ കുളമായ ആ സംഗീത പരിപാടിയില്‍ വിശദീകരണവുമായി ഹനാന്‍ ഷാ 

Malayalilife
 എന്റെ മനസ്സ് അങ്ങേയറ്റം വേദനയിലാണ്..; ഇങ്ങനെയൊക്കെ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..; ഫാന്‍സിന് മുന്നില്‍ എന്‍ട്രി നടത്തിയ യുവ ഗായകന്‍; പാട്ട് പാടി തുടങ്ങിയതും കണ്ടത് ആരാധകരുടെ തള്ളിക്കയറ്റം; കൈയ്യില്‍ കിട്ടിയവരെയെല്ലാം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് പോലീസ്; എന്നെ കൊന്നേ..കൊന്നേ എന്ന വിളിയും; ആകെ കുളമായ ആ സംഗീത പരിപാടിയില്‍ വിശദീകരണവുമായി ഹനാന്‍ ഷാ 

ഗായകന്‍ ഹനാന്‍ ഷായുടെ കാസര്‍കോട്ടെ സംഗീത പരിപാടിയില്‍ അമിതമായ ജനത്തിരക്ക് കാരണം വലിയ ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തില്‍, തന്റെ ദുഃഖം അറിയിച്ചുകൊണ്ട് ഗായകന്‍ രംഗത്തെത്തി. തിരക്കിനിടയില്‍ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ തനിക്ക് അങ്ങേയറ്റം സങ്കടമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

പരിപാടി പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നതിനെക്കുറിച്ചും, അന്ന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും ഹനാന്‍ ഷാ വിശദീകരിച്ചു. വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് രണ്ട് പാട്ടുകള്‍ മാത്രം പാടി താന്‍ വേദിയില്‍ നിന്ന് വേഗം മടങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. 

ഹനാന്‍ ഷായുടെ വിശദീകരണം... 'ഈവന്റ് കഴിഞ്ഞ് ഇന്ന് രണ്ടാം ദിവസമാണ്. പരിപാടിക്ക് വന്ന ആള്‍ക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആലോചിച്ചിട്ട് എന്റെ മനസ്സ് അങ്ങേയറ്റം സങ്കടത്തിലാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, കാസര്‍കോട് അന്ന് ഒത്തുകൂടിയ എല്ലാവരും എന്നെ കാണാനും, ഞാന്‍ നിങ്ങളെ കാണാനും, നിങ്ങള്‍ക്ക് വേണ്ടി പാടാനും വന്നവരാണ്. അതില്‍ എനിക്ക് അളവില്ലാത്ത സന്തോഷമുണ്ട്. 

തലേദിവസം എന്റെ ഫ്‌ലൈറ്റ് കാന്‍സലായി. പരിപാടി നടക്കില്ല എന്ന സാഹചര്യം മുന്നിലുണ്ടായിട്ടും, ഉറക്കമില്ലാതെ രണ്ട് കണക്ഷന്‍ ഫ്‌ലൈറ്റില്‍ കയറിയിട്ടാണ് ഞാന്‍ ഓണ്‍ ടൈമില്‍ കാസര്‍കോട് എത്തുന്നത്. അവസാന നിമിഷത്തെ ടിക്കറ്റ് ആയതുകൊണ്ട് കൂടെയുണ്ടായിരുന്നവര്‍ക്ക് വരാനും കഴിഞ്ഞില്ല. ഒരിടവേളയ്ക്ക് ശേഷം വരുന്നത് ആയതുകൊണ്ട് തന്നെ എല്ലാവരെയും കാണാനും വേദിയില്‍ കുറച്ചധികം സമയം ചെലവഴിക്കാനും ഞാന്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു. പരിപാടി തുടങ്ങുന്നതിന് മുന്‍പ് തന്നെ, ഈവന്റ് കഴിഞ്ഞിട്ടും ആളുകളുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഞാന്‍ തയ്യാറാണെന്നും കമ്മിറ്റിയോട് പറഞ്ഞിരുന്നു. 

അങ്ങനെ വേദിയിലേക്ക് വരാനിരിക്കുമ്പോഴാണ് സംഭവങ്ങളെക്കുറിച്ച് ഞാന്‍ അറിയുന്നത്. ടിക്കറ്റ് എടുത്തതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ പുറത്തുണ്ടെന്നും, അതുകൊണ്ട് തിരക്ക് കുറഞ്ഞ ശേഷം മാത്രം അകത്തേക്ക് കയറിയാല്‍ മതിയെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി. രാത്രി 8-9 മണി വരെ കാത്തിരുന്നിട്ടും തിരക്ക് കൂടുന്നതല്ലാതെ കുറയാഞ്ഞതിനാല്‍, ഒടുവില്‍ 9 മണിക്ക് വേദിയിലേക്ക് കയറാന്‍ അനുമതി ലഭിച്ചു. 

എന്നാല്‍, വേദിയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞതിനാലും പുറത്ത് അതിലേറെ ആള്‍ക്കാര്‍ ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനാലും, തുടര്‍ന്നാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്ന കണിശമായ മുന്നറിയിപ്പ് പോലീസ് നല്‍കി. അതുകൊണ്ട് തന്നെ പെട്ടെന്ന് രണ്ട് പാട്ട് മാത്രം പാടി നിര്‍ത്തി, സ്റ്റേജിന് പിന്നിലുള്ള കാറില്‍ എത്രയും പെട്ടെന്ന് കയറാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. അതിനാലാണ് ഞാന്‍ പിന്നിലേക്ക് ഓടിയത്. അല്ലാതെ ആള്‍ക്കാര്‍ എന്നെ ബുദ്ധിമുട്ടിച്ചിട്ടല്ല. ഇനിയും പാടാനും അവിടെ നില്‍ക്കാനും എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഞാന്‍ അവിടെന്ന് പോകുന്നതിന് അനുസരിച്ചേ ആ തിരക്ക് കുറയുകയുള്ളൂ. അതിനാല്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുന്നവരെ ആ സമയത്ത് അനുസരിച്ചേ പറ്റൂ. 

അതിനുശേഷം ഞാന്‍ ആദ്യം വിളിച്ച് അന്വേഷിച്ചതും തിരക്കിയതും ശ്വാസതടസ്സം നേരിട്ട് ആശുപത്രിയില്‍ പോയവരെക്കുറിച്ചായിരുന്നു. ബുദ്ധിമുട്ടുകളില്ലാതെ ഒരു മണിക്കൂറിനുള്ളില്‍ അവരും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ അത് വലിയ ആശ്വാസമായി. അവസാനത്തെ ഹെല്‍ത്ത് വളന്റിയര്‍ ആശുപത്രി വിടുമ്പോള്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ ഞാനായിരുന്നു. മറ്റെന്തിനെക്കാളും എനിക്ക് അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ അങ്ങേയറ്റം സങ്കടമുണ്ടായിരുന്നു. എന്റെ പരിപാടിക്ക് വന്നവര്‍ക്ക് ഈ ദുരനുഭവം ഉണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു.' ഹനാന്‍ ഷായുടെ ഈ വിശദീകരണം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. വലിയ ജനസഞ്ചയം പങ്കെടുത്ത പരിപാടിയായിരുന്നെങ്കിലും, സംഘാടനത്തിലെ വീഴ്ച കാരണമാണ് ഇത്തരം പ്രശ്നങ്ങളുണ്ടായതെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.

Read more topics: # ഹനാന്‍ ഷാ
HANAN SHA POST ABOUT kozhikod pgm

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES