കോവിഡ് ബാധഇച്ച് മരിച്ച മഹാഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ ഇപ്പോളും സുഹൃത്തുക്കള്‍ക്ക് വേദന മാറിയിട്ടില്ല. വലിയ സുഹൃദ് വലയമാണ് എസ്പിബിക്ക് ഉണ്ടായിരുന്നത്. എളിമായയാര്‍ന്ന പ്രവര്‍ത്തിയും സ്‌നേഹവും കാരണം പലര്‍ക്കും അദ്ദേഹം ദൈവതുല്യന്‍ തന്നെയായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മയില്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തളില്‍ പലരുമെത്തിയിരുന്നു. ചടങ്ങില്‍ വികാരാധീനയായി ഗായിക കെ എസ് ചിത്ര കാണപ്പെട്ടത്.. എസ്പിബിയുമായി ഒന്നിച്ചുള്ള റെക്കോര്‍ഡിങ് ഓര്‍മ്മകള്‍ പങ്കുവച്ച ചിത്ര അദ്ദേഹം തനിക്ക് ഗുരുതുല്യനായിരുന്നെന്നാണ് പറഞ്ഞത്.
ഞാന്‍ എസ്പിബിയെ ആദ്യമായി കാണുന്നത് 1984 ല്‍ ആണെന്ന് തോന്നുന്നു. പുന്നഗൈ മന്നന്‍ എന്ന സിനിമയുടെ റെക്കോഡിങ്ങിനിടെയാണ് അത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ഏറ്റവും അധികം പാട്ടുകള്‍ പാടിയിരിക്കുന്നത്. തെലുങ്ക്, തമിഴ് വാക്കുകളുടെ ഉച്ചാരണം പഠിപ്പിച്ചത് അദ്ദേഹമാണ്. വാക്കുകളും അക്ഷരങ്ങളുമെല്ലാം പുസ്തകത്തില്‍ പിന്‍ താളില്‍ എഴുതി തരുമായിരുന്നു. അതിപ്പോഴും എന്റെ പക്കലുണ്ട്. ഓരോ വാക്കിന്റെയും അര്‍ഥം, അതിന് നല്‍കേണ്ട ഭാവം അതെല്ലാം എസ്പിബി സാര്‍ എന്നെ പഠിപ്പിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ എസ്പിബി അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സഹജീവികളോട് കരുതലുള്ള ഒരു വ്യക്തി. ഒരു ഉദാഹരണം പറയാം. യുഎസില്‍ ഒരിക്കല്‍ ഒരു സംഗീത പരിപാടിയ്ക്ക് പോയിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി ഷോ ഉണ്ടായിരുന്നു. ഹോട്ടലില്‍ താമസിക്കാനായി ചെന്നപ്പോള്‍ സാറിന്റെ മുറി മാത്രമേ തയ്യാറായിട്ടുണ്ടായിരുന്നുള്ളൂ. മറ്റു മ്യൂസിഷന്‍സിന്റെ മുറി അവര്‍ വൃത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും അവര്‍ കാത്തിരിക്കണമെന്നും പറഞ്ഞു. എസ്പിബി സാര്‍ മുറിയിലേക്ക് പോയില്ല. മറ്റുള്ളവര്‍ക്ക് കൂടി മുറി കിട്ടിയാല്‍ മാത്രമേ താന്‍ പോകൂ എന്ന് അദ്ദേഹം വാശിപിടിച്ചു. ഞാന്‍ പോയാല്‍ നിങ്ങള്‍ ഇവരെ കാര്യമായി ഗൗനിക്കില്ല. അതെനിക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓരോ തവണ കാണുമ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് ആശീര്‍വാദം വാങ്ങാറുണ്ട്. സാര്‍, നിങ്ങള്‍ എവിടെയിരുന്നാലും നന്നായിരിക്കണം. താങ്കളുടെ ആശിര്‍വാദം എപ്പോഴും കൂടെയുണ്ടാവണം നിറകണ്ണുകളോടെ ചിത്ര പറഞ്ഞു.