ബെംഗളൂരുവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് കന്നഡ നടനും സംവിധായകനുമായ മയൂര്‍ പട്ടേലിനെതിരെ കേസെടുത്ത് പോലീസ്. രാത്രി പത്ത് മണിയോടെ പഴയ എയര്‍പോര്‍ട്ട് റോഡിലെ കമാന്‍ഡോ ഹോസ്പിറ്റല്‍ സിഗ്‌നലിന് സമീപമാണ് സംഭവം നടന്നത്. മയൂര്‍ പട്ടേല്‍ ഓടിച്ചിരുന്ന ഫോര്‍ച്യൂണര്‍ എസ്യുവി ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രണ്ട് സ്വിഫ്റ്റ് ഡിസയര്‍ കാറുകളും ഒരു സര്‍ക്കാര്‍ വാഹനവും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തിരക്കേറിയ ജംഗ്ഷനില്‍ ഈ അപകടം വലിയ പരിഭ്രാന്തി പരത്തി. പോലീസ് എത്തുന്നതിന് മുന്‍പ് നടന്‍ മറ്റ് വാഹന ഉടമകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്തുതന്നെ പോലീസ് നടത്തിയ പരിശോധനയില്‍ നടന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
തുടര്‍ന്ന് ഫോര്‍ച്യൂണര്‍ എസ്യുവി പോലീസ് പിടിച്ചെടുക്കുകയും ഹാലസൂരു ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. 2000-ന്റെ തുടക്കം മുതല്‍ കന്നഡ സിനിമാ വ്യവസായത്തിന്റെ ഭാഗമാണ് മയൂര്‍ പട്ടേല്‍. 2003-ല്‍ 'മണി' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്.
ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ലവ് സ്റ്റോറി, ഗുണ്ണ, സ്ലം മുനിയ, രാജീവ, പെപ്പെ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.