'മാമന്നന്' ശേഷം വടിവേലുവിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രമായ 'മാരീശന്റെ' ട്രെയ്ലര്‍ പുറത്ത്. പ്രഖ്യാപനം എത്തിയത് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാരീശന്‍'. കോമഡിക്ക് പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കും മാരീശന്‍ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2025 ജൂലൈ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ നല്‍കുന്ന സൂചന പ്രകാരം മറവിരോഗമുള്ള ആളാണ് വടിവേലുവിന്റെ കഥാപാത്രം. ഇയാളില്‍ നിന്ന് വലിയ ഒരു തുക മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഫഹദിന്റെ കഥാപാത്രം. ഇരുവരും ഒരുമിച്ച് തിരുവണ്ണാമലൈ വരെയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം 'വില്ലാളി വീരന്‍' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി. കൃഷ്ണമൂര്‍ത്തിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ മാരീസന്റെ ടീസര്‍ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.