ഇതു തീര്‍ത്താല്‍ തീരാത്ത കടമാണ്; ഈ ദുരിതകാലത്തു നമുക്കു തുണയായി നില്‍ക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടതു നമ്മുടെ കരുതലാണ് എന്ന് നടി മഞ്ജു വാര്യര്‍

Malayalilife
topbanner
 ഇതു തീര്‍ത്താല്‍ തീരാത്ത കടമാണ്; ഈ ദുരിതകാലത്തു നമുക്കു തുണയായി നില്‍ക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടതു നമ്മുടെ കരുതലാണ് എന്ന് നടി മഞ്ജു വാര്യര്‍

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധത അറിയിച്ച് സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിനായി പ്രളയ കാലത്ത്  എല്ലാവരും പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ  അതിനും സാധിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനങ്ങളുടെ സുരക്ഷക്കായി ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരുമെല്ലാം കഠിനപ്രയത്നം നടത്തുകയാണ്. എന്നാൽ ഇപ്പോൾ ഇക്കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു കൊണ്ട്  ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്റെ  ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്.  

താരത്തിന്റെ കുറിപ്പിലൂടെ 

പ്രളയ കാലത്തു എല്ലാം മറന്നു ജോലി ചെയ്ത എത്രയോ പേരെ  കണ്ടിരുന്നു. അന്നെല്ലാം കരുതിയതു ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ല എന്നാണ്. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നതു നമ്മുടെ ആളുകളുടെ സമർപ്പണത്തിനു അതിരുകളില്ല എന്നാണ്. രോഗം പ്രതിരോധിക്കാനായി നാമെല്ലാം വീടിനകത്താണ്.  എന്നാൽ രോഗികളെ അതിഥികളെപ്പോലെ വിളിച്ചു വരുത്തി സ്വീകരിച്ചു സാന്ത്വനിപ്പിക്കുന്നവർ ദിവസങ്ങളായി പുറത്തുതന്നെയാണ്. രോഗത്തിനു നടുവിൽ. ഒരു നഴ്സ് പറഞ്ഞതു 28 കിലോമീറ്റർ സ്കൂട്ടർ ഓടിച്ചാണു ജോലിക്കു പോകുന്നതെന്നാണ്. എത്ര ദിവസമാണു ഡ്യൂട്ടിയെന്നു പറയാനാകില്ല. കുട്ടികളെയും വീട്ടുകാരെയുമെല്ലാം മറ്റൊരു വീട്ടിൽ താമസിപ്പിച്ചിരിക്കുന്നു. വന്നു സ്വയം പാചകം ചെയ്തു കിടന്നുറങ്ങി പിറ്റേ ദിവസം എഴുന്നേറ്റു പോകുന്നു. ഡോകട്ർമാരുടെയും ഫാർമസിയിലുള്ളവരുടെയും ഡ്രൈവർമാരുടെയുമെല്ലാം അവസ്ഥ ഇതുതന്നെയാകും.

ഞാൻ ഹിമാലയത്തിലെ മഞ്ഞിടിച്ചിലിൽ പെട്ടുപോയിട്ടുണ്ട്. അവിടെ ജീവൻ പണയംവച്ചു രക്ഷാപ്രവർത്തനം നടത്തുന്നവരെക്കുറിച്ചു കേട്ടിരുന്നു. അവർക്കെല്ലാമുള്ള പ്രതീക്ഷ ഇന്നോ നാളെയോ മറ്റന്നാളോ അവസാനിക്കുമെന്നതാണ്. എന്നാൽ ഇപ്പോൾ രോഗികളെ പരിചരിക്കുന്ന ആർക്കും ഇതെന്ന് അവസാനിക്കുമെന്നറിയില്ല.  രാവും പകലും അറിയാതെ അവർ ജോലി ചെയ്യുന്നു. വിദേശത്തെ ആശുപത്രികളിൽ കോണിച്ചുവട്ടിലും അലമാരത്തട്ടിലുമെല്ലാം ഉറങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ വിഡോയോ കണ്ടു. മാസ്കുവച്ചു തടിച്ചു മുറിഞ്ഞ പലരുടെയും മുഖം കണ്ടു. നമ്മുടെ ആശുപത്രികളിൽജോലി ചെയ്യുന്നവരും  രാത്രി എല്ലാം മറന്നു സ്വന്തം വീടിന്റെയും വേണ്ടപ്പെട്ടവരുടെയും  സുരക്ഷയിൽ ഉറങ്ങിയിട്ടു നാളുകളായിക്കാണും. അവരുടെ മക്കൾ ദിവസങ്ങളായി അവരെ കണ്ടിട്ടുണ്ടാകില്ല. എന്താണു സംഭവിക്കുന്നതെന്നുപോലും അറിയാത്ത കൊച്ചു കുട്ടിയോടു അച്ഛനും അമ്മയും എന്താണു മടങ്ങിവരാത്തതെന്നു എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. അച്ഛനും അമ്മയും ഒരു വീഡിയോ കോളിനപ്പുറമായ എത്രയോ കുട്ടികളുണ്ട്.

അരിയും ചുമന്നു കാടു കയറി പ്രായമായൊരു സ്ത്രീക്കു അരി എത്തിച്ചുകൊടുക്കുന്ന പൊലീസുകാരുടെ  വീഡിയൊ കണ്ടു.സ്വന്തം അമ്മയ്ക്കു കൊടുക്കുന്ന വാത്സല്യത്തോടെയാണവർ അരി സമ്മാനിക്കുന്നത്. ഇപ്പോൾ ഒരാൾക്കുപോലും പൊലീസിനെ പേടിയില്ല. അവർ രക്ഷകർ മാത്രമായിരിക്കുന്നു. റോഡരികിൽ ഉറങ്ങുന്ന പ്രായമായ ഒരാൾക്കു സ്വന്തം പൊതിച്ചോറു നൽകുന്ന പൊലീസുകാർക്കു വേണ്ടി ഈ നാടുമുഴുവൻ സല്യൂട്ട് ചെയ്യും.

കൊണ്ടുവരുന്ന പച്ചക്കറി ചാക്കിൽ വൈറസ് ഉണ്ടോ ഇല്ലയോ എന്നറിയാതെ അതിന്റെ ഭവിഷ്യത്ത് അറിഞ്ഞുകൊണ്ടുതന്നെ തൊഴിലാളികൾ മാർക്കറ്റിൽ ചരക്കിറക്കുന്നു. എത്രയോ കച്ചവടക്കാർ അതെടുത്തുകൊണ്ടുപോയി വിൽക്കുന്നു. രോഗത്തെ വിളിപ്പാടകലെ നിർത്തിക്കൊണ്ടു ഇവരെല്ലാം ജോലി ചെയ്യുന്നു. ഇവരാണു ഈ നാടിനെ നിലനിർത്തുന്നത്. ആരും പട്ടിണി കിടക്കില്ലെന്നൊരു സർക്കാർ പറയുമ്പോൾ അതുണ്ടാക്കുന്ന ധൈര്യം ചെറുതല്ല. നമ്മുടെ വീട്ടിലെ ഭക്ഷണം ആർക്കെല്ലാം പകുത്തുകൊടുക്കണമെന്നു നാം ആലോചിക്കുന്നത് അപ്പോഴാണ്. ഫ്ളാറ്റ് മുറികളിൽ അടയ്ക്കപ്പെട്ടു സ്വന്തം ലോകം തീർത്തിരുന്ന പലരും പറഞ്ഞു, അയൽവാസിയെ കണ്ടതു സംസാരിച്ചതും ഈ ദിവസങ്ങളിലാണെന്ന്. പരസ്പരം പങ്കുവയ്ക്കുന്ന ഭക്ഷണത്തിൽ സ്വാദു മാത്രമല്ല കരുതലും സ്നേഹവുമുണ്ടെന്നു മനസ്സിലായതും ഇപ്പോഴാണ്. ഇത്തരം എത്രയോ സ്നേഹ സന്ദേശങ്ങളും എനിക്കു കിട്ടുന്നു.

ഈ ദുരിതകാലത്തു നമുക്കു തുണയായി നിൽക്കുന്ന ഓരോരുത്തർക്കും വേണ്ടതു നമ്മുടെ കരുതലാണ്. വഴിയിൽ നിൽക്കുന്നൊരു പൊലീസുകാരൻ എത്രയോ ദിവസമായി അവിടെ വെയിലത്തും രാത്രിയിലുമെല്ലാം നിൽക്കുകയാണെന്നു  നമുക്കോർക്കാം. ആശുപത്രിയിൽനിന്നും വീട്ടിൽപോകാതെ ഏതെങ്കിലും ബഞ്ചിലുറങ്ങി ക്വാറന്റീൻ മുറിയിലേക്കു വീണ്ടും വീണ്ടും  പോകുന്നവരാണു ഈ നാടിനെ രക്ഷിക്കുന്നതെന്നു നമുക്കോർക്കാം. ഇവരാരും നമ്മളോട് ഒന്നും ചോദിക്കുന്നില്ലെന്നും നമുക്കോർക്കാം. ഇതു തീർത്താൽ തീരാത്ത കടമാണ്.

Manju Warrier says everyone who helps us in these difficult times needs our care

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES