മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ വൃഷഭയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യോദ്ധാവിനെപ്പോലെ കയ്യില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററ്റില്‍ ഉള്ളത്.പിറന്നാളിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം 2025 ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍ എത്തും. തന്റെ ആരാധകര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹന്‍ലാല്‍ പങ്കുവച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ആയിരുന്നു അവസാന ഷെഡ്യൂള്‍. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ റിലീസിനെത്തും.
സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂറും ലാലേട്ടനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഇവര്‍ക്കൊപ്പം നടന്‍ റോഷന്‍ മേക്കയും കൈകോര്‍ക്കുന്നുണ്ട്.
ചിത്രീകരണം തുടങ്ങി അധികം വൈകാതെ സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെയാണ് 2025 ഒക്ടോബര്‍ 16ന് വൃഷഭ തിയേറ്ററിലെത്തുന്നു എന്ന് അറിയിച്ചത്.