സിനിമാ ലോകത്ത് നിന്ന് അപ്രതീക്ഷിതമായി വിട്ടുനില്‍ക്കേണ്ടി വന്നതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി നടിയും നര്‍ത്തകിയുമായ മുമൈത് ഖാന്‍. 2016-ല്‍ സംഭവിച്ച ഒരു അപകടത്തില്‍ തലച്ചോറിലെ അഞ്ച് ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 15 ദിവസം കോമയിലാവുകയും ചെയ്തതാണ് ഇതിന് കാരണമെന്ന് അവര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അപകടത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തേക്ക് യാതൊരു ജോലിയും ചെയ്യരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു.
എന്തെങ്കിലും ഉയര്‍ത്താന്‍ പോലും തനിക്ക് സാധിച്ചിരുന്നില്ലെന്നും, ദൈവം തനിക്ക് നല്‍കിയ സിനിമാ ജീവിതത്തിന് ദൈവം തന്നെ വിരാമമിട്ടുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മുമൈത് ഖാന്‍ പറഞ്ഞു. വര്‍ഷങ്ങളോളം ജോലി ചെയ്യാന്‍ കഴിയാതിരുന്ന ആ കാലയളവില്‍ സാമ്പത്തികമായി തന്റെ അമ്മയാണ് പിന്തുണ നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ നിന്ന് വിട്ടുനിന്ന ഈ ഏഴ് വര്‍ഷം സ്വയം പഠനത്തിനായി വിനിയോഗിച്ചപ്പോള്‍, മേക്കപ്പിനോടും ഹെയര്‍ സ്‌റ്റൈലിങ്ങിനോടുമുള്ള തന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞതായി മുമൈത് ഖാന്‍ വെളിപ്പെടുത്തി.
ഓരോ സിനിമയിലും ഓരോ ഗാനത്തിലും താന്‍ ഒരേ രൂപം ആവര്‍ത്തിച്ചിരുന്നില്ലെന്നും, ഓരോ തവണയും അത് വ്യത്യസ്തമായിരുന്നുവെന്നും അവര്‍ അനുസ്മരിച്ചു. ഈ തിരിച്ചറിവ് സ്വന്തമായി ഒരു ഹെയര്‍ ആന്‍ഡ് മേക്കപ്പ് ക്ലിനിക്ക് ആരംഭിക്കാന്‍ പ്രേരിപ്പിച്ചു. നിലവില്‍ ഇത് വിജയകരമായി മുന്നോട്ട് പോവുകയാണെന്നും, സിനിമാ ജീവിതം ഉപേക്ഷിച്ചതില്‍ യാതൊരു ഖേദവുമില്ലെന്നും മുമൈത് വ്യക്തമാക്കി.
'പോക്കിരി'യിലെ 'എന്‍ ചെല്ലപ്പേര് ആപ്പിള്‍', 'കന്ദസാമി'യിലെ 'എന്‍ പേര് മീനാ കുമാരി', 'മമ്പട്ടിയാന്‍' എന്ന ചിത്രത്തിലെ 'മലയൂര് നാട്ടാമ', 'വില്ല്' എന്ന ചിത്രത്തിലെ 'ഡാഡി മമ്മി വീട്ടിലില്ലൈ' തുടങ്ങിയ ഗാനങ്ങളിലൂടെ മുമൈത് ഖാന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2001-ല്‍ തമിഴ് ചിത്രമായ 'മജ്‌നു'വിലെ കാമിയോ റോളിലൂടെയാണ് അവര്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 'യെ ക്യ ഹോ രഹാ ഹൈ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു