താരസംഘടനയായ 'അമ്മ'യുടെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് നടി അന്‍സിബയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കടവന്ത്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അപ്പീല്‍ ആലോചനകള്‍ സജീവം. ജിഹാദിയെന്നും മതതീവ്രവാദിയെന്നും വിളിച്ച് ആക്ഷേപിച്ചതിനും, പരസ്യമായി അശ്ലീല-ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് കടുത്ത വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ താരം കടുത്ത നിയമപ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന 'അമ്മ' കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു ടിനി ടോം അന്‍സിബയ്ക്കെതിരെ അധിക്ഷേപകരമായ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയത്. നടിയെ പരസ്യമായി മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറിലെ പ്രധാന കണ്ടെത്തല്‍.
ഇതിനുപുറമെ, നടി ഒപ്പമുള്ള മറ്റ് അംഗങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന രീതിയില്‍ വര്‍ഗ്ഗീയ അധിക്ഷേപങ്ങള്‍ നടത്തിയതായും പരാതിയിലുണ്ട്. 'ജിഹാദി' എന്നും 'മതതീവ്രവാദി' എന്നും വിളിച്ച് നടിയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ടിനി ടോം ബോധപൂര്‍വ്വം പ്രചാരണം നടത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു. അതിനിടെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിയമപരമായി നേരിടാനാണ് ടിനി ടോമിന്റെ നീക്കം. പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം നടന്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ചുവരികയാണ്.
മറുഭാഗത്ത്, കേസ് രജിസ്റ്റര്‍ ചെയ്ത കടവന്ത്ര പോലീസ് വരുംദിവസങ്ങളില്‍ തന്നെ ടിനി ടോമിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം നടന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ വിവാദവുമായി ബന്ധപ്പെട്ട് നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെ പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു.
പരാതിയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒന്‍പതാം തീയതിക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലാരിവട്ടം എസ്.എച്ച്.ഒ.യ്ക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ ഈ ഇടപെടല്‍ കേസില്‍ വലിയ വരിത്തിരിവാകുമെന്നാണ് കരുതുന്നത്. അമ്മ' സംഘടനയ്ക്കുള്ളില്‍ വലിയ തോതിലുള്ള ചേരിതിരിവിനും ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും ഈ സംഭവം ഇതിനോടകം വഴിവെച്ചിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ ഉള്‍പ്പെട്ട ക്യാമ്പില്‍ ഇത്തരമൊരു അതിക്രമം നടന്നിട്ടും നേതൃത്വം കൃത്യമായ നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്.
സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍, പ്രമുഖ നടനെതിരെ ഉയര്‍ന്ന ലൈംഗിക-വര്‍ഗ്ഗീയ അധിക്ഷേപ കേസ് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഹൈക്കോടതി നിലപാട് അനുസരിച്ചായിരിക്കും ടിനി ടോമിന്റെ തുടര്‍ന്നുള്ള നിയമസാധ്യതകള്‍. താരസംഘടനയുടെ ഔദ്യോഗിക പരിപാടിയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ചുണ്ടായ ഈ നാടകീയ സംഭവങ്ങള്‍ വരുംദിവസങ്ങളില്‍ ചലച്ചിത്ര രംഗത്ത് കൂടുതല്‍ പരസ്യമായ വാക്പോരുകള്‍ക്ക് കാരണമായേക്കും.