Latest News

അദാനി ഗ്രൂപ്പില്‍നിന്ന് 'അമ്മ'യ്ക്ക് 15 കോടി സംഭാവനയായി ലഭിക്കും; ബിജെപി നേതാവ് പദ്മജ മേനോന്‍ അഭിമുഖത്തില്‍ പറയുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു മാല പാര്‍വതി; ശ്വേത മേനോന് രാഷ്ട്രീയ അജണ്ട; കലാകാരന്‍മാരുടെ ഇടയില്‍ ധ്രുവീകരണം നടത്തുന്ന ആള്‍ക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്; പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഈഗോ ക്ലാഷെന്നും ആരോപണം

Malayalilife
 അദാനി ഗ്രൂപ്പില്‍നിന്ന് 'അമ്മ'യ്ക്ക് 15 കോടി സംഭാവനയായി ലഭിക്കും; ബിജെപി നേതാവ് പദ്മജ മേനോന്‍ അഭിമുഖത്തില്‍ പറയുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു മാല പാര്‍വതി; ശ്വേത മേനോന് രാഷ്ട്രീയ അജണ്ട; കലാകാരന്‍മാരുടെ ഇടയില്‍ ധ്രുവീകരണം നടത്തുന്ന ആള്‍ക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്; പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഈഗോ ക്ലാഷെന്നും ആരോപണം

താരസംഘടനയായ 'അമ്മ' പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാര്‍ രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളം വിളിച്ചാണ് നടിമാര്‍ ശ്വേതക്കെതിരെ രംഗത്തുവന്നത്. നടി അന്‍സിബ ഹസനെ വര്‍ഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് 'അമ്മ'യില്‍ നടന്നതെന്ന് നടി മാലാ പാര്‍വതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അന്‍സിബ അവകാശപ്പെട്ടു. 

ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. ഉഷ ഹസീന, അന്‍സിബ ഹസന്‍, മാലാ പാര്‍വതി, മായ വിശ്വനാഥ് എന്നിവര്‍ സംയുക്തമായി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. കഴിഞ്ഞദിവസം പുറത്തുവന്ന ശ്വേതയും നടന്‍ രമേശ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ ആരോപണങ്ങള്‍ക്ക് നടിമാര്‍ അക്കമിട്ട് മറുപടി നല്‍കി. അദാനി ഗ്രൂപ്പില്‍നിന്ന് 'അമ്മ' സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നതിന്റെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ മാലാ പാര്‍വതി പ്രദര്‍ശിപ്പിച്ചു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍നിന്നും തങ്ങള്‍ക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാര്‍വതി വ്യക്തമാക്കി. 

'ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍നിന്ന് ശ്വേതയുടെ വിശ്വാസ്യതയില്‍ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവില്‍ അവര്‍ അമ്മ അംഗമല്ല. മള്‍ട്ടി നാഷണല്‍ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യം.' വീഡിയോ പ്രദര്‍ശിപ്പിച്ച ശേഷം മാലാ പാര്‍വതി പറഞ്ഞു. ശ്വേത കോണ്‍ഗ്രസ് ആണെന്ന് പറയുന്നു. അവര്‍ക്ക് ഏത് പാര്‍ട്ടി വേണമെങ്കിലും ആവാം. അതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും. അത് ചോദ്യം ചെയ്യുന്ന ആളായിരുന്നു അന്‍സിബ. അന്‍സിബയെന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വര്‍ഗീയവാദിയാക്കി, ജിഹാദിയാക്കി ഓടിക്കാനുള്ള ശ്രമമാണ് നടന്നത്. ഹിന്ദു ക്ഷേത്രത്തില്‍നിന്ന് പണം വാങ്ങിയതിന്റെ പേരില്‍ അവര്‍ വര്‍ഗീയത നടപ്പിലാക്കിയെന്ന് ഓരോരുത്തരെയും വിളിച്ചുപറഞ്ഞ് ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കും എന്നുള്ളത് ആരോപണമല്ല, എന്റെ അനുഭവമമാണ്. 

എന്തുകൊണ്ടാണ് ശ്വേത എനിക്ക് മൈക്ക് തരാതെ ജനറല്‍ ബോഡിയില്‍ വട്ടം പിടിച്ചുനിന്നത്? ഞാന്‍ സംസാരിക്കാന്‍ പാടില്ല, മാധ്യമങ്ങളില്‍ പോവും എന്നാണ് പറഞ്ഞത്. രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം അജന്‍ഡയോടുകൂടി അവര്‍ പുറത്തുവിട്ടു. ഒരാള്‍ കൂടി ആ ഫോണ്‍കോളില്‍ ഉണ്ടായിരുന്നു.' മാലാ പാര്‍വതി പറഞ്ഞു. 'അന്‍സിബ നാലു പേരെ മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് ശ്വേത എന്നോട് പറഞ്ഞു. ശ്വേത എന്താണ് സംസാരിക്കുന്നത്, അങ്ങനെ പറയല്ലേ എന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായി. നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ പുറത്തുപറയും, ഇത് സാമൂഹിക വിഷയമാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവില്ല എന്നായിരുന്നു ശ്വേതയുടെ മറുപടി. നിങ്ങള്‍ ഇന്‍ഡസ്ട്രിയുടെ പുറത്താവും. നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ് പറയുന്നത്, മാറി നില്‍ക്കണം. 

അന്‍സിബയുടെ പ്രശ്‌നത്തില്‍ ഇടപെടരുതെന്ന് ശ്വേത എന്നോട് പറഞ്ഞു. എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് വളരെയധികം ആലോചിച്ച ശേഷമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഞാന്‍ വിളിച്ചത്. ശ്വേതയുമായി തര്‍ക്കമുണ്ടായ ശേഷമാണ് ഞാന്‍ അവര്‍ക്ക് ഗൂഢാലോചനക്കാരിയായത്. ഗൂഢാലോചനയില്ല, ആലോചന നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണവും വര്‍ഗീയവാദവും നടത്തുന്ന, മനുഷ്യരെ ഒന്നായി കാണാന്‍ പറ്റാത്ത, ജാതിമതങ്ങളെ ഒന്നായി കാണാന്‍ പറ്റാത്ത, കലാകാരന്മാരുടെ ഇടയില്‍ ധ്രുവീകരണം നടത്തുന്ന ആളുകളല്ല അമ്മയെ ഭരിക്കേണ്ടത് എന്നത് എന്റെ വിശ്വാസമാണ്', മാലാ പാര്‍വതി വ്യക്തമാക്കി. 

'നാളെ വരാനിരിക്കുന്ന 'കേരള സ്റ്റോറി'യാണ് അവിടെ നടക്കുന്നതെന്നു മനസിലായതുകൊണ്ടും അതിനെ എതിര്‍ക്കണമെന്ന ഉത്തമവിശ്വാസം കൊണ്ടുമാണ് ഞാന്‍ അവിടെ പ്രതികരിച്ചത്. തട്ടമിടാത്ത, അമ്പലത്തില്‍ വരെ പോകുന്ന, മലപ്പുറംകാരി മുസ്ലിം മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുവെന്ന കഥ സിനിമയായി വന്നാല്‍ അത് ഉത്തരേന്ത്യയിലൊക്കെ നന്നായി ഓടും. ഈ കഥയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നതുകൊണ്ടാണ് ഞാന്‍ എതിര്‍ത്തത്. ഒരു പ്രത്യേക പാര്‍ട്ടിയില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയില്ലേ എന്ന ബാബുരാജിന്റെ ആരോപണം ജനറല്‍ ബോഡി ഗൗരവമായി എടുത്തിരുന്നില്ല. ലക്ഷ്മിപ്രിയ പിറ്റേ ദിവസം പറയുമ്പോഴാണ് ഇത്രയും ഗൗരവമുണ്ടായിരുന്നോ എന്ന് ഞങ്ങള്‍ ആലോചിക്കുന്നത്. ആരോപണത്തിന് മറുപടി പറയാതെ അവര്‍ അവിടെനിന്ന് ഇറങ്ങിയോടി. എന്തിനാണ് ഇറങ്ങിയോടിയതെന്ന് അറിയില്ല.' 

'കൈയും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതല ഏല്‍പ്പിച്ചത്. ബോളിവുഡില്‍ നടന്നപോലെ, സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ മാറ്റി നാടിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമത്തെ മുളയിലേ നുള്ളാന്‍ ശ്രമിച്ചു എന്ന ഗൂഢാലോചനാ കുറ്റമുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ട്. അശ്ലീലഭാഷ ഉപയോഗിച്ചിട്ടില്ല, രൂക്ഷമായി സംസാരിച്ചിട്ടുണ്ട്.' അവര്‍ കൂട്ടിച്ചേര്‍ത്തു.

maala parvathy against amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES