മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം സുപ്രിയ പങ്കുവെക്കുമ്പോഴാണ് ആരാധകര്‍ അറിയുന്നത്. അങ്ങനെയൊരു വിശേഷമായിരുന്നു അല്‍പം വേദനയോടെ ആയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സുപ്രിയ അറിയിച്ചത്. ഭാര്യയുടെ പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജും എത്തിയതോടെ ആരാധകരും ഈ വിശേഷം ഏറ്റെടുക്കുകയായിരുന്നു.
പൃഥ്വിയ്ക്ക് ഒപ്പം ലണ്ടനിലായിരുന്നു സുപ്രിയയുടെ പിറന്നാള്‍ ആഘോഷം. ഇപ്പോഴിതാ, ആ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മകള്‍ അലംകൃത എന്ന ആലിയെ കൂട്ടാതെയാണ് ഇരുവരും ലണ്ടനിലെ മിലോസ് എന്ന പ്രശസ്തമായ റെസ്റ്റോറന്റില്‍ എത്തിയത്. ഇരുവരുടെയും സുഹൃത്തും റെസ്‌റ്റോറന്റ് ഉടമയുമായ ഐപ്പ് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് ചിത്രങ്ങള്‍ പുറത്തെത്തിയത്.
സുപ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു കുറിപ്പിലൂടെയായിരുന്നു നടനും ഭര്‍ത്താവുമായ പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചത്. സുപ്രിയയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സെല്‍ഫി പങ്കുവച്ച 'ഹാപ്പി ബെര്‍ത്ത്‌ഡേ പാര്‍ട്നര്‍. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കില്‍, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,'' എന്നായിരുന്നു പൃഥ്വി കുറിച്ചത്. 2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.
അതേസമയം, തന്റെ ജന്മദിനത്തില്‍ മരണപ്പെട്ട പിതാവിന്റെ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയുള്ള കുറിപ്പ് ആണ് സുപ്രിയ പോസ്റ്റ് ചെയ്തത്. കുറിപ്പിനൊപ്പം ആശംസകള്‍ അറിച്ച എല്ലാവര്‍ക്കും സുപ്രിയ നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. അച്ഛന്റെ ഓര്‍മ്മകളെക്കുറിച്ച് ഇതിന് മുന്‍പും സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.