Latest News

ഇങ്ങനെയും ഒരു മുഖം ആ കുലീനതക്ക് പിന്നില്‍ ഉണ്ടോ എന്ന് അതിശയിച്ചുപോയി: ബാലചന്ദ്ര മേനോന്‍

Malayalilife
ഇങ്ങനെയും ഒരു മുഖം ആ കുലീനതക്ക് പിന്നില്‍ ഉണ്ടോ എന്ന് അതിശയിച്ചുപോയി: ബാലചന്ദ്ര മേനോന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറെ നടി ഭാ ഗ്യലക്ഷ്മിയും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. തനിക്ക് ഭാഗ്യലക്ഷ്മിയെ തന്റെ ആദ്യ ചിത്രമായ "ഉത്രാടരാത്രി" മുതല്‍ അറിയാമെന്ന് പറയുന്ന ബാലചന്ദ്ര മേനോന്‍ അവര്‍ക്കിങ്ങനെ ഒരു ദുര്യോഗമുണ്ടായതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്ന് തുറന്ന് പറയുകയാണ്. 

ബാലചന്ദ്ര മേനോന്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്

പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ നാം കണ്ടിട്ടുണ്ട് . ഇഷ്ടമില്ലാത്തവരുടെ കോലം കത്തിച്ചു ,"കത്തട്ടങ്ങിനെ കത്തട്ടെ ..." എന്ന് മുദ്രാവാക്യം മുഴക്കുന്നത് വരെ . എന്നാല്‍ ഒരു ട്രാക്റ്റര്‍ ലോറിയില്‍ കൊണ്ടു വന്നിട്ട് ജനനിബിഡമായ ഇന്ത്യ ഗേറ്റിനരികില്‍ കത്തിച്ചു പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ധാര്‍മ്മികരോഷമാണ് ഇന്നത്തെ പ്രധാനവാര്‍ത്ത.

കര്‍ഷകര്‍ക്ക് മാത്രമല്ല , അസഹിഷ്ണുതയും ധാര്‍മിക രോഷവും ഇപ്പോള്‍ 'തൂണിലും തുരുമ്ബിലും' ഉണ്ടെന്നുള്ളതാണ് വാസ്തവം . ഇന്നലെ മുഴുവന്‍ എല്ലാ ചാനലുകളും മത്സരിച്ചു സംപ്രേഷണം ചെയ്ത ശ്രീമതി ഭാഗ്യലക്ഷ്മിയുടെ കരി ഓയില്‍ പ്രയോഗവും കടന്നാക്രമണവും തന്നെയാണ് ഈ കുറിപ്പിന് ആധാരം . "തന്നെപ്പറ്റി മോശമായ ഒരു പരാമര്‍ശം വന്നിട്ട് അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പൊലീസും പൊതു സമൂഹവും തയ്യാറായില്ല" എന്ന ഭാഗ്യലക്ഷ്മിയുടെ പരാതി തന്നെയാണ് ഇപ്പോള്‍ എന്റെ ഈ പ്രതികരണത്തിന് കാരണമെന്നും കരുതാം ...

എന്റെ ആദ്യ ചിത്രമായ "ഉത്രാടരാത്രി" മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം. എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട് ."ഞാന്‍ സംവിധാനം ചെയ്യും " എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട് . ഞാന്‍ നയിക്കുന്ന റോസസ് ദി ഫാമിലി ക്ല്ബ്ബിന്റെയും , എന്റെ പുസ്തകപ്രകാശങ്ങളുടെയും ചടങ്ങുകളിലൊക്കെ അവര്‍ സജീവ സാന്നിധ്യമായിരുന്നു . കോടമ്ബാക്കത്തു നിന്നും ഭാഗ്യലക്ഷ്മി തിരുവനന്തപുരത്തു വന്നതും എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും എനിക്ക് സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു

വെറും ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ് എന്നതിലുപരി അനന്തപുരിയിലെ സാമൂഹ്യ രംഗങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ അവര്‍ വെച്ചടി വെച്ചടി ഉല്‍സുകയാകുന്നതും അഭിമാനത്തോടെ തന്നെ ഞാന്‍ കണ്ടിട്ടുണ്ട് . വേഷവിധാനത്തിലും ഇടപഴലുകളിലും നോക്കിലും വാക്കിലും ഒരു കുലീനത സൂക്ഷിക്കാന്‍ മനപ്പൂര്‍വ്വമായി ശ്രമിക്കുന്ന ഒരു ഒരാളായിട്ടാണ് ഞാന്‍ അവരെ മനസ്സിലാക്കിയിരിക്കുന്നത് . എന്നാല്‍ ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളില്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി .ഇങ്ങനെയും ഒരു മുഖം ആ കുലീനതക്ക് പിന്നില്‍ ഉണ്ടോ എന്ന് അതിശയിച്ചുപോയി .

വൈകിട്ടത്തെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി തന്റെ പ്രവര്‍ത്തിയെ സാധൂകരിച്ചു പറയുന്നതും ഞാന്‍ ശ്രദ്ധിച്ചു. "സ്വന്തം ചോരക്കു നോവുമ്ബം ചോര പ്രതികരിക്കും'" എന്നവര്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു .'ആരാന്റമ്മക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേല് " എന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് . തന്റെ മക്കളുടെയും മരുമകളുടെയും മുന്നില്‍ തനിക്കു തോന്നിയ അഭിമാനക്ഷതം അവര്‍ പറയുന്നത് തികച്ചും ന്യായം . ഒരു പ്രത്യേക നിമിഷത്തില്‍ തന്റെ നിയന്ത്രണം വിട്ടു പോയി എന്ന് തുറന്നുസമ്മതിക്കാനും അവര്‍ മടിച്ചില്ല .. ഇടപെടേണ്ടവര്‍ സമയത്തു ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് കേരളത്തിലെ സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ചു വക്കാലത്തെടുക്കേണ്ടി വന്നതെന്നാണ് അവര്‍ സമര്‍ത്ഥിച്ചത്. അവര്‍ക്കിങ്ങനെ ഒരു ദുര്യോഗമുണ്ടായതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു.

ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ച വീഡിയോ ഞാന്‍ കണ്ടില്ല , അതിനു ഹേതുവായ വ്യക്തിയെ ഒട്ടറിയുകയുമില്ല . " നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി " എന്ന് പറഞ്ഞ ശ്രീ തോപ്പില്‍ ഭാസിയെയാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് .

" അച്ചനു ഈ പട്ടം തന്നതും എന്റെ അരക്കെട്ടഴിച്ചതും ഈ സമൂഹമാണച്ചോ " എന്ന് പറയിപ്പിച്ച ശ്രീ എന്‍.എന്‍ പിള്ളയേയും .( കാപാലിക എന്ന നാടകമാണോ എന്ന് സംശയം )

അപ്പോള്‍ അതാണ് കാര്യം . സമൂഹമാണ് ഇതിനു കാരണം . സമൂഹം എന്നാല്‍ ഞാനും നിങ്ങളും അങ്ങിനെ എല്ലാവരും . അതിന്റെ അര്‍ഥം, എന്റെ ഒരു വിരല്‍ ലാപ്ടോപ്പിന്റെ കീബോര്‍ഡില്‍ ഈ പോസ്റ്റ് തയ്യാറാക്കുമ്ബോള്‍ മറ്റു ശേഷമുള്ള നാല് വിരലുകള്‍ എനിക്ക് നേരെ കുന്തമുനകള്‍ പോലെ നില്‍ക്കുന്നു എന്നെനിക്കു തോന്നുന്നു . .അപ്പോള്‍ നാം നന്നാവുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളു ...

ഭാഗ്യലക്ഷ്മിയുടെ കാര്യത്തില്‍ പൊതു സമൂഹം പ്രതികരിച്ച രീതിയോടാണ് എനിക്ക് വിയോജിപ്പുള്ളത് . സമൂഹം അങ്ങേയറ്റം ബഹുമാനിക്കുന്ന സുഗതകുമാരി ടീച്ചറും, ആരോഗ്യമന്ത്രിയും , വനിതാകമ്മീഷന്‍ ചെയര്‍മാനുമൊക്കെ ഒരാളിന്റെ വീട്ടില്‍ കയറിച്ചെന്നു കരി ഓയില്‍ ഒഴിച്ച്‌ കയേറ്റം ചെയ്ത ഒരാളെ അഭിനന്ദിക്കുന്ന തലത്തില്‍ പെരുമാറിയത് നല്ല സന്ദേശമാണോ നല്‍കുന്നത് എന്ന് കൂടി ആലോചിക്കണം . കുറ്റവാളിയെ പിടിക്കേണ്ട ജോലി പോലീസിനും , ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്കും , അവരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത് . വികാരവിക്ഷോഭം ഉണ്ടാകുമ്ബോള്‍ ബുദ്ധി കൈവിട്ടു വികാരത്തിന് അടിമപ്പെടുന്നത് ശരിയാണോ എന്ന് ഭാഗ്യലക്ഷ്മിക്കു പിന്തുണ പ്രഖ്യാപിച്ച സംഘടനകളും ഒരു നിമിഷം ഓര്‍ക്കണം . ഇവിടെ നടന്നിരിക്കുന്നത് തികച്ചും ഒരു നിയമ പ്രശ്നമാണ് . നിയമം നിയമത്തിന്റെ വഴിക്കു പോകും; പോകണം .ഹിതപരിശോധനക്കു ഇവിടെ യാതൊരു പ്രസക്തിയുമില്ല . സമൂഹമനസ്സാക്ഷിയെ കൂട്ടുപിടിച്ചു ഇവിടെ നടന്ന കുറ്റകൃത്യത്തെ അതിരു വിട്ടു ആദര്‍ശവല്‍ക്കരിച്ചാല്‍ , അങ്ങിനെ ഓരോരുത്തരും ഇതിനെ മാതൃകയായി സ്വീകരിച്ചാല്‍ , "പല്ലിനു പല്ല് ; നഖത്തിന് നഖം " എന്ന നിലയില്‍ അടി തുടങ്ങിയാല്‍ എന്താവും സ്ഥിതി എന്നാലോചിച്ചു നോക്കുക ....

ഇവിടുത്തെ പ്രധാന വില്ലന്‍ സോഷ്യല്‍ മീഡിയ ആണ് . കോവിഡ് വെക്കേഷന്‍ തുടങ്ങിയതില്‍ പിന്നെ യു ട്യൂബിന്റെ പ്രളയമാണ് . നവജാത ശിശുവും ഒരു ചാനാലായിട്ടാണ് അവതരിക്കുന്നത് . സമൂഹ മാധ്യമങ്ങളില്‍ ആര് ,എവിടെ, എന്ത് കാട്ടിക്കൂട്ടുന്നു എന്നത് മോണിറ്റര്‍ ചെയ്യാനുള്ള ഒരു സംവിധാനം പ്രായോഗികമാണോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .സെന്‍സറിങ് ഇല്ലാത്തതു കൊണ്ട് ആര്‍ക്കും എന്തും ആരെപ്പറ്റിയും എഴുതാം എന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനുള്ള ശ്രമം എത്രയും പെട്ടന്ന് ആരംഭിച്ച പറ്റൂ . ചാനലുകളിലെ സായാഹ്നചര്‍ച്ചകളില്‍ മാത്രമായി ഇത് ഒതുങ്ങിപ്പോകരുത്. ഒന്നേ എനിക്ക് പറയാനുള്ളു . ....ട്രാക്ടര്‍ കത്തിക്കുന്നത് പോലെ ലാഘവമായി ഇവിടെ നടന്ന ഈ സംഭവത്തെ നിസ്സാരവല്‍ക്കരിക്കരുത് ....

Balachandra Menon respond about bhagyalekshmi issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES