മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് തന്റെ അറുപത്തിയൊന്നാം പിറന്നാൾ. വളരെ ലളിതമായിട്ടായിരുന്നു താരത്തിന് തന്നെ പിറന്നാൾ ആഘോഷം.
രാജ്യം വീണ്ടും ഒരു പ്രതിസന്ധിയിലൂടെ കൊവിഡ് രണ്ടാം തരംഗത്തിൽ കടന്നു പോകുമ്പോൾ കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക്് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ ഒന്നരക്കോടി രൂപയിലധികമുള്ള സഹായമെത്തിക്കുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ തന്റെ അറുപതിയൊന്നാം പിറന്നാൾ ദിനമായ ഇന്നലെ ഈ സഹായം പ്രഖ്യാപിച്ചത്. വിശ്വശാന്തി തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ മോഹൻലാൽ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ ആണ് . കേരളത്തിലെ ആശുപത്രികളിൽ ഈ ഫൗണ്ടേഷൻ വഴി മോഹൻലാൽ എത്തിക്കുന്നത് ഓക്സിജൻ ലഭ്യതയുള്ള 200 ഇൽ അധികം കിടക്കകളും വെന്റിലേറ്റർ സൗകര്യമുള്ള പത്തോളം െഎ.സിയു ബെഡുകളുമാണ് .
മോഹൻലാലിനെ നായകനാക്കി അണിയറയിൽ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, എമ്പുരാൻ, റാം എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം. മാത്രമല്ല അദ്ദേഹം ആദ്യമായി സംവിധായക കുപ്പായമണിയുന്ന ബാരോസ് എന്ന ചിത്രവും വരും വര്‍ഷങ്ങളിൽ ഒരുങ്ങുന്നുണ്ട്. നിരവധി പേരായിരുന്നു താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നത്.