സീനിയര്‍ നടിമാരില്‍ ഒരാളാണ് ഷീല. നമ്മൂടെ സ്വന്തം ഷീലാമ്മ. 1962 ല്‍ വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യം അറിയിച്ച താരം പിന്നീട് മലയാള സിനിമയില്‍ തിളങ്ങുകയായിരുന്നു. തന്റെ സിനിമകളിലൂടെ മികച്ച നടിയാണെന്ന് പല തവണ താരം തെളിയിച്ചു. എന്നാല്‍ ഇപ്പോള്‍ താന്‍ മികച്ച ഒരു നടി മാത്രമല്ല നല്ലൊരു ചിത്രകാരികൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഷീല. തിരുവനന്തപുരത്ത് നടക്കുന്ന ഷീലയുടെ ചിത്ര പ്രദര്‍ശനം നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്.
സിനിമയില്‍ ഇപ്പോഴും സജീവമായ താരം സിനിമ തിരക്കുകള്‍ ഉണ്ടെങ്കിലും ചിത്രം വരക്കാനും സമയം കണ്ടെത്തിയിരുന്നു. അങ്ങനെ താരം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാണ് തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടക്കുന്നത്. ഒഴിവ് സമയങ്ങളിലാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. അങ്ങനെ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറിന് മുകളില്‍ വന്നപ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താരം പ്രദര്‍ശനത്തിന് ഒരുങ്ങിയത്.
പ്രകൃതിയും മനുഷ്യരുമൊക്കെ പ്രമേയമാകുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. മാത്രമല്ല അഭിനയ ജീവിതത്തില്‍ താരത്തെ സ്വാധീനിച്ച സ്ഥലങ്ങള്‍ ആചാരങ്ങള്‍ എന്നിവയും വരകളായ് വിരിഞ്ഞിട്ടുണ്ട്. മനുഷ്യ ജീവിതത്തിലെ അവസ്ഥകളുടെ നേര്‍ചിത്രമാണ് ഓരോ ചിത്രങ്ങളും. പ്രണയം, വിരഹം, തുടങ്ങിയ അവസ്ഥകളെ ക്യാന്‍വാസില്‍ പകര്‍ത്തിവെച്ചിട്ടുണ്ട് . പ്രത്യേകിച്ച് തമിഴ്നാട്ടിലെ ജീവിതരീതിയും ആചാരങ്ങളും ഷീലയുടെ ചിത്രങ്ങളില്‍ കാണാം. ഓയില്‍, വാട്ടര്‍ കളര്‍, അക്രിലിക് എന്നീ മാധ്യമങ്ങളിലൂടെയാണ് ഒരോ അവസ്ഥകളെയും ചിത്രങ്ങളാക്കി മാറ്റിയത്.
ജൂലൈ 26ന് തുടക്കമിട്ട പ്രദര്‍ശനം 28ന് അവസാനിച്ചു. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും സോമാ ക്രിയേഷന്‍സും സംയുക്തമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5ന് മന്ത്രി എ.കെ.ബാലനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ ഷീലയും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്തിരുന്നു. അഭിനയിക്കുന്നതിനെക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരയിലൂടെ ലഭിക്കുമെന്നും താരം പറഞ്ഞിരുന്നു. ഷീലയുടെ മകനും നടനുമായ ജോര്‍ജ്ജ് വിഷ്ണുവും ചിത്രപ്രദര്‍ശനവേളയില്‍ ശ്രദ്ധാകേന്ദ്രമായി. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് വിഷ്ണു.