എഴുപത്തിയാറാം വയസിലും ആരാധകരെ അമ്പരപ്പിക്കാന്‍ ബിഗ് ബി; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തിരിച്ചറിയാനാകാത്ത മേക്ക്ഓവറുമായി താരം; ഷൂജിത് സര്‍ക്കാരിന്റെ 'ഗുലാബോ സിതാബോ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗം
അമിതാഭ് ബച്ചന്റെ പുതിയ മേക്ക്ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍. ഷൂജിത് സര്‍ക്കാരിന്റെ ' ഗുലാബോ സിതാബോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തിരിച്ചറിയാനാകാത്ത വിധം മാറിയിരിക്കുകയാണ് ബിഗ് ബി. ആയുഷ്മാന്‍ ഖുറാനയും ബച്ചനും ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ലുക്ക് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കണ്ണട ധരിച്ച്, നീണ്ട മൂക്കുമായി ലക്നൗ ഗ്രാമത്തിലെ ഒരു വൃദ്ധനായിട്ടാണ് ഗുലാബോ സിതാബോയില്‍ ബച്ചന്റെ വരവ്. പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ചിത്രം പങ്കു വെച്ചത്.
ആയുഷ്മാന്‍ ഖുറാനയുടെ ആദ്യ ചിത്രമായ വിക്കി ഡോണറും ബച്ചന്റെ പികുവും ്സംവിധാനം ചെയ്തത് ഷൂജിത് സര്‍ക്കാരാണ്. ഈ രണ്ടു ചിത്രങ്ങളും എഴുതിയ ജൂഹി ചതുര്‍വേദി തന്നെയാണ് ഗുലാബോ സിതാബോയും എഴുതുന്നത്. റോണി ലാഹിരിയും ഷീല്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
'ഗുലാബോ സിതാബോ' എന്നത് ലക്നൗവിലെ നാട്ടിന്‍ പുറത്തുള്ള ഒരു ഭാഷാ ശൈലിയാണ്. എന്നാല്‍ ഇതിന് ചിത്രവുമായി എന്ത് ബന്ധമാണുള്ളതെന്നു മനസിലാക്കാന്‍ കാത്തിരിക്കണമെന്ന് ഷൂജിത് സര്‍ക്കാര്‍ പറഞ്ഞു. 2020 ഏപ്രില്‍ 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ആയുഷ്മാന്‍ ഖുറാനയുടെ ആര്‍ട്ടിക്കിള്‍ 15 എന്ന ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും. കൂടാതെ ഡ്രീം ഗേള്‍, ബാല എന്നീ ചിത്രങ്ങളും പുരോഗമിക്കുകയാണ്. ബച്ചന്റെ ബ്രഹമാസ്ത്ര, ജൂംട് എന്നീ ചിത്രങ്ങളും പണിപ്പുരയിലാണ്.