ഇന്നാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹവാര്‍ഷികം. 41ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് ഇപ്പോള്‍ സിനിമാലോകത്ത് നിന്നും ആശംസാ പ്രവാഹമാണ്. മോഹന്‍ലാലിന്റെ സുചിത്രയെ പല പൊതുവേദികളിലും മലയാളികള്‍ കണ്ടിട്ടുണ്ടെങ്കിലും സുല്‍ഫത്തിനെകുറിച്ച് പരിമിതമായ അറിവേ മലയാളികള്‍ക്കുള്ളൂ. സുല്‍ഫത്തിന്റെ അധികമാര്‍ക്കുമറിയാത്ത ജീവിതത്തിലെ ചില കാര്യങ്ങള്‍ നമ്മുക്ക് അറിയാം.
വാപ്പച്ചിയും ഉമ്മച്ചിയുമാണ് വീട്ടിലെ പ്രണയജോടികളെന്ന് നടന്‍ ദുല്ഖര് സല്മാന് പറയാറുണ്ട്. ഇത് സത്യമാണ് താനും. മലയാളത്തിലെ മറ്റ് ഏതെങ്കിലും താരജോഡികള്‍ ഇത്രയും തീവ്രമായി പ്രണയിക്കുന്നുണ്ടോ എന്ന് സംശയമാണ്. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ് സുല്‍ഫത്തിന്റെയും മമ്മൂട്ടിയുടെയും. ഒരു വക്കീലായിരുന്ന മുഹമ്മദ് കുട്ടിയെ മകള്‍ക്ക് വരനായി കണ്ടെത്തിയപ്പോള്‍ സുല്‍ഫത്തിന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല നാളത്തെ സിനിമയിലെ മെഗാതാരമാണ് അദ്ദേഹമെന്ന്. രണ്ടു ചിത്രങ്ങളില്‍ വിവാഹത്തിന് മുമ്പ് മമ്മൂട്ടി അഭിനയിച്ചെങ്കിലും രണ്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. വിവാഹശേഷമാണ് മമ്മൂട്ടി ഒരു നടന്‍ കൂടിയാണ് എന്ന് സുല്‍ഫത്ത് അറിയുന്നത്. സുല്‍ഫത്ത് ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആദ്യമായി നായകനായ മേളയുടെ സെറ്റിലില്‍ സുല്‍ഫത്തിനെ എത്തിച്ചാണ് മമ്മൂട്ടി സുല്‍ഫത്തിനെ താന്‍ നടന്‍ കൂടിയാണ് എന്ന് വിശ്വസിപ്പിച്ചത്. മമ്മൂട്ടിയുടെ സിനിമാപ്രേമം തിരിച്ചറിഞ്ഞ ഭാര്യ അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കിയതോടെയാണ് വക്കീല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം സിനിമകളില്‍ പൂര്‍ണ ശ്രദ്ധകേന്ദ്രീകരിച്ചത്. സുല്‍ഫത്ത് കാരണമാണ് മമ്മൂട്ടി ഒരു നടനായി മാറിയതെന്ന് പറയാം അല്ലെങ്കില്‍ സുല്‍ഫത്താണ് മമ്മൂട്ടിയുടെ ഭാഗ്യമെന്നും. എന്നാല്‍ ഭര്‍ത്താവ് എണ്ണം പറഞ്ഞ നടനായി മാറിയിട്ടും ലളിത ജീവിതമാണ് സുല്‍ഫത്ത് നയിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് എത്തിയ സുറുമിയെയും ദുല്‍ഖറിനെയും സാധാരണകുട്ടികളെ പോലെയാണ് സുല്‍ഫത്ത് വളര്‍ത്തിയത്. അച്ഛനെന്ന നടനും സിനിയും ശാശ്വതമല്ലെന്ന് പറഞ്ഞ് പണം ചിലവാക്കുന്നതില്‍ കരുതല്‍ കാണിക്കാന്‍ സുല്‍ഫത്ത് മക്കളോട് പറയുമായിരുന്നു. പൊതുവേദികളിലും സുല്‍ഫത്ത് അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല.
തന്റെ സ്വഭാവത്തിലും ലോകത്തോടുള്ള കാഴ്ചപ്പാടിലും ഉമ്മച്ചി ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് ദുല്ഖര് സല്മാനും പറഞ്ഞിട്ടുണ്ട്. സിനിമയില് അഭിനയിക്കുന്നതില് നിന്ന് ഉമ്മച്ചി പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. പഠിച്ച് ജോലി നേടണം എന്നാണ് പറഞ്ഞിരുന്നത്. ഉമ്മച്ചി പറയാറുണ്ട്, വാപ്പച്ചി ഭാഗ്യവാനാണ് അദ്ദേഹം പലതും നേടി. പക്ഷേ ഇപ്പോഴുള്ള ആര്ഭാടത്തില് നിങ്ങള് മുഴുകരുതെന്ന്. ഞങ്ങളെ വളര്ത്തിയ രീതിയില് എനിക്ക് അഭിമാനമുണ്ട്. ഇപ്പോഴും പണം ചെലവാക്കുമ്പോള് ഉമ്മച്ചി ഒന്ന് തുറിച്ച് നോക്കും. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറാനാണ് ഞങ്ങളെ പഠിപ്പിച്ചതെന്നുമാണ് ദുല്‍ഖര്‍ ഉമ്മയെ പറ്റി പറഞ്ഞിരുന്നത്.
മമ്മൂട്ടിക്കാകട്ടെ 41 വര്‍ഷങ്ങള്‍ക്കിപ്പുറവും സുല്‍ഫത്തിനോട് നിറഞ്ഞ സ്‌നേഹം മാത്രമാണ് ഉള്ളത്. എനിക്ക് ഒരേ ഒരു പെണ്‍ സുഹൃത്തെ ഉള്ളൂ അത് സുല്‍ഫത്താണെന്ന് മമ്മൂട്ടി പൊതുവേദിയിലും പറഞ്ഞിട്ടുണ്ട്. വക്കീല്‍ പ്രാക്ടീസിനിടെ സുല്‍ഫത്തിനെ വിവാഹം ചെയ്യുന്നതിന് മുമ്പുള്ള ഒരു സംഭവമാണ് ഭാര്യയെ ഇത്രയും തീവ്രമായി സ്‌നേഹിക്കാന്‍ കാരണമെന്നും നടന്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. വക്കീലായിരുന്നപ്പോള്‍ പിരിയാന്‍ ആഗ്രഹമില്ലാഞ്ഞിട്ടും ഡിവോഴ്‌സിനായി തന്റെ അടുത്ത വന്ന വൃദ്ധ ദമ്പതികളുടെ സ്‌നേഹം തന്റെ മനസിനെ സ്വാധീനിച്ചെന്നും വിവാഹം കഴിച്ചാല്‍ തന്റെ ഭാര്യയെയും തീവ്രമായി സ്‌നേഹിക്കുമെന്ന് അന്നേ ഉറപ്പിച്ചതാണെന്നുമാണ് താരം പറഞ്ഞത്. ഇപ്പോഴും സുല്‍ഫത്തിന് മമ്മൂട്ടി സ്‌നേഹിക്കുന്നതും അങ്ങനെ തന്നെ. കുടുംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്നാണ് സുല്‍ഫത്ത് പറയാറുള്ളത്. കംപ്ലീറ്റ് ഫാമിലി മാനാണ് വീട്ടിലെത്തുമ്പോള്‍ മമ്മൂട്ടിയെന്നും താരപത്‌നി പറയാറുണ്ട്. വീട്ടുകാരുടെ കാര്യത്തില്‍ വലിയ കരുതലാണ് മമ്മൂട്ടിക്കുള്ളത്. അതിനെ പറ്റി താരം പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. സുല്‍ഫത്ത് കെട്ടിയത് ഒരു വക്കീലിനയാണ് ഒരു നടനെയല്ല. വക്കീലായിരുന്നെങ്കില്‍ ജോലി കഴിഞ്ഞ് തിരികേ വീട്ടിലെത്തി സന്തോഷമായി ജീവിക്കാം. എന്നാല്‍ നടനായാല്‍ അങ്ങനെ പറ്റില്ല. അതുകൊണ്ട് അതിനനുസരിച്ച് കരുതല്‍ വീട്ടുകാരോട് കാണിക്കണം എങ്കിലേ കുടുംബഭദ്രത കൈവരൂ എന്നാണ് നടന്‍ പറഞ്ഞത്. ദുല്‍ഖറിനും മകള്‍ സുറുമിക്കും ഭര്‍ത്താവ് മമ്മൂട്ടിക്കും ഇന്ന് എവിടെയെങ്കിലും എത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് സുല്‍ഫത്തിന്റെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും ത്യാഗത്തിന്റെ കൂടി ഫലമാണ്. സുല്‍ഫത്തിനും മമ്മൂട്ടിക്കും വിവാഹവാര്‍ഷിക ആശംസകള്‍..