പ്രേക്ഷകർ ഒന്നടങ്കം മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ആക്ഷന്‍ രംഗങ്ങളെല്ലാം ഏറ്റെടുത്തിരുന്നതാണ്. പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു ചിത്രം സംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ മയില്‍വാഹനം ഐപിഎസിന്റെ നെഞ്ചില്‍ കാല്‍ച്ചവിട്ടി നില്‍ക്കുന്ന ആ മാസ് രംഗവും എല്ലാം തരംഗമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ലൂസിഫറിലെത് പോലെ സമാനമായൊരു രംഗം നടി ശോഭനയും അവതരിപ്പിച്ചിരുന്നു.
ആരും ശ്രദ്ധിക്കാതെ പോയ ശോഭനയുടെ ആ രംഗമുണ്ടായിരുന്നത് സിദ്ധിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഹിറ്റ്‌ലറിലാണ്. ശോഭന ഹിറ്റ്‌ലർ എന്ന ചിത്രത്തിലൂടെ നൃത്തം മാത്രമല്ല അസാമാന്യമായ മെയ്വഴക്കത്തോടെ ആക്ഷന്‍ രംഗങ്ങളും ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ അവിചാരിതമായി ഹിറ്റ്‌ലറില്‍ ശോഭനയുടെ ഈ രംഗം കണ്ട ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജോസ് മോന്‍ എന്ന പ്രേക്ഷകന്‍ ആണ് ഫേസ്‌ബുക്കിലെ സിനിമാ പ്രേമികളുടെ ഗ്രൂപ്പായ എംത്രീഡിബിയിലാണ് ഇതേ കുറിച്ചുളള എഴുത്തുമായി എത്തിയത്.
ചുമ്മാ ഒരു രസത്തിന് ഹിറ്റ്‌ലര്‍ സിനിമ വീണ്ടും കണ്ടിരിക്കുമ്പോഴാണ് ഈ ഒരു സീന്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇന്നസെന്റും കൊച്ചിന്‍ ഹനീഫയും കൂടി ശോഭനയെ പിടിച്ചുകൊണ്ട് വന്നിട്ട് അവസാനം ബലമായി തിരിച്ചുകൊണ്ടുപോയി വിടാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ വരില്ലാ എന്നും പറഞ്ഞ് ശോഭന എതിര്‍ത്തുകൊണ്ടുളള ഈ സീന്‍.
രണ്ട് പേരും ചേര്‍ന്ന് വലിക്കുമ്പോള്‍ വാതിലിന്റെ കട്ടിളപ്പടിയില്‍ ചവിട്ടിപ്പിടിച്ചൊരു പ്രകടനം. അതും ഇന്നസെന്റിന്റെ കഴിത്തിനൊപ്പം ആണ് ശോഭന കാലുകൊണ്ട് ചവിട്ടിപ്പിടിച്ചിരിക്കുന്നത് എന്ന് കണ്ടപ്പോ അന്തം വിട്ടു രണ്ട് മൂന്ന് തവണ കണ്ടുനോക്കി. ഇത്ര ഈസിയായിട്ട അത്ര ഉയരത്തില്‍ ചവിട്ടിപ്പിടിച്ചിരിക്കുന്ന മെയ്വഴക്കം.
ശരിയാണ് ശോഭനയുടെ ഡാന്‍സിലൂടെ ഈ മെയ്വഴക്കം പലതവണ തെളിയിപ്പെട്ടിട്ടുളളതാണ്. നമ്മള്‍ കണ്ടിട്ടുളളതാണ്. എന്നാല്‍ മലയാള സിനിമയില്‍ ഈ ഒരു കഴിവിനെ ഉപയോഗിച്ചിട്ടില്ല എന്ന് തോന്നുന്നു. ശരിയല്ലെ". അതേസമയം ഹിറ്റ്‌ലര്‍ പലതവണ കണ്ടിട്ടുണ്ടെങ്കിലും ശോഭനയുടെ ഈ സംഘടനരംഗം വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് ആരാധകരും പറയുന്നത്.
1996ലായിരുന്നു മമ്മൂട്ടി നായകവേഷത്തില്‍ എത്തിയ ഹിറ്റ്‌ലര്‍ പുറത്തിറങ്ങിയിരുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിക്കൊപ്പം മുകേഷ്, ശോഭന, സുചിത്ര മുരളി, സായികുമാര്‍, ജഗദീഷ്, വാണി വിശ്വനാഥ് തുടങ്ങിയവരായിരുന്നു സിനിമയില്‍ വേഷങ്ങളില്‍ എത്തിയിരുന്നത്. ലാലും ഔസേപ്പച്ചന്‍ വാളക്കുഴിയും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ ചിത്രത്തിന് ലഭിക്കാറുളളത്. സംവിധായകന്‍ സിദ്ധിഖിന്റെ വലിയ വിജയചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്.