അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടൻ ആന്റണി വര്‍ഗീസ്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സുശാന്ത് സിംഗ് രജ്പുത്തിന്റെ വലിയ ആരാധകനായിരുന്നു താനെന്ന് തുറന്ന് പറയുകയാണ് ആന്റണി വര്‍ഗീസ്. പ്രിയ താരത്തോടുളള ഇഷ്ടം ഫേസ്ബുക്കിലൂടെയായിരുന്നു നടൻ പറഞ്ഞിരിക്കുന്നത്.ഓണ്‍ലൈനില്‍ ദില്‍ബേച്ചാര എന്ന സിനിമ റിലീസ് ചെയ്യുമ്പോള്‍ വളരെ വേദനയോടെയാണ് അത് കാണാന്‍ ഒരുങ്ങുന്നതെന്നും ആന്റണി പറഞ്ഞു. . "ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട്. അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ്. പക്ഷെ ഇന്ന് ഒരു സിനിമ ആദ്യ ഷോ കാണാന്‍ പോകുകയാണ്, പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാന്‍ ഇരിക്കുന്നത്.
സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ദില്‍ബേച്ചാരയാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്റെ ആദ്യ ഷോ കാണാന്‍ താല്പര്യം ഉണ്ടായിരുന്നു, പക്ഷെ ഇങ്ങനെയാകും എന്ന് അറിഞ്ഞില്ല. കൈപോച്ചേ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയതാണ്. അത് പിന്നീട് ഓരോ സിനിമ കഴിയുന്തോറും കൂടി കൂടി വന്നു. അവസാനം 'ചിച്ചോരേ' നമ്മള്‍ എപ്പോഴെങ്കിലും ഒന്ന് ഡൌണ്‍ ആയാല്‍ ഇരുന്നു കാണും, ഒരു പോസിറ്റീവ് വൈബിനായി.
സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്റ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചതും. അത്രക്ക് ആരാധനയായിരുന്നു. എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല, പക്ഷെ ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല. സിനിമ ഉള്ളടത്തോളം കാലം താങ്കളെ ഓര്‍ക്കും. മിസ് യൂ സുശാന്ത് സിംഗ് രജ്പുത്ത്".