മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന് പരിപാടിയാണ് ഗായകന് എംജി ശ്രീകുമാര് അവതരിപ്പിക്കുന്ന പറയാം നേടാം. ഏറ്റവും പുതിയ എപ്പിസോഡില് മിമിക്രി കലാകാരന് ഹരിശ്രീ യൂസഫ് ആയിരുന്നു എത്തിയത്. ഇന്നസെന്റ്, ജഗതി, മുന്മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് , തിലകന് എന്നിവരെ അനുകരിച്ച് കയ്യടി നേടിയ പ്രശസ്തനായ മിമിക്രി കലാകാരനാണ് അദ്ദേഹം.
ഇപ്പോഴിത ജീവിതത്തിലെ വിഷമഘട്ടത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. കൊവിഡ് കാലം ജീവിതത്തില് സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ചും തട്ടിപ്പിന് ഇരയായതിനെ കുറിച്ചും ഷോയിലൂടെ വെളിപ്പെടുത്തുകയാണ്. കയ്യിലുണ്ടായ പൈസയൊക്കെ വെച്ച് കോവിഡിന് മുന്പ് ഒരു കച്ചവടം തുടങ്ങി. ബേക്കറിയും ലേഡി സ്റ്റോറുമായിരുന്നു തുടങ്ങിയത്.
ബേക്കറിയോട് ചേര്ന്ന് തന്നെയായിരുന്നു ലേഡി സ്റ്റോറും. ഹല്വയും മറ്റ് മധുര പലഹാരങ്ങളും എടുത്ത് വെച്ചിരുന്നു. അതില് ഉറുമ്പ് അരിക്കാന് തുടങ്ങിയതോടെ ബേക്കറി പൂട്ടി. പിന്നീട് ആ കട സ്റ്റേഷനറി ആക്കി. കുറച്ച് ബാഗുകള് അവിടെ തൂക്കിയിരുന്നു. കടയില് തൂക്കിയിട്ടിരുന്ന ബാഗില് എലി കയറി അതിനെ നശിപ്പിച്ചു. അതോടെ സ്റ്റേഷനറി കടയും പൂട്ടി.
കടകള് പൂട്ടിയിരുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിനായി ഒരു സുഹൃത്ത് വിളിക്കുന്നത്. ചെന്ന് പരിചയപ്പെട്ടു ബന്ധമായി. അങ്ങനെ ഒരു ദിവസം നമുക്ക് ഒരു ഹോം അപ്ലയന്സ് തുടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ അയാളെ വിശ്വസിച്ചുകൊണ്ട് ഉള്ള കാശ് മുഴുവനും ഞാന് അതില് കൊണ്ടുപോയി നിക്ഷേപിച്ചു. കടമായിട്ടാണ് കൊടുത്തത്. ഒരു വര്ഷം കൊണ്ട് 28 ലക്ഷത്തോളം കൊടുത്തു. ഭാര്യ വരെ പറഞ്ഞതാണ് കൊടുക്കണ്ട എന്ന്. പക്ഷെ നഷ്ടം സംഭവിച്ചു.
കുറെക്കാലം കഴിഞ്ഞപ്പോള് ആയാള് ഫോണ് എടുക്കാതെ ആയി. അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് കാരനാണെന്ന് മനസ്സിലാവുന്നത്. നിലമ്പൂരുള്ള നിരവധി ആളുകളെ ഇയാള് പറ്റിച്ചിട്ടുണ്ട്. കോടതിയില് കേസ് നടക്കുകയാണ്. തെളിവുകളും കാര്യങ്ങളുമൊക്കെ നമ്മുടെ കയ്യിലുണ്ട് . ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്. തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഹരിശ്രീ യൂസഫ് പറയുന്നു