Latest News

ഹസീന എന്ന പേര് മാറ്റി ഉഷയാക്കിയതിന് ബന്ധുക്കള്‍ക്കും സമുദായത്തിലുമെല്ലാം എതിര്‍പ്പ് ഉണ്ടായി; മമ്മൂക്ക അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ഞാനും കേട്ടിരുന്നു; ഡാന്‍സ് ക്ലാസും പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായ കീരിടത്തിലെ നടി വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
topbanner
ഹസീന എന്ന പേര് മാറ്റി ഉഷയാക്കിയതിന് ബന്ധുക്കള്‍ക്കും സമുദായത്തിലുമെല്ലാം എതിര്‍പ്പ് ഉണ്ടായി; മമ്മൂക്ക അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ഞാനും കേട്ടിരുന്നു; ഡാന്‍സ് ക്ലാസും പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു;  സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായ കീരിടത്തിലെ നടി വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

90കളില്‍ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മനസില്‍ ഇടംനേടിയ നടിയാണ് ഉഷ. മോഹന്‍ലാല്‍ നായകനായെത്തിയ കിരീടത്തിലും ചെങ്കോലിലും വളരെ പ്രധാനപ്പെട്ട റോളുകള്‍ ചെയ്ത നടി അടുത്തിടെ സോഷ്യല്‍മീഡിയ വഴി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ഒരാളുടെ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. 90കളില്‍ മോഹന്‍ലാലിനൊപ്പം തിളങ്ങിയ നടിയെ മനസിലായോ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ഇപ്പോളിതാ വൈറലായ വീഡീയോയ്ക്ക് പിന്നാലെ തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ്.ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഹസീന എന്ന തന്റെ പേര് മാറ്റി ഉഷ എന്ന് ആക്കിയതിനെക്കുറിച്ചും താരം ഇതില്‍ പറയുന്നുണ്ട്

ഉഷയുടെ വാക്കുകള്‍

ബാലചന്ദ്ര മേനോന്‍ സാര്‍ എല്ലാ നായികമാരുടെയും പേര് മാറ്റുമായിരുന്നു. അങ്ങനെ എന്റെയും മാറ്റണമെന്ന് പറഞ്ഞു. ആദ്യം പേര് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ പിതാവ് പറഞ്ഞത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരാണ് മോള്‍ക്ക് ഇട്ടത് എന്നായിരുന്നു. പക്ഷേ സാര്‍ പറഞ്ഞു അമ്പലത്തില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ ആ പേര് പ്രശ്‌നമാകുമെന്ന്. അങ്ങനെയാണ് ഉഷ എന്ന് ഇട്ടത്. രണ്ടാമത്തെ സിനിമയ്ക്ക് അത് മാറ്റമെന്ന് പറഞ്ഞെങ്കിലും ഞാന്‍ മാറ്റിയില്ല. ഉഷയെന്ന പേര് ഇട്ടതിന് ബന്ധുക്കള്‍ക്കും സമുദായത്തിലുമെല്ലാം വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ എല്ലാ പേരും എല്ലാവരും ഇടാറുണ്ട്', ഉഷ വ്യക്തമാക്കി.

കിരീടം ചെയ്യുന്ന സമയത്ത് സിനിമയെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. കാരണം സിനിമയിലേക്ക് വന്ന സമയമാണ്. സിബി സാര്‍ പറയുന്നു ഞാന്‍ ചെയ്യുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ചെങ്കോല്‍ പക്ഷെ അതും കഴിഞ്ഞ് മൂന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടാണ് വരുന്നതെന്ന് ഉഷ പറയുന്നു. ആ സമയത്ത് ഞാന്‍ പാടിയ ഒരു ഓഡിയോ കാസറ്റ് ഒക്കെ റിലീസ് ചെയ്യുന്നത് ആ സമയത്താണ്. കാസറ്റ് റിലീസ് ചെയ്യുന്നത് ലാലേട്ടന്‍ ആണ്. ആ സമയം ആയപ്പോഴേക്കും ഞാന്‍ കുറേ സിനിമകള്‍ ഒക്കെ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗം ആദ്യം തന്നെ അവര്‍ പ്ലാന്‍ ചെയ്തതായിരുന്നു.

'പക്ഷെ ആ സമയം ആയപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഞാനും ഇല്ല പാര്‍വ്വതിയും ഇല്ല. ആ സമയത്ത് ജയറാം-പാര്‍വ്വതി കല്യാണം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നടക്കില്ലെന്ന് കരുതി അവര്‍ അത് പെന്‍ഡിംഗില്‍ വെച്ചതായിരുന്നു എന്നും ഉഷ പറയുന്നു. അത് കഴിഞ്ഞ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ചെങ്കോല്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് സിബി സാര്‍ എന്നോട് പറഞ്ഞത്,' ഉഷ പറഞ്ഞു. സാന്ത്വനം സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. അവിടെ ഒരു പരിപാടിക്ക് പോയപ്പോള്‍ ആലുവ പാലസില്‍ വെച്ച് സിബി സാറിനെ കണ്ടു. അവിടെ വെച്ചായിരുന്നു സാന്ത്വനത്തിന്റെ ഷൂട്ട് നടന്നിരുന്നത്. അപ്പോഴാണ് സിബി സാര്‍ പറഞ്ഞത്, വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയല്ലേ എന്ന്.


നേരത്തെ തന്നെ കിരീടത്തിന്റെ രണ്ടാം ഭാഗം പ്ലാന്‍ ചെയ്തതാണ്. പാര്‍വതിയും കല്യാണം കഴിഞ്ഞു പോയി, ഉഷയും അഭിനയിക്കുന്നില്ല അതുകൊണ്ട് വേണ്ട എന്ന് വെച്ചതാണ് എന്ന് അന്ന് സിബി മലയില്‍ പറഞ്ഞു. അപ്പോഴും സിനിമ ചെയ്യാന്‍ പോകുന്നു എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. അത് കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണിച്ചേട്ടന്‍ വീട്ടില്‍ വന്നിട്ട് പറഞ്ഞു, കിരീടത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുകയാണ് എന്ന്. എനിക്ക് അഡ്വാന്‍സ് തന്നിട്ട് ഡേറ്റ് ബ്ലോക്ക് ചെയ്തു. ആ സിനിമയുടെ ലൊക്കേഷന്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കവിയൂര്‍ പൊന്നമ്മ ചേച്ചിയുമായി വലിയ അടുപ്പമാണ്.


ഞങ്ങള്‍ ഒത്തിരി ആസ്വദിച്ച് ചെയ്ത സിനിമയാണ് ചെങ്കോല്‍. കഥ ട്രാജഡിയാണെങ്കിലും ഞങ്ങള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. പവിത്രം എന്ന സിനിമയുടെ സെറ്റില്‍ എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഓഡിയോ കാസറ്റിന്റെ കാര്യം പറയുന്നതിനായി ഞാനും അച്ഛനും കൂടി ലാലേട്ടനെ കാണാന്‍ പോയി. അപ്പോള്‍ ചെങ്കോലിന്റെ ഡബ്ബിംഗും എഡിറ്റിംഗും ഒക്കെ കഴിഞ്ഞിരുന്നു. ഈ സമയത്ത് ലാലേട്ടന്‍ എന്നോട് പറഞ്ഞു, ഉഷ ഗംഭീരമായിട്ടുണ്ട്. ഇത് ഉഷയുടെ സിനിമയാണ് എന്ന് പറഞ്ഞു. അത് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നു എന്നും ഉഷ ഓര്‍ത്തെടുത്തു.

അഭിമുഖത്തില്‍ ഉഷ മമ്മൂട്ടിയെക്കുറിച്ചും മനസു തുറക്കുന്നുണ്ട്. തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്ന വ്യാപകമായി പുറത്തുവന്ന ആരോപണങ്ങളോടാണ് ഉഷ പ്രതികരിച്ചത്. താനും അത് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അത് കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു.


'എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂക്ക ശ്രമിച്ചു എന്ന ഒരു സംഭവം ഞാനും അറിഞ്ഞത് പല സ്ഥലങ്ങളില്‍ വായിച്ചിട്ടാണ്. മമ്മൂക്കയുടെ ഈഗോ കാരണം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നാണ് കണ്ടത്. അതെന്താണ് അങ്ങനെ എഴുതിയത് എന്നാണ് മനസിലാക്കിയത്. ഞാനും ഇങ്ങനെ കേള്‍ക്കുകയും അറിയുകയും ഒക്കെ ചെയ്തിട്ടുണ്ട്,' ഉഷ പറഞ്ഞു.


മമ്മൂക്ക ഇടപെട്ട് ചില സിനിമകല്‍ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി. ഞാന്‍ അത് അന്ന് അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെയാണ് ഞാന്‍ ഇത് പറഞ്ഞത്.


ഇങ്ങനെ ഒരു സംഭവമുണ്ടെന്ന് ആളുകള്‍ പറയുന്നുണ്ടെന്നാണ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത്. അപ്പോള്‍ തന്നെ, ഞാന്‍ ചോദിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്കയും അവിടെ ആ സമയത്ത് ഉണ്ട്. പക്ഷെ ചോദിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അതില്‍ സങ്കടമില്ല. പരാതിയുമില്ല എന്ന് മമ്മൂക്കയോട് പറയണം എന്ന് മാത്രം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു.
ഞാനും മമ്മൂക്കയും ഒക്കെ വിശ്വസിക്കുന്ന പടച്ചവന്‍ ഉണ്ടല്ലോ. അവര് വിചാരിച്ചാലേ എന്തും കിട്ടൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പടച്ചവന്‍ തരേണ്ട എന്ന് വിചാരിച്ച ഒരു കാര്യം ആര് വിചാരിച്ചാലും എനിക്ക് തരാനും പറ്റില്ല, തടുക്കാനും പറ്റില്ല. എന്തായാലും അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ഞാന്‍ അത് ഒഴിവാക്കി വിട്ടു.


ഞാനും എന്തായാലും അങ്ങനെ കേട്ടിട്ടുണ്ട്. അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല. പക്ഷെ അത് ആള്‍ക്കാര്‍ എങ്ങനെ അറിഞ്ഞു എന്നാണ് എനിക്ക് മനസിലാകാത്തത് എന്നും എന്നും ഉഷ പറഞ്ഞു. കോട്ടയം കുഞ്ഞച്ചന്റെ സമയത്താണ് അതിന്റെ ഡയറക്ടര്‍ സുരേഷേട്ടനും ഞാനും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ആ സമയത്ത് എന്റെ അച്ഛനും സുരേഷേട്ടന്റെ അച്ഛനും മമ്മൂക്കയുടെ അടുത്ത് പരാതി പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഈ വിഷയത്തില്‍ മമ്മൂക്ക ഇടപെട്ടിരുന്നു. പക്ഷെ മമ്മൂക്ക സുരേഷേട്ടനെ ഉപദേശിച്ചു. എന്നെ ഉപദേശിക്കാന്‍ അദ്ദേഹത്തിന് പറ്റിയിട്ടില്ല. അത് പക്ഷെ ഒന്നും ഫലം കണ്ടില്ല. ഞങ്ങള്‍ വിവാഹിതരായി. പുള്ളി പറഞ്ഞത് കേള്‍ക്കാത്തതിന്റെ സങ്കടം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നോട് ഒന്നും പുള്ളി പറഞ്ഞിട്ടില്ല. അതും ഇതും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലും അറിയില്ലെന്നും ഉഷ പറയുന്നു.

സ്‌കൂട്ടറിന് പിന്നില്‍ യാത്ര ചെയ്ത് വൈറലായതിനെക്കുറിച്ചും നടി സംസാരിച്ചു. പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുന്നുവെന്നറിഞ്ഞതിലും എന്നോടുള്ള കരുതലുകളും കമന്റുകളില്‍ കണ്ടുവെന്നും തെരഞ്ഞടുപ്പ് തിരക്കിന്റെ സമയത്ത് തിരക്കിന്റെ ഭാഗമായി സഞ്ചരിച്ച് പോയതാണെന്നും നടി പറയുന്നു. ഇടതുപക്ഷ അനുഭാവിയാണ് താനെന്നും ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ടെന്നും ഉഷ പറഞ്ഞു. നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പെപ്പെയുടെ പുതിയ ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി.

മോഹന്‍ലാലുമായി നല്ല ബന്ധമാണ്. ഈ സീസണിലെ ബിഗ് ബോസില്‍ വിളിച്ചിരുന്നു. പക്ഷേ ആ സമയം നല്ല തിരക്കുള്ള സമയമായിരുന്നു. കാരണം ഡാന്‍സ് സ്‌കൂളിന്റെ ഓപ്പണിംഗ് പിന്നെ തിരഞ്ഞെടുപ്പ് അതിന്റെ തിരക്കിലാതിനാല്‍ ഞാന്‍ ആ ഓഫര്‍ വേണ്ടെന്ന് വച്ചു. പിന്നെ വലിയ താല്‍പര്യം ഇല്ലായിരുന്നു ആ ഷോയിലേക്ക് പോകാന്‍',? താരം വിശദമാക്കി.

Read more topics: # ഉഷ
Actress Usha Haseena VEDIO

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES