ഗോവയില്‍ നടക്കുന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിച്ച നടി ആശാ പരേഖിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഇന്ത്യക്കാര്‍ വളരെയധികം പാശ്ചാത്യവത്കരിക്കപ്പെട്ടെന്നും ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹവേളയില്‍പോലും പരമ്പരാഗത വസ്ത്രങ്ങള്‍ ഒഴിവാക്കി പാശ്ചാത്യവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്നും ആണ് ആശാ പരേഖ് പങ്ക് വച്ചത്. കൂടാതെ തടിച്ച സ്ത്രീകള്‍ പോലും പാശ്ചാത്യവസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. 2020ലെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നടി.
എല്ലാം മാറി. ഇന്ന് നിര്‍മിക്കുന്ന സിനിമകള്‍ പോലും. നമ്മള്‍ വളരെയധികം പാശ്ചാത്യവത്കരിക്കപ്പെട്ടു. സ്ത്രീകള്‍ വിവാഹചടങ്ങുകള്‍ക്ക് ഗൗണ്‍ ധരിച്ചുവരുന്നു. നമുക്ക് ഘാഘരാ- ചോളി, സല്‍വാര്‍- കമ്മീസ്, സാരി തുടങ്ങിയ വസ്ത്രങ്ങളുണ്ട്. നിങ്ങള്‍ അവ ധരിക്കൂ. എന്തുകൊണ്ടാണ് നിങ്ങള്‍ അവ ധരിക്കാത്തത്? സ്‌ക്രീനില്‍ കാണുന്ന നായികമാരെ അനുകരിക്കാന്‍ ശ്രമിക്കുകയാണവര്‍. വണ്ണമുള്ളവരായാലും അല്ലെങ്കിലും അതുതന്നെ ധരിക്കുമെന്ന് ശഠിക്കുന്നു. തടിച്ച സ്ത്രീകള്‍ പോലും പാശ്ചാത്യവസ്ത്രങ്ങള്‍ തനിക്ക് യോജിക്കുമോയെന്ന് ചിന്തിക്കുന്നില്ല.
ഇത്തരം പാശ്ചാത്യവത്കരണം കാണുമ്പോള്‍ ദുഃഖം തോന്നുന്നു. നമുക്ക് മഹത്തായ സംസ്‌കാരമുണ്ട്, നൃത്തമുണ്ട്, സംഗീതമുണ്ട്, എന്നാലും എല്ലാവരും പോപ് സംഗീതത്തിന്റെ പുറകേയാണ്'; പരിപാടിയില്‍ സംസാരിക്കവേ ആശാ പരേഖ് പറഞ്ഞു.
ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ആശാ പരേഖ്. 60കളിലെയും 70കളിലെയും ഏറ്റവും മികച്ച നായിക. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയിരുന്ന നായികയും ആശാ പരേഖായിരുന്നു. പത്താം വയസില്‍ ബാലതാരമായി സിനിമയിലെത്തിയ താരം നിരവധി ഹിന്ദി-ഗുജറാത്തി- പഞ്ചാബി സിനിമകളുടെ ഭാഗമായി. 1992ല്‍ രാജ്യം അവരെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.