ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി ഒരു വലിയ പാര്‍ട്ടി നടത്തിയത് വാര്‍ത്തയായിരുന്നു. ഷാരൂഖ് ഖാന്‍, ഐശ്വര്യ, കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍.
ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ ദീപാവലി പാര്‍ട്ടിക്കിടെ നടന്ന ഒരപകട വാര്‍ത്തയും ഇപ്പോള്‍ ചര്‍ച്ചയായി കഴിഞ്ഞു.
ആഘോഷത്തിനിടയില്‍ ഒരു അപകടമുണ്ടായെന്നും ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു.
പെട്ടെന്നുള്ള തീപിടുത്തത്തില്‍ എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍ ഷാരൂഖ് ഓടി അര്‍ച്ചനയ്ക്കരികിലെത്തി. തുടര്‍ന്ന് ഒരു ജാക്കറ്റ് ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.ചെറിയ രീതിയില്‍ ഷാരൂഖിന് പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് അര്‍ച്ചനയെ രക്ഷിക്കണമെന്ന ചിന്ത മാത്രമേ താരത്തിനുണ്ടായിരുന്നുള്ളുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അര്‍ച്ചനയെ ഉടന്‍ തന്നെ മുംബയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് അമിതാഭ് ബച്ചന്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത്. നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോഴും ആശുപത്രിയിലാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. അതിനാല്‍ അതിഥികളില്‍ പലരും പിരിഞ്ഞു പോയിരുന്നു. 20 വര്‍ഷമായി ഐശ്വര്യയ്‌ക്കൊപ്പമുള്ള ആളാണ് അര്‍ച്ചന.