Latest News

'എട മോനെ' ഒഴികെ ബാക്കിയെല്ലാം 'ജിബ്രിഷ്' പാട്ട്'; ജയിലറിലെ പുതിയ പാട്ടിനെതിരായ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി ഗാനരചയിതാവ് അരുണ്‍രാജ് കാമരാജ് 

Malayalilife
 'എട മോനെ' ഒഴികെ ബാക്കിയെല്ലാം 'ജിബ്രിഷ്' പാട്ട്'; ജയിലറിലെ പുതിയ പാട്ടിനെതിരായ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി ഗാനരചയിതാവ് അരുണ്‍രാജ് കാമരാജ് 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 'ജയിലര്‍ 2'വിലെ ആദ്യഗാനം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗാനരചയിതാവ് അരുണ്‍രാജ് കാമരാജ്. അനിരുദ്ധ് രവിചന്ദര്‍ ഈണം നല്‍കി ആലപിച്ച 'അല്ല ബോലെലോ' എന്ന ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് അരുണ്‍രാജാണ്. ഗാനം പുറത്തിറങ്ങിയതുമുതല്‍ പാട്ടിലെ മലയാളം വാക്കുകളുടെ ഉച്ചാരണത്തെച്ചൊല്ലി വലിയ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പ്രൊമോയില്‍ കേള്‍ക്കുന്ന മലയാളം വരികളുടെ ഉച്ചാരണം തെറ്റാണെന്നും അത് കേള്‍ക്കാന്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് പ്രേക്ഷകരുടെ പ്രധാന പരാതി. 

എന്നാല്‍ ഈ വിമര്‍ശനങ്ങളിലെല്ലാം വ്യക്തത വരുത്തിയാണ് ഗാനരചയിതാവ് ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. 'അല്ല ബോലെലോ' ഗാനത്തിലെ വരികള്‍ക്ക് പ്രത്യേക അര്‍ഥമൊന്നുമില്ലെന്നും അത് എങ്ങനെ വേണമെങ്കിലും ഉച്ചരിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 'സിനി ഉലകത്തിന്' നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍രാജ് ഇക്കാര്യം വ്യക്തമാക്കിയത്. അതൊരു 'ജിബ്രിഷ്' പാട്ട് (അര്‍ഥമില്ലാത്തതോ മനസ്സിലാക്കാന്‍ പറ്റാത്തതോ ആയ ഭാഷ) മാത്രമാണെന്നും അദ്ദേഹം പറയുന്നു. 

പാട്ട് ജിബ്രിഷ് ആയിരിക്കണമെന്നും അതിന്റെ സൗണ്ടിങ് നന്നായാല്‍ മതിയെന്നുമാണ് സംവിധായകന്‍ നെല്‍സണ്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്ന് അരുണ്‍രാജ് വെളിപ്പെടുത്തുന്നു. തനിക്ക് മലയാളം അറിയില്ലെന്നും പാട്ടിന്റെ വലിയൊരു ഭാഗവും അര്‍ഥമില്ലാത്ത ഇത്തരം വാക്കുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 'കൊലമാവ് കോകില' എന്ന സിനിമയിലെ 'കബിഷ്‌കബാ' എന്ന പാട്ടിന്റെയും, ആദ്യ ഭാഗത്തിലെ 'കാവാലാ' പാട്ടിന്റെയും ഫീല്‍ ഒന്നിച്ചുചേര്‍ത്താല്‍ കിട്ടുന്ന അനുഭവമാണ് 'അല്ല ബോലെലോ'യ്ക്ക് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

പാട്ടിനൊരു പ്രത്യേക താളമുണ്ടായിരിക്കണം എന്നും, പാടുന്നവര്‍ക്ക് അതിന്റെ അര്‍ഥമൊന്നും ആലോചിക്കാതെ സന്തോഷത്തോടെ ഏറ്റുപാടാന്‍ കഴിയണം എന്നുമുള്ള രീതിയിലാണ് വരികള്‍ തയ്യാറാക്കിയത്. ഇതൊരു പ്രത്യേക ഭാഷയാണെന്ന് വിചാരിച്ചതുകൊണ്ടാണ് പലര്‍ക്കും അതില്‍ എതിര്‍പ്പ് തോന്നിയത്. ഇതൊരു ഭാഷയല്ലെന്നും, കേള്‍ക്കുന്നവര്‍ക്ക് ആ 'വൈബ്' കിട്ടണം എന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. 

ആരെയും നിന്ദിക്കാനോ അധിക്ഷേപിക്കാനോ ഇതിലൂടെ ഉദ്ദേശിച്ചിട്ടില്ല. കേരളത്തിന്റെ ഒരു ഭാഗത്ത് നടക്കുന്ന കഥാസന്ദര്‍ഭമായതിനാലാണ് പാട്ടിന്റെ സൗണ്ടിങ് ആ രീതിയില്‍ ചെയ്തത്. ആ ശബ്ദമികവ് കേട്ടായിരിക്കണം അത് മലയാളമാണെന്ന് പലരും തെറ്റിദ്ധരിച്ചത്. പാട്ടില്‍ 'എട മോനെ' തുടങ്ങിയ ചുരുക്കം ചില വാക്കുകള്‍ മാത്രമേ ശരിയായ മലയാളത്തിലുള്ളൂ. ബാക്കിയൊക്കെയും കേവലം ജിബ്രിഷ് മാത്രമാണെന്നും അരുണ്‍രാജ് കൂട്ടിച്ചേര്‍ത്തു.

arunraj kamaraj reacts on ala bolelo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES