ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ അക്ഷയ് കുമാർ. ആരാധകർക്കും മാദ്ധ്യമങ്ങൾക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈർഘ്യമുളള വീഡിയോ സന്ദേശത്തിൽ എല്ലാവ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും എന്നാൽ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നുമാണ് താരം തുറന്ന് പറയുന്നത്. ബോളിവുഡിൽ ലഹരിമരുന്ന് ഉപയോഗം നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടർന്ന് വ്യാപകമാണെന്ന ആക്ഷേപത്തെത്തുടർന്നാണ് അക്ഷയ് കുമാർ പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയത്.‘മറ്റ് വ്യവസായങ്ങളിൽ എന്നപോലെ ബോളിവുഡിലും ലഹരിമരുന്ന് പ്രശ്നമുണ്ട്. എന്നാൽ എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്നു കരുതരുത്. കുറച്ച് ആഴ്ചകളായി ചില കാര്യങ്ങൾ പറയണമെന്ന് ആഗ്രഹിച്ചിരുന്നു.
സിനിമ എല്ലായ്പ്പോഴും സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പല പ്രശ്നങ്ങളും അത് ഉന്നയിക്കുന്നുണ്ട്. അത് ഇനിയും തുടരുകതന്നെ ചെയ്യും. സുശാന്തിന്റെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങൾ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു. ബോളിവുഡിൽ നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിലർ ഉണ്ടെന്നത് സത്യമാണ്. എല്ലായിടത്തും ഇത്തരത്തിലുളള ചിലരുണ്ട്. അങ്ങനെയെന്നുകരുതി എല്ലാവരും ഇത്തരം പ്രശ്നങ്ങൾ ഉളളവരാണെന്ന് കരുതരുത്.
അന്വേഷണ ഏജൻസികളും പൊലീസും നടത്തുന്ന അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. സിനിമാരംഗത്തെ എല്ലാവരും ഇതുമായി സഹകരിക്കും. സിനിമാ വ്യവസായത്തെ മുഴുവൻ ഒരേ ലെൻസ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് ശരിയല്ല' എന്നുമാണ് വിഡിയോയിലൂടെ അക്ഷയ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്.