മലയാളികളുടെ പ്രിയപ്പെട്ട ഗാനമാണ് മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിലെ 'ദേവദൂതര്‍ പാടി' എന്നത്. ഔസേപ്പച്ചന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ മലയാളികളുടെ പ്രിയപ്പെട്ട ഗാനം വീണ്ടും റിപ്രൊഡ്യൂസ് ചെയ്തിരിക്കുകയാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഗാനത്തിന്റെ പ്രധാന ആകര്‍ഷണമെന്നത് കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തമാണ്.
വേറിട്ട രൂപഭാവങ്ങളും റോക്ക് ഡാന്‍സുമായി സ്‌ക്രീനില്‍ നിറയുന്ന ചാക്കോച്ചനാണ് ഈ വീഡിയോയിലെ താരം. പെരുന്നാള്‍ ആഘോഷവേദിയില്‍ ഒരുകൂട്ടം ഗായകര്‍ ദേവദൂതര്‍ പാടിയെന്ന എവര്‍ഗ്രീന്‍ ഗാനം തകര്‍ത്തു പാടുമ്പോള്‍, ആള്‍ക്കൂട്ടത്തിനിടയില്‍ പാട്ടില്‍ ലയിച്ച് അര്‍മാദിക്കുന്ന നായകനായാണ് ചാക്കോച്ചന്‍ പാട്ടുരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ചാക്കോച്ചന്റെ ഡാന്‍സ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡ്ലിലൂടെ ഗാനം പുറത്തുവിട്ടത്.. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്.
ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. കാസര്‍കോഡന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്കുശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'.
എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 'സൂപ്പര്‍ ഡീലക്സ്'', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.