നിര്‍മ്മാതാവ് ജയ്സന്‍ എളങ്കുളത്തെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്.പനമ്പള്ളി നഗര്‍ സൗത്ത് യുവജന സമാജം റോഡില്‍ ജയിന്‍ വുഡ് ഫോര്‍ഡ് അപ്പാര്‍ട്ട്‌മെന്റ്, 5 ഡിയില്‍ കിടപ്പുമുറിയില്‍ തറയില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജമ്‌നപ്യാരി, ശൃഗാരവേലന്‍, ലവകുശ, ഓര്‍മ്മയുണ്ടൊ ഈ മുഖം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
മരണ കാരണം ഹൃദയാഘാതമെന്നാണു പ്രാഥമിക നിഗമനം. ദുരൂഹതകളില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചു കിട്ടാതെ വന്നതോടെ വിദേശത്തുള്ള ഭാര്യ റുബീന പിതാവിനെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പനമ്പള്ളിനഗറിലെ ഫ്ളാറ്റിലെത്തുകയായിരുന്നു. ഫ്ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
രണ്ടു ദിവസമായി ഫ്ളാറ്റിലേക്കു ഭക്ഷണം വരുത്തിയിരുന്നില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപ ഫ്ളാറ്റിലുള്ളവര്‍ പറയുന്നു. റുബീന ആവശ്യപ്പെട്ടതനുസരിച്ചു റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഫ്ളാറ്റ് തുറക്കുമ്പോള്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ജയ്സനെ കണ്ടെത്തുകയായിരുന്നു. രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും മറ്റുമുള്ള മരുന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്നു. മരുന്ന് അധിക ഡോസ് കഴിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
ജയ്സന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം നാളെ കോട്ടയം ഇളങ്കുളത്തെ വീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരത്തോടെ സംസ്‌കാരം നടത്തും. അതേസമയം, അവസാനം ഇറങ്ങിയ സിനിമ ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നതായി പറയുന്നു. സിനിമയുടെ പേരില്‍ ഒപ്പമുണ്ടായിരുന്നവര്‍ കാര്യമായി ചൂഷണം ചെയ്തിരുന്നതായും അനാവശ്യ പ്രചാരണം നടത്തിയത് ജയ്സനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ജമ്നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിര്‍മ്മാതാവായും ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പോക്കിരി രാജ, ടൂര്‍ണ്ണമെന്റ്, ഒരിടത്തൊരു പോസ്റ്റ്മാന്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, സ്വ.ലേ സ്വന്തം ലേഖകന്‍, വെറുതെ ഒരു ഭാര്യ, പന്തയക്കോഴി, കങ്കാരു, രസികന്‍, കുഞ്ഞിക്കൂനന്‍, മൈ ബിഗ് ഫാദര്‍, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ജയ്‌സന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി സിനിമയില്‍ തന്നെയായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗത്വമുള്ളയാളാണ്. ആര്‍ജെ ക്രിയേഷന്‍സ് എന്ന ഫിലിം പ്രൊഡ്യൂസര്‍ ഉടമയാണ്. ഭാര്യ റുബീന, മകള്‍ പുണ്യ. ഇരുവരും വിദേശത്തായിരുന്നു.