മെഗാസ്റ്റാര്‍ മമ്മുട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിര്‍വഹിക്കുന്ന 'കാതല്‍ ദി കോര്‍' നവംബര്‍ 23 മുതല്‍ തിയറ്ററുകളിലെത്തും.
റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രി-റിലീസ് ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. പതിഞ്ഞ സ്വരത്തില്‍ ഒഴുകുന്ന ടീസര്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നു. ചിത്രത്തിന്റെ പ്രമേയം എന്നായിക്കും എന്ന വലിയൊരു ചോദ്യം കാഴ്ചക്കാര്‍ക്കുള്ളില്‍ ഉരുവാക്കുന്ന വിധത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം 'കാതല്‍ ദി കോര്‍'ലൂടെ അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യന്‍ താരം ജ്യോതിക. 2009-ല്‍ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.
'കണ്ണൂര്‍ സ്‌ക്വാഡ്'ന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന 'കാതല്‍ ദി കോര്‍' പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകന്‍. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രസംയോജനം: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ഗാനരചന: അന്‍വര്‍ അലി, ജാക്വിലിന്‍ മാത്യു, കലാസംവിധാനം: ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: ശബരി.