യുവതാരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി' ട്രെയിലര്‍ എത്തി. അടിമുടി എന്റര്‍ടെയ്‌നറാകും ഈ സിനിമയെന്ന ഉറപ്പു നല്‍കുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. നവംബര്‍ 24 ന് ഈ ചിത്രം തിയറ്ററുകളില്‍ എത്തും.
ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുന്‍നിര താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
എസ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം. ബാദുഷ ആണ് സഹ നിര്‍മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ്ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥന്‍ ആണ്. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.