ഇന്റര്‍നെറ്റ് താരവും ഗായികയുമായ റാണു മണ്ഡലിന്റെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വലിയ വാര്‍ത്തയായിരുന്നു.ഹെവി മേക്കപ്പും തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ റാണുവിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒപ്പം ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു,
റനുവിനെയും റനുവിനെ ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും ട്രോളി നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം എത്തിയിരുന്നത്. എന്നാല്‍, ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍മീഡിയ വഴിയും പ്രചരിച്ചത് റനുവിന്റെ വ്യാജ ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യ. സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത് റനുവിന്റെ വ്യാജ ചിത്രമാണെന്ന് കുറിച്ച സന്ധ്യ, മേക്കോവറിന് ശേഷമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. റനുവിനെ മേക്കപ്പ് ചെയ്ത ഒരുക്കിയത് സന്ധ്യയായിരുന്നു.
'കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകും', സന്ധ്യ കുറിച്ചു.
അന്‍പതുകാരിയായ റാണുവിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ വലിയ രീതിയിലുള്ള പരിഹാസമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനടക്കം നേരിടേണ്ടി വന്നത്..'കണ്ടിട്ട് പേടിയാകുന്നു, നല്ല തമാശയായിട്ടുണ്ട്, ദാരിദ്ര്യത്തില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ നില മറന്നതാണ്' എന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ റനുവിനെതിരെ ഉയര്‍ന്നിരുന്നു. റനുവിനെ പിന്തുണച്ചും ആളുകള്‍ എത്തിയിരുന്നു. മേക്കപ്പിനെ കുറിച്ചോ മേക്ക് ഓവറിനെ കുറിച്ചോ ബോധമുള്ളയാളാണ് റനു മണ്ഡല്‍ എന്ന് കരുതുന്നില്ലെന്നും. അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ മോശമായ രീതിയില്‍ മേക്കപ്പ് ചെയ്ത ആര്‍ട്ടിസ്റ്റിനെയല്ലേ കുറ്റപ്പെടുത്തേണ്ടതെന്നും ആളുകള്‍ പ്രതികരിച്ചിരുന്നു.
റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ എത്തിയ ആളാണ് ഗായിക റാണു മൊണ്ഡല്‍.ലതാ മങ്കേഷ്‌കറുടെ ' ഏക് പ്യാര്‍ കാ നഗ്മ ഹായ്' എന്ന ഗാനം ആലപിച്ചാണ് റാണു താരമായത്. പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷമ്യ'ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ 'ആഷികി മെന്‍ തേരി' എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.


