പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി മാളവിക മോഹനന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് കിട്ടിയത് പോലുളള അവസരങ്ങള്‍ ഇപ്പോഴില്ലെന്നും മാളവിക തുറന്ന് പറയുകയാണ്. മാളവിക ഇക്കാര്യം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കുന്നത്.
മാളവികയുടെ വാക്കുകളിലൂടെ
മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. 2013ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചു, അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന്. അങ്ങനെയാണ് പട്ടംപോലെയില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. അതിനുശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് കിട്ടിയത് പോലുളള അവസരങ്ങള്‍ ഇപ്പോഴില്ല.
മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്ബളങ്ങി നൈറ്റ്സ് ഇതൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. പക്ഷേ സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതി തിരുവോത്ത് അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ വേറെ വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും. അടുത്തതായി പുറത്തിറങ്ങാനുളള മാളവികയുടെ പുതിയ സിനിമ തമിഴിലെ ഇളയദളപതി വിജയിന്റെ നായികയായുളള മാസ്റ്റേഴ്സാണ് .