കൊച്ചി: മലയാള സിനിമയുടെ ഏറ്റവും നല്ല സമയമാണ് ഇപ്പോള്‍. ഒന്നിന് പിറകേ മറ്റൊന്നായി മലയാളം സിനിമയില്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിനിടെ മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച ക്ലാസിക്ക് സിനിമകളും വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നു. ഒരു കാലത്ത് തിയേറ്ററുകള്‍ ആഘോഷമാക്കിയ മംഗലശ്ശേരി നീലകണ്ഠനും ചന്തുവും അടക്കമുള്ള കഥാപാത്രമാണ് വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നത്.
'ഒരു വടക്കന്‍ വീരഗാഥ'യും 'മണിച്ചിത്രത്താഴും' 'ദേവാസുരവും' 'ആറാംതമ്പുരാനും' 'ദേവദൂതന്‍' തുടങ്ങി പത്തോളം സിനിമകളാണ് റീ-റിലീസിനെത്തുന്നത്. എസ്. ക്യൂബ് ഫിലിംസാണ് 'ഒരു വടക്കന്‍ വീരഗാഥ' വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ' മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായ വടക്കന്‍ വീരഗാഥ 35 വര്‍ഷത്തിനു ശേഷമാണ് തിരികെ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമ ബിഗ് സ്‌ക്രീനിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.
31 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴ് വീണ്ടും റിലീസ് ചെയ്യുന്നത് പുതുമ നഷ്ടപ്പെടാതെ സാങ്കേതികവിദ്യകളുപയോഗിച്ച് റീമാസ്റ്ററിങ് ചെയ്താണ്. ജൂലായ് 12നോ ഓഗസ്റ്റ് 17-നോ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഓവര്‍സീസ് അവകാശത്തിനായി വലിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് 'മണിച്ചിത്രത്താഴ്' വീണ്ടും പുറത്തിറക്കുക.
'കാലാപാനി', 'വല്യേട്ടന്‍', 'ദേവാസുരം', 'ആറാംതമ്പുരാന്‍', '1921' തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ നായകനായി 2000-ല്‍ പുറത്തിറങ്ങിയ 'ദേവദൂതന്‍' സിനിമയുടെ ഫോര്‍ കെ എഡിറ്റിങ്ങും ഡി ഐ.ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ 'പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' 15 വര്‍ഷത്തിനു ശേഷം റീ റിലീസ് ചെയ്യാനുള്ള പ്രാഥമിക ജോലികളും ആരംഭിച്ചു കഴിഞ്ഞു.