Latest News

54മത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകര്‍ഷിയുടെ 'ആട്ടം' തിരഞ്ഞെടുത്തു

Malayalilife
54മത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകര്‍ഷിയുടെ 'ആട്ടം' തിരഞ്ഞെടുത്തു

ജോയ് മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ ''ആട്ടം'' ഗോവയില്‍ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) യുടെ ഭാഗമായി  ഇന്ത്യന്‍ പനോരമ, 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍-ഫീച്ചര്‍ ഫിലിമുകളുമാണ്  പ്രഖ്യാപിച്ചത്. ഐ.എഫ്.എഫ്.ഐ 2023 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വച്ച് നടക്കും. 
 
ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദര്‍ഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള ചിത്രം, ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്‌പെന്‍സുകളാണ് ചിത്രത്തിന്റെ പ്രത്യേകത.

ചിത്രം ഇതിനോടകം തന്നെ സിനിമ നിരീക്ഷകര്‍ക്കും ആസ്വാദകര്‍ക്കും ഇടയില്‍ വലിയ പ്രതിഫലനം ഉണ്ടാക്കി കഴിഞ്ഞു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സിലേക്ക് (ഐ.എഫ്.എഫ്.എല്‍. എ) തിരഞ്ഞെടുക്കപ്പെട്ട ചിത്രം മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി അവാര്‍ഡും സ്വന്തമാക്കിയാണ് മടങ്ങിയത്. മികച്ച സംവിധായകന്‍, (പ്രത്യേക ജൂറി) മികച്ച ശബ്ദമിശ്രണം എന്നിവയ്ക്കുള്ള 2023-ലെ ജെ.സി. ഡാനിയല്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള ആദരണീയമായ അംഗീകാരങ്ങളും ആട്ടം നേടിയിട്ടുണ്ട്. 2023-ല്‍ മുംബൈയില്‍ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും 28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും  (ഐ.എഫ്.എഫ്.കെ) ചിത്രം പ്രദര്‍ശിപ്പിക്കും.

 നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകള്‍ക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയില്‍ ''ആട്ട''വും ഇടം പിടിച്ചിട്ടുണ്ടായിരുന്നു. സെറിന്‍ ശിഹാബ് , വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി  എന്നിവരോടൊപ്പം 9 പുതുമുഖങ്ങളുമായി വരുന്ന 'ആട്ടം' ശക്തമായ പ്രകടനങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ.അജിത് ജോയ് ആണ് നിര്‍മാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. 

രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ബേസില്‍ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ ശബ്ദമിശ്രണം നിര്‍വഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിന്‍ നായരും ചേര്‍ന്നാണ്. ശ്രീക് വാര്യരാണ് കളര്‍ ഗ്രേഡിംഗ്.

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകള്‍ യെല്ലോടൂത്സ് ആണ് നിര്‍വഹിച്ചിട്ടുള്ളത്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടര്‍. നിശ്ചല ഛായാഗ്രഹണം രാഹുല്‍ എം. സത്യന്‍. ഷഹീന്‍ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകള്‍. അനൂപ് രാജ് എം. ആണ് ഫിനാന്‍സ് കണ്‍ട്രോളര്‍. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ്, കമ്മ്യുണിക്കേഷന്‍ എന്നിവ നിര്‍വഹിക്കുന്നത്. ജോയ് മൂവീസ് പ്രൊഡക്ഷന്‍ വിതരണം ചെയ്യുന്ന ചിത്രം 2024 ജനുവരിയില്‍   തിയേറ്ററുകളില്‍ എത്തും.

Read more topics: # 'ആട്ടം
Malayalam film Aattam to open the Indian Panorama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES